Begin typing your search above and press return to search.
ക്രൂഡ് ഓയില്‍ വിലയെ പിന്നോട്ടടിക്കുന്നത് ചൈനീസ് ഇ-പ്രേമം? പശ്ചിമേഷ്യന്‍ സംഘര്‍ഷം ഒതുങ്ങിയാല്‍ ഇനിയും താഴും?
ചൈനയുടെ എണ്ണ ഇറക്കുമതി ഡേറ്റ എണ്ണ ഉത്പാദന രാജ്യങ്ങള്‍ക്ക് ആശങ്ക പകരുന്നതാണ്
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തീവ്രത ഉയര്‍ന്നിട്ടും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കാര്യമായി ഉയരുന്നില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളറിലും ഡബ്ല്യു.ടി.ഐ 77 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തില്‍ ക്രൂഡ് വില ഇനിയും താഴുമെന്ന സൂചനകളാണ് വിദഗ്ധര്‍ നല്‍കുന്നത്. ഡിമാന്‍ഡ് കുറയുന്നതും ഉത്പാദനം ഉയര്‍ന്നു നില്‍ക്കുന്നതും വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. വിപണിയില്‍ എണ്ണ കെട്ടിക്കിടന്നാല്‍ വിലയില്‍ വലിയൊരു പതനത്തിനും സാധ്യതയുണ്ടെന്ന നിഗമനങ്ങളും വരുന്നുണ്ട്.
സാധാരണ ഗതിയില്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുമ്പോള്‍ വില ഉയരുന്നതായിരുന്നു പതിവ്. ഹമാസ് മേധാവി കൊല്ലപ്പെട്ടതും ഇസ്രയേലിനെതിരേ പ്രതികാരം ചെയ്യുമെന്ന ഇറാന്റെ പ്രഖ്യാപനവുമൊന്നും വില കുതിക്കാന്‍ ഇടയാക്കിയില്ല.
ചൈനയ്ക്ക് ഇലക്ട്രിക് പ്രേമം
ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറയുന്നതാണ് ക്രൂഡ് ഓയില്‍ വിലയില്‍ കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കുന്നത്. ചൈനയില്‍ വളര്‍ച്ച കുറയുന്നതല്ല മറിച്ച് വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം ധ്രുതഗതിയില്‍ ആയതാണ് ഇന്ധന ഉപയോഗം കുറച്ചതെന്നാണ് ഒരുവിഭാഗം പറയുന്നത്.
ചൈനയില്‍ വില്‍ക്കുന്ന കാറുകളില്‍ 50 ശതമാനവും വൈദ്യുതിയില്‍ ഓടുന്നവയാണ്. ഇൗ നിരക്ക് ഇനിയും ഉയരുമെന്നാണ് വിപണി നല്‍കുന്ന സൂചന. ചൈനയില്‍ ട്രക്കുകളും എല്‍.എന്‍.ജിയിലേക്ക് അതിവേഗം മാറുകയാണ്. 2024ലെ എല്‍.എന്‍.ജി ഉപഭോഗ നിരക്കില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 35 ശതമാനത്തിന്റെ വര്‍ധനയുണ്ട്. വൈദ്യുത വാഹനങ്ങള്‍ കൂടുതല്‍ ജനപ്രിയമാകുന്നത് ക്രൂഡ്ഓയില്‍ ഉപഭോഗം കുറയ്ക്കും.
ചൈനയുടെ എണ്ണ ഇറക്കുമതി ഡേറ്റ എണ്ണ ഉത്പാദന രാജ്യങ്ങള്‍ക്ക് ആശങ്ക പകരുന്നതാണ്. ജൂലൈയിലെ ഇറക്കുമതിയില്‍ 3.1 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യത്തെ ഏഴുമാസത്തെ കുറവ് 2.4 ശതമാനമാണ്. ചൈനയില്‍ നിന്നുള്ള വിരുദ്ധ വാര്‍ത്തകള്‍ തന്നെയാണ് ഓയില്‍ വിലയില്‍ കരിനിഴല്‍ വീഴ്ത്തുന്നതും.
വിലകുറയ്ക്കാന്‍ സാധ്യതയില്ല
എണ്ണവില 70-80 ഡോളറില്‍ നിന്നാല്‍ വില കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് അധികാരമേറ്റതിന് പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പെട്രോള്‍, ഡീസല്‍ വില കുറച്ചത് എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചിരുന്നു. ജൂണില്‍ അവസാനിച്ച പാദത്തില്‍ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭത്തില്‍ വലിയ കുറവുണ്ടായി.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്.പി.സി.എല്‍) കമ്പനികളുടെ അറ്റാദായത്തില്‍ 90 ശതമാനം വരെയാണ് കുറവുണ്ടായത്. വിലകുറയ്ക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനത്തിലും കുറവുണ്ടാക്കും.
Next Story
Videos