Begin typing your search above and press return to search.
ആളു കയറാത്തതിനാല്‍ തെലുങ്ക് നാട്ടില്‍ തീയറ്ററുകള്‍ പൂട്ടുന്നു; മലയാളത്തില്‍ ഹിറ്റുകളുടെ സുവര്‍ണകാലം
ഈ വര്‍ഷം തുടക്കം മുതല്‍ നിറഞ്ഞോടുന്ന കേരളത്തിലെ തീയറ്ററുകള്‍ പണംവാരി കൂട്ടുമ്പോള്‍ ആളും അനക്കവുമില്ലാത്ത അവസ്ഥയിലാണ് തെലങ്കാനയിലെ തീയറ്ററുകള്‍. സിനിമ കാണാന്‍ പത്തുപേരു പോലും തികച്ചു വരാത്ത അവസ്ഥയുണ്ടായതോടെ തീയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ് ഉടമകളുടെ സംഘടന. അടുത്ത പത്തുദിവസത്തേക്കാണ് തീയറ്ററുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയത്.
തെലങ്കാനയിലെ 80 സിറ്റികളിലായി 250ഓളം തീയറ്ററുകളാണ് ഇത്തരത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയത്. മികച്ച സിനിമകള്‍ ഇറങ്ങാതായതോടെ പ്രേക്ഷകര്‍ തീയറ്ററിലേക്ക് വരാന്‍ മടിക്കുകയാണ്. ഈ വര്‍ഷം കാര്യമായ ഹിറ്റുകളൊന്നും തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ സംഭവിച്ചതുമില്ല.
അവധിക്കാലമായിട്ടും തീയറ്ററുകളില്‍ തിരക്ക് കുറയാന്‍ പലവിധ കാരണങ്ങളുണ്ടെന്നാണ് സിനിമമേഖലയിലുള്ളവര്‍ പറയുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് നടക്കുന്നതും പൊതുതിരഞ്ഞെടുപ്പും ആളുകളുടെ വരവിനെ ബാധിച്ചത്രേ. ഇതിനൊപ്പമാണ് മികച്ച സിനിമകളുടെ അഭാവവും.
കുതിച്ചുയര്‍ന്ന് മലയാള സിനിമ
തെലുങ്കാനയില്‍ ആളുകയറാത്തതാണ് പ്രശ്‌നമെങ്കില്‍ കേരളത്തില്‍ നേരെ മറിച്ചാണ് കാര്യങ്ങള്‍. ഒന്നിനു പുറകെ മറ്റൊന്നായി ഹിറ്റുകളുടെ പെരുമഴയാണ്. കഴിഞ്ഞദിവസം റിലീസ് ചെയ്ത 'ഗുരുവായൂര്‍ അമ്പലനടയില്‍' മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. ആദ്യ ദിനം ചിത്രം സ്വന്തമാക്കിയത് 3.75 കോടി രൂപയാണ്. മലൈക്കോട്ടൈ വാലിബല്‍, ആടുജീവിതം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഈ വര്‍ഷം ഒരു മലയാളസിനിമയ്ക്ക് ആദ്യദിനം കിട്ടുന്ന ഉയര്‍ന്ന കളക്ഷനാണിത്.
അവധിക്കാലമായതിനാല്‍ കുടുംബ പ്രേക്ഷകരാണ് കൂടുതലായി തീയറ്ററുകളിലേക്ക് എത്തുന്നത്. ഇതും കളക്ഷന്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ മൂന്ന് സിനിമകളാണ് 100 കോടി രൂപയ്ക്കു മുകളില്‍ സ്വന്തമാക്കിയത്. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം എന്നീ സിനിമകളാണ് റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചത്.
ഒ.ടി.ടി വരുമാനം കുറഞ്ഞു
തീയറ്ററില്‍ സൂപ്പര്‍ഹിറ്റായ സിനിമകള്‍ സ്വന്തമാക്കാന്‍ മാത്രമാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുള്ളൂ. അതും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീരെ കുറഞ്ഞ തുകയ്ക്കാണ് വാങ്ങുന്നത്. കേരളീയരുടെ വിദേശത്തേക്കുള്ള കുടിയേറ്റം കൂടിയത് മലയാള സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഓസ്‌ട്രേലിയയിലേക്കുമുള്ള ഓവര്‍സീസ് റൈറ്റ്‌സില്‍ വന്‍വര്‍ധനയുണ്ടായിട്ടുണ്ട്.
Next Story
Videos