Begin typing your search above and press return to search.
ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്ക് നേര്‍പകുതിയിലേക്ക്; കാരണം പലതാണ്
ഗള്‍ഫ് പണ വരവിന്റെ വളര്‍ച്ചാ തോതില്‍ ഉണ്ടാകുന്ന ഇടിവ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്കിന്റെ അനുപാതത്തെയും ബാധിക്കും. കഴിഞ്ഞ വര്‍ഷത്തെ ഗള്‍ഫ് പണ വരവ് 7.5 ശതമാനമായിരുന്നത് ഈ വര്‍ഷം അവസാനത്തോടെ 3.7 ശതമാനം ആയി കുറയും. ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധികളാണ് ഇതിന് പ്രധാന കാരണം.
എണ്ണ വിലയിലുണ്ടാകുന്ന ഇടിവ്, ഉത്പാദന മേഖലയിലെ മാന്ദ്യം എന്നീ ഘടകങ്ങള്‍ ഗള്‍ഫില്‍ നിന്ന് അയക്കുന്ന പണത്തിന്റെ തോത് കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെയും യൂറോപ്പിലെയും അനുകൂല സാഹചര്യങ്ങള്‍ ഇന്ത്യയിലേക്കുള്ള വിദേശ പണമൊഴുക്ക് കൂടാന്‍ സഹായകമായിരുന്നു. 2023ല്‍ ഇന്ത്യയിലേക്ക് 120 ബില്യണ്‍ ഡോളര്‍ ആണ് എത്തിയത്.
ഈ വര്‍ഷം 124 ബില്യണ്‍ ഡോളറും 2025ല്‍ 129 ബില്യണ്‍ ഡോളറുമാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ് വിദേശ പണമായി കണക്കാക്കുന്നത്. ഈ പണം ഉപയോഗിച്ചാണ് നാട്ടിലുള്ള കുടുംബങ്ങള്‍ പ്രധാനമായും ജീവിച്ചു പോകുന്നത്. പണമൊഴുക്ക് കുറയുന്നത് സാധാരണക്കാരുടെ ജീവിതത്തെ വരെ ബാധിക്കും.
ലോകത്ത് ഏറ്റവും അധികം വിദേശ പണം എത്തുന്നത് ഇന്ത്യയിലേക്കാണ്. 12,000 കോടി ഡോളര്‍ ആണ് കഴിഞ്ഞ വര്‍ഷം എത്തിയത്. രണ്ടാം സ്ഥാനത്ത് മെക്‌സിക്കോയും (66 ബില്യണ്‍ ഡോളര്‍), മൂന്നാം സ്ഥാനത്ത് ചൈനയുമാണ് (50 ബില്യണ്‍ ഡോളര്‍). ഫിലിപ്പിന്‍സ് (39 ബില്യണ്‍ ഡോളര്‍), പാക്കിസ്ഥാന്‍ (27 ബില്യണ്‍ ഡോളര്‍) എന്നീ രാജ്യങ്ങളാണ് അതിന് പിന്നില്‍. ലോകത്ത് ഏറ്റവും അധികം പ്രവാസികള്‍ ഉള്ള രാജ്യം ഇന്ത്യയാണ്.18.7 മില്യണ്‍ ഇന്ത്യക്കാരാണ് വിവിധ വിദേശ രാജ്യങ്ങളില്‍ ഉള്ളത്.
Next Story
Videos