Begin typing your search above and press return to search.
ബൈജൂസിന് അടുത്ത കുരുക്ക്: ബി.സി.സി.ഐയുമായുള്ള ഒത്തുതീര്‍പ്പിനെതിരെ യു.എസ് കമ്പനി
എഡ്‌ടെക് കമ്പനി ബൈജൂസും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി) ഒത്തുതീര്‍പ്പാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ പരാതി. ബൈജൂസിന് സാമ്പത്തിക സഹായം നല്‍കിയ വിദേശ കമ്പനികളുടെ പ്രതിനിധിയായ ഗ്ലാസ് ട്രസ്റ്റാണ് (glas trust) പരാതിയുമായെത്തിയത്. ഹര്‍ജി സുപ്രീം കോടതി അടുത്തു തന്നെ പരിഗണിച്ചേക്കും.
ബൈജൂസില്‍ 85 ശതമാനത്തോളം നിക്ഷേപം നടത്തിയ ഒരുകൂട്ടം വിദേശ കമ്പനികളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഏജന്റും കൊളാറ്ററല്‍ ഏജന്റുമാണ് ഗ്ലാസ് ട്രസ്റ്റ്. ഈ കമ്പനികളെ കബളിപ്പിച്ച് നേടിയ പണമാണ് ബി.സി.സി.ഐയ്ക്ക് നല്‍കാമെന്ന് അറിയിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു. അമേരിക്കയില്‍ പാപ്പരത്ത നടപടികള്‍ക്ക് വിധേയമായ ബൈജൂസിന്റെ ഉടമകള്‍ക്ക് ഇന്ത്യയിലെത്തുമ്പോള്‍ പണമുണ്ടാകുന്നത് എങ്ങനെയാണെന്നും ഗ്ലാസ് ട്രസ്റ്റിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ചോദിക്കുന്നു. 500 മില്യന്‍ ഡോളര്‍ (ഏകദേശം 4,100 കോടിരൂപ)യാണ് ബൈജു രവീന്ദ്രനും റിജു രവീന്ദ്രനും ചേര്‍ന്ന് അടിച്ചുമാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ആഴ്ചയാണ് ബൈജൂസിനെതിരെയുള്ള പാപ്പരത്ത നടപടികള്‍ നിറുത്തിവച്ചുകൊണ്ട് എന്‍.സി.എല്‍.എ.ടി ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടിലെ കുടിശികയായി 158 കോടി രൂപ ബി.സി.സി.ഐയ്ക്ക് നല്‍കാമെന്നാണ് വ്യവസ്ഥ. ഇതിന്റെ ആദ്യഗഡു കൈമാറുകയും ചെയ്തു. കോര്‍പറേറ്റ് വായ്പക്കാരില്‍ നിന്നുള്ളതല്ലെന്നും സ്വന്തം പണമാണ് തിരിച്ചടയ്ക്കുന്നതെന്നും ബൈജുവും സഹോദരനും കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു.
Next Story
Videos