ഉപഭോക്താക്കളെ വലച്ച് ഇറച്ചിക്കോഴി വില വര്‍ധനവ്; പൊള്ളുന്ന വിലയ്ക്ക് പിന്നിലെ കാരണങ്ങള്‍ ഇതാണ്

സംസ്ഥാനത്ത് ഇറച്ചി കോഴിക്ക് റെക്കോഡ് വില വര്‍ധന. രണ്ടാഴ്ചക്കിടെ 60 രൂപയോളമാണ് വില വര്‍ധിച്ചത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള കോഴിയുടെ ലഭ്യതക്കുറവാണ് വില വര്‍ധനവിന് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച്ചയോടെ ഇറച്ചി തൂക്കത്തിന് 200 രൂപയില്‍ എത്തിയിരുന്നു. വിഷു റമദാന്‍ സീസണ്‍ ആരംഭിച്ചതോടെ വിലയില്‍ വീണ്ടും വര്‍ധനവുണ്ടായി. നിലവില്‍ ഒരു കിലോ ബ്രോയിലര്‍ കോഴി ഇറച്ചിക്ക് 230 രൂപയും, ലഗോണ്‍ കോഴിക്ക് 180 രൂപയുമാണ് വില. വിഷു റമദാന്‍ സീസണിലെ വിലവര്‍ധന വടക്കന്‍ ജില്ലകളിലെ ഉപഭോക്താക്കളെ കാര്യമായി ബാധിക്കും.

പൊതുവേ ഏപ്രില്‍-മെയ് മാസങ്ങളില്‍ കോഴിവില കുറയാറാണ് പതിവ്. ഈ വര്‍ഷം കോഴിത്തീറ്റയിലുണ്ടായ വിലവര്‍ധനവും വേനല്‍ക്കാല ചൂടും കോഴി ഫാമുകളില്‍ ഉല്‍പാദനം കുറയ്ക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കി. ഇത് വിലവര്‍ധനവിന് കാരണമായതായി ഈ രംഗത്തെ പ്രമുഖരായ സുഗുണാസ് ചിക്കന്‍സിന്റെ പ്രതിനിധി പറഞ്ഞു. മുന്‍കാലങ്ങളില്‍ പ്രധാനമായും തമിഴ്‌നാട്ടിലെ നാമക്കല്‍, പൊള്ളാച്ചി, പല്ലടം, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളില്‍ നിന്നായിരുന്നു ഇറച്ചിക്കോഴി എത്തിയിരുന്നത്. കേരളത്തില്‍ ഫാമുകള്‍ വ്യാപകമായി തുടങ്ങിയതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞു.

നിലവില്‍ കേരളത്തിലെ ഫാമുകളില്‍ 50 മുതല്‍ 60 രൂപ വിലയുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങി തീറ്റ,മരുന്ന് തുടങ്ങിയ ചിലവുകള്‍ വഹിച്ച് വില്പനയ്ക്കായി തയ്യാറാക്കുന്നതിന് 100 രൂപയ്ക്ക് മുകളില്‍ ചെലവ് വരും. വേനല്‍ചൂടും വെള്ളത്തിന്റെ ലഭ്യതക്കുറവും ഈ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലയില്‍ കോഴി ഫാം നടത്തുന്ന കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തമിഴ്‌നാട്ടിലെ ഫാമുകളിലും കോഴി ഉത്പാദനം നിലച്ചിരിക്കുകയാണ്. കേരളത്തെ അപേക്ഷിച്ച് തമിഴ്‌നാട്ടില്‍ നിലവില്‍ കോഴി വില കൂടുതലാണ്.

കേരളത്തിലെ ഫാമുകളില്‍ ഉല്‍പാദനച്ചെലവ് കൂടുന്നതും, ചില്ലറ വ്യാപാരികളുടെ ചെലവുകളും കണക്കാക്കുമ്പോള്‍ കോഴി വിലയിലെ വര്‍ദ്ധനവ് അനിവാര്യമാണെന്നാണ് ഇടനിലക്കാരായ വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം പക്ഷിപ്പനിയെതുടര്‍ന്ന് കോഴിയിറച്ചി വിപണി നഷ്ടത്തിലായിരുന്നു. ഇത് പല ഫാമുകളും ഈ വര്‍ഷം ഉത്പാദനം കുറയ്ക്കാന്‍ കാരണമായി. ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് ഗതാഗത ചെലവ് കൂടിയതും വിലവര്‍ധനവിന് കാരണമായെന്ന് ഇടനിലക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

രണ്ടാംഘട്ട കോവിഡ് നിയന്ത്രണങ്ങളാല്‍ വലയുന്ന ഹോട്ടല്‍ മേഖലക്ക് ഈ വിലവര്‍ധന ഇരട്ട പ്രഹരമാണ്. പുതുക്കിയ സമയക്രമവും, ആളുകളുടെ എണ്ണത്തിലെ നിയന്ത്രണങ്ങളും, പാചകവാതക വില വര്‍ധനവും ഹോട്ടല്‍ വ്യാപാരത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആഘോഷവേളകളില്‍ മലബാറിലെ തീന്‍മേശകളില്‍ പല രൂപത്തിലും ഭാവത്തിലും ഒഴിച്ചുകൂടാനാവാത്തതാണ് കോഴിയിറച്ചി വിഭവങ്ങള്‍. ഇവിടുത്തെ പ്രധാന ആഘോഷങ്ങളായ റമദാനും വിഷുവും ഒന്നിച്ചു വരുന്നതോടെ, വലിയ വിപണി മുന്നില്‍ കണ്ടുകൊണ്ടാണ് വിലവര്‍ധനവെന്ന് ഒരു വിഭാഗം കച്ചവടക്കാര്‍ അഭിപ്രായപ്പെടുന്നു. സീസണ്‍ അവസാനിക്കുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Related Articles
Next Story
Videos
Share it