Begin typing your search above and press return to search.
ക്രിപ്‌റ്റോ തട്ടിപ്പിന് 5 വര്‍ഷം വരെ തടവ്; നിയമവുമായി യുഎഇ
രാജ്യത്തെ ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് പരിരക്ഷ ഒരുക്കാന്‍ പുതിയ നിയവുമായി യുഎഇ. ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് ഇനി അഞ്ച് വര്‍ഷം വരെ തടവും ഒരു മില്യണ്‍ ദിർഹം വരെ ( ഏകദേശം 2 കോടി രൂപ) പിഴയും ലഭിക്കാം. യുഎഇയില്‍ ക്രിപ്‌റ്റോ ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജനുവരി രണ്ടുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ (DWTC) ക്രിപ്റ്റോ സോണായി മാറുമെന്ന് ദുബായ് മീഡിയ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.
സാമ്പത്തിക തട്ടിപ്പുകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ച നിയമ പരിഷ്‌കാരങ്ങളുടെ ഭാഗമാണ് ഇതും. ഏതെങ്കിലും ഉല്‍പ്പന്നത്തെ കുറിച്ച് ഓണ്‍ലൈനിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ ഡാറ്റയോ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. സര്‍ക്കാര്‍ അംഗീകരിക്കാത്ത ക്രിപ്‌റ്റോ കറന്‍സികള്‍ പ്രചരിപ്പിക്കുന്ന പൊതുജനങ്ങള്‍ക്ക് ഈ നിയമത്തിന്റെ കീഴില്‍ ശിക്ഷ ലഭിക്കാം. ഓണ്‍ലൈനിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവോ ഒരു മില്യണ്‍ ദിർഹം പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും.
ക്രിപ്‌റ്റോ കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധനവാണ് ആഗോള തലത്തില്‍ ഉണ്ടായത്. ഏകദേശം 58,697 കോടി രൂപയാണ് ഈ വര്‍ഷം ക്രിപ്‌റ്റോ തട്ടിപ്പുകളിലൂടെ നിക്ഷേപകര്‍ക്ക് നഷ്ടമായതെന്നാണ് ചെയിനാലിസിസ് റിപ്പോര്‍ട്ട്. ഇന്ത്യയല്‍ ഹൈദരാബാദ് പൊലീസ് അടുത്തിടെ ക്രിപ്‌റ്റോ തട്ടിപ്പുമായി ബന്ധപ്പെട്ട് സൂചനകള്‍ നല്‍കിയിരുന്നു. പരിചയമില്ലാത്ത വാലറ്റുകളിലേക്ക് ക്രിപ്‌റ്റോ കറന്‍സികള്‍ മാറ്റരുതെന്നായിരുന്നു മുന്നറിയിപ്പ്. നിലവില്‍ ഇന്ത്യയില്‍ ക്രിപ്‌റ്റോ തട്ടിപ്പിനെതിരെ കൃത്യമായ നിയമങ്ങള്‍ ഇല്ല. ക്രിപ്‌റ്റോ ബില്ല് അവതരിപ്പിക്കാനിരിക്കെ ഇന്ത്യയിലും ഇത്തരം നിയമങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രം ശ്രമിച്ചേക്കാം.
Next Story
Videos