കൊറോണയ്‌ക്കെതിരെ റെംഡെസിവിര്‍ മരുന്ന് ഫലപ്രദമെന്ന് യു.എസ്

കൊറോണ വൈറസിനെതിരെ റെംഡെസിവിര്‍ മരുന്ന് ഏറെ ഫലപ്രദമെന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. ആന്റിവൈറല്‍ ആയി പരീക്ഷിക്കപ്പെടുന്ന റെംഡെസിവിര്‍ മൂലം കോവിഡ് 19 രോഗികള്‍ സുഖം പ്രാപിക്കുന്നതിന്റെ സമയം കുറയ്ക്കാനാകുന്നതായും വ്യക്തമായ ഫലം ഇതുണ്ടാക്കുന്നതായും പഠനത്തിന് മേല്‍നോട്ടം വഹിച്ച യുഎസിലെ ഉന്നത എപ്പിഡെമിയോളജിസ്റ്റ് ആന്റണി ഫൗസി വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലോകമെമ്പാടും വിവിധ ആശുപത്രികളിലെ ക്ലിനിക്കല്‍ പരിശോധനയില്‍ രോഗലക്ഷണങ്ങളുടെ ദൈര്‍ഘ്യം 15 ദിവസത്തില്‍ നിന്ന് 11 ആയി റെംഡെസിവിര്‍ കുറച്ചു.

റെംഡെസിവിറിന്റെ ക്ലിനിക്കല്‍ പരിശോധനയില്‍ 30 ശതമാനം വേഗത്തില്‍ രോഗികള്‍ സുഖംപ്രാപിച്ചതായി കണ്ടെത്തി. യുഎസ്,യുറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 68 ഇടങ്ങളിലായി 1063 ആളുകളിലാണ് പരിശോധന നടത്തിയത്. ഈ വിവരം പുറത്തുവന്നതോടെ അമേരിക്കയിലെ ഓഹരി വിപണി ആവേശത്തിലായി. റെംഡെസിവിര്‍ നിര്‍മ്മിക്കുന്ന കമ്പനിയായ ഗിലിയാദിന്റെ ഓഹരി വില 11 ശതമാനം നേട്ടമുണ്ടാക്കി. തളര്‍ച്ചയിലായ പൊതു സൂചികകള്‍ 3 ശതമാനത്തോളം ഉയര്‍ന്നു.

ഗുരുതരമായ ശ്വാസകോശ രോഗലക്ഷണങ്ങളും പനിയുമുള്ള രോഗികള്‍ പോലും ഒരാഴ്ച മരുന്ന് നല്‍കിയതോടെ അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയതായി ഷിക്കാഗോ സര്‍വ്വകലാശാലയിലെ പകര്‍ച്ച വ്യാധി വിഭാഗത്തിലെ ഡോ. കാത്ലീന്‍ മുള്ളെയ്ന്‍ വ്യക്തമാക്കിയിരുന്നു.

പരീക്ഷണത്തിന്റെ ഔദ്യോഗിക ഫലം ലഭ്യമായാല്‍ ഉടന്‍ സര്‍വ്വകലാശാല ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്നും ഡോ. കാത്ലീന്‍ അറിയിച്ചു. ചൈനയിലെ വുഹാനില്‍ കഴിഞ്ഞ വര്‍ഷം രോഗം ആദ്യമായി കണ്ടെത്തിയ രോഗികളില്‍ പരിമിതമായ ഫലങ്ങള്‍ കണ്ടെത്തിയെന്നാണ് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയത്. അതേസമയം, പുതിയ പഠനം സംബന്ധിച്ച് ഡബ്ല്യു.എച്ച്.ഒ പ്രതികരിച്ചിട്ടില്ല.

കൊറോണ ചികിത്സയ്ക്കായി അംഗീകരിക്കപ്പെട്ട മരുന്നുകള്‍ ഒന്നുമില്ല. എന്നാല്‍ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഹെല്‍ത്ത് നിരവധി മരുന്നുകളുടേയും ചികിത്സാ രീതികളുടേയും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ ഉള്‍പ്പെട്ടതാണ് റെംഡെസിവിര്‍. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ഈ മരുന്നിന് കൊറോണ വൈറസിനെ തടയാനും ചികിത്സിക്കാനും കഴിയുമെന്ന് നേരത്തെ തെളിഞ്ഞതാണ്. സാര്‍സ് വൈറസിനെതിരെ ഈ മരുന്ന് ഫലപ്രദമാണെന്ന് വ്യക്തമായിരുന്നു.

ലോകാരോഗ്യ സംഘടനയും കൊറോണയ്ക്കെതിരെ റെംഡെസിവിര്‍ പ്രയോജനപ്പെടുമെന്ന് പറഞ്ഞിരുന്നു. മറ്റ് ക്ലിനിക്കുകളിലും മരുന്നിന്റെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴത്തെ അവകാശവാദങ്ങള്‍ സ്ഥിരീകരിച്ചാല്‍ ഇത് ഒരു അതിശയകരമായ ഫലമാകുമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. അതേ സമയം കോവിഡ് 19 നെ ഉന്മൂല നാശനം ചെയ്യുന്ന മരുന്നാകില്ല ഇതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.എബോള ചികിത്സയ്ക്കായിട്ടാണ് റെംഡെസിവിര്‍ ആദ്യം വികസിപ്പിച്ചെടുത്തത്. കോശങ്ങള്‍ക്കുള്ളില്‍ വൈറസിന്റെ എന്‍സൈമിനെ അക്രമിക്കുന്നു റെംഡെസിവിര്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it