രണ്ടാം കോവിഡ് തരംഗത്തില്‍ ഉലഞ്ഞ് തൊഴില്‍ മേഖല

രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ വിവിധയിടങ്ങളില്‍ പ്രഖ്യാപിച്ച പുതിയ ലോക്ക്ഡൗണ്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളിലെ പുതിയ ലോക്ക്ഡൗണ്‍ കാരണം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിലെത്തിയെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി വ്യക്തമാക്കുന്നത്.

തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നത് സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിക്കുമെന്നും 120 ദശലക്ഷത്തിലധികം അസംഘടിത തൊഴിലാളികളെ ബാധിക്കുമെന്നും സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി (സിഎംഐഇ) പറയുന്നു.
'ലോക്ക്ഡൗണ്‍ സംബന്ധിച്ച ഊഹാപോഹങ്ങള്‍ തന്നെ ഡാറ്റയില്‍ പ്രതിഫലിക്കാന്‍ തുടങ്ങി. 2021 ഏപ്രിലില്‍ അവസാനിച്ച ആദ്യ രണ്ടാഴ്ചത്തെ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനമായി വര്‍ധിക്കുകയും തൊഴില്‍ പങ്കാളിത്ത നിരക്ക് 40 ശതമാനമായി കുറയുകയും ചെയ്തു' സിഎംഐഇ പ്രസ്താവനയില്‍ പറഞ്ഞു.
സിഎംഐഇയുടെ കണക്കനുസരിച്ച്, ഏപ്രില്‍ 14 വരെ ഇന്ത്യയിലെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമാണ്. നഗരത്തില്‍ ഇത് 8.4 ശതമാനവും ഗ്രാമീണ മേഖലയില്‍ 6.6 ശതമാനവുമാണ്. എന്നാല്‍ മാര്‍ച്ചിലെ രാജ്യത്തെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 6.52 ശതമാനമായിരുന്നു. നഗരത്തില്‍ 7.24 ശതമാനവും ഗ്രാമീണ മേഖലയില്‍ 6.17 ശതമാനവും.
സിഎംഐഇയുടെ അഭിപ്രായത്തില്‍, 2020 ലെ രാജ്യവ്യാപകമായ ലോക്ക്ഡൗണുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവിലെ ലോക്ക്ഡൗണ്‍ വളരെ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാല്‍ ഇത് സാമ്പത്തിക വീണ്ടെടുക്കലിനെ ദോശകരമായി ബാധിക്കും.


Related Articles
Next Story
Videos
Share it