കോവിഡ് വ്യാപനം അതിവേഗം; എങ്കിലും തുരത്താന്‍ കഴിയും ഇന്ത്യക്കെന്ന് ഡബ്‌ളിയു എച്ച് ഒ

അതിവേഗമാണ് രോഗം പടരുന്നതെങ്കിലും കോവിഡ് 19നെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയിക്കാനുള്ള ശേഷിയുണ്ടെന്ന ശുഭാപ്തിവിശ്വാസവുമായി ലോകാരോഗ്യ സംഘടന. വസൂരിയെയും പോളിയോയെയും പരാജയപ്പെടുത്തിയ ഇന്ത്യക്ക് കൊറോണ വൈറസിനേയും തുരത്താനാകുമെന്ന് ഡബ്‌ളിയു എച്ച് ഒ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാന്‍ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

'ജനസംഖ്യ ഏറെയുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്കായിരിക്കും കോവിഡ് 19 രോഗം ഏറെ ഭീഷണി ഉയര്‍ത്തുക. പോളിയോക്കും വസൂരിക്കുമെതിരായ പോരാട്ടം മുന്നില്‍ നിന്നു നയിച്ച രാജ്യങ്ങളിലൊണ് ഇന്ത്യ. ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള ശേഷി ഇന്ത്യ തെളിയിച്ചിട്ടുണ്ട്'-എന്നായിരുന്നു മൈക്കല്‍ ജെ റയാന്റെ പരാമര്‍ശം.

കൊറോണ വൈറസ് ബാധ പൊട്ടിപുറപ്പെട്ട പ്രദേശങ്ങളിലെല്ലാം ലാബുകളുടെ ആവശ്യം പ്രകടമായിരുന്നു.
കൊറോണ ശരീരത്തിലെത്തിയാല്‍, ആദ്യ ദിവസം മുതലുള്ള ലക്ഷണങ്ങള്‍ അറിയാം. എളുപ്പവഴികളൊന്നും നമുക്ക് മുന്നിലില്ല. രോഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ നേരത്തെയും ലോകത്തിന് മാതൃകയായിട്ടുള്ള ഇന്ത്യ ഇത്തവണയും അങ്ങനെ ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ലോകാരോഗ്യസംഘടനയുടെ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ഇതുവരെ 3.80ലക്ഷത്തിലേറെ പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 16500ലേറെയാണ് മരണം. ഇന്ത്യയില്‍ ഇതുവരെ 499 പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. മരണ സംഖ്യ പത്തിലെത്തുകയും ചെയ്തു. സമൂഹവ്യാപനം തടയുന്നതിന് രാജ്യത്ത് ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും കൊറോണയെ തോല്‍പിക്കാന്‍ അടച്ചുപൂട്ടല്‍ മാത്രം പോരെന്നും റയാന്‍ പറഞ്ഞു.

മുന്‍ കണക്കുകൂട്ടലുകളെ അതിലംഘിച്ചാണ് കൊറോണ വൈറസ് രോഗം പടര്‍ന്നുവരുന്നതെന്ന ആശങ്ക ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നേരത്തെ പങ്കുവച്ചിരുന്നു. കോവിഡ് -19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത ശേഷം 100,000 കേസുകളില്‍ എത്താന്‍ 67 ദിവസവും രണ്ടാമത്തെ 100,000 ന് 11 ദിവസവും മൂന്നാമത്തെ 100,000 പേര്‍ക്ക് വെറും നാല് ദിവസവുമാണ് എടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഈ വേഗതയില്‍ മാറ്റം വരുത്താന്‍ ഇപ്പോഴും സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.അതിനായി കര്‍ശനമായ പരിശോധനയും കോണ്‍ടാക്റ്റ് ട്രേസിംഗ് തന്ത്രങ്ങളും ഒറ്റപ്പെടലും ഉള്‍പ്പെടെ അനിവാര്യമാണ്.

'പ്രതിരോധിച്ച് മാത്രം നിങ്ങള്‍ക്ക് ഒരു ഫുട്‌ബോള്‍ കളി ജയിക്കാന്‍ കഴിയില്ല. ആക്രമണം നടത്തണം,' ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോയുമായി സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഗെബ്രിയേസസ് പറഞ്ഞു, ഫുട്‌ബോള്‍ കളിക്കാരെ ഉള്‍പ്പെടുത്തി 'കിക്ക് ഔട്ട് കൊറോണ വൈറസ്' കാമ്പെയ്ന്‍ ആരംഭിക്കാനുള്ള തീരുമാനം ഇരുവരും ചേര്‍ന്നാണു പ്രഖ്യാപിച്ചത്.

വീട്ടില്‍ താമസിക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നതും മറ്റ് ശാരീരിക അകലം പാലിക്കല്‍ നടപടികളും വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണെന്ന് ഡോ. ടെഡ്രോസ് പറഞ്ഞു, എന്നാല്‍ 'ജയിക്കാന്‍ ഞങ്ങളെ സഹായിക്കാത്ത പ്രതിരോധ നടപടികള്‍' എന്നാണ് ഈ മാര്‍ഗ്ഗങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്.

'വിജയിക്കാന്‍, ആക്രമണാത്മകവും ടാര്‍ഗെറ്റു ചെയ്തതുമായ തന്ത്രങ്ങള്‍ ഉപയോഗിച്ച് വൈറസിനെ ആക്രമിക്കേണ്ടതുണ്ട്. സംശയിക്കപ്പെടുന്ന എല്ലാ കേസുകളും പരീക്ഷണ വിധേയമാക്കണം. സ്ഥിരീകരിച്ച എല്ലാ കേസുകളിലുും ഒറ്റപ്പെടുത്തിയുള്ള പരിപാലനം വേണം. ഒപ്പം എല്ലാ അടുത്ത സമ്പര്‍ക്കങ്ങളെയും പിന്തുടരുകയും ക്വാറന്റേഷന്‍ നടത്തുകയും ചെയ്യണം.'

ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ധാരാളം അണുബാധകള്‍ ഉണ്ടായതായി ലോകമെമ്പാടുമുള്ള റിപ്പോര്‍ട്ടുകളില്‍ ഡോ. ടെഡ്രോസ് ആശങ്ക പ്രകടിപ്പിച്ചു. ഇത് മതിയായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ അഭാവത്തിന്റെ ഫലമാകാം. സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗം യുക്തിസഹമാക്കുന്നതിനും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുന്നതിനും അതിന്റെ ആഗോള ക്ഷാമം പരിഹരിക്കുന്നതിനും ലോകാരോഗ്യ സംഘടന പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ രാഷ്ട്രീയ പ്രതിബദ്ധതയും രാഷ്ട്രീയ ഏകോപനവും വേണമെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ആവശ്യപ്പെട്ടു. സംരക്ഷണ ഉപകരണങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കയറ്റുമതി നിരോധനം ഒഴിവാക്കുന്നതിനും വിതരണത്തിന്റെ തുല്യത ഉറപ്പുവരുത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ജി 20 ഗ്രൂപ്പുകളുടെ നേതാക്കളോട് ഈ ആഴ്ച ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it