മരണം നാലായിരത്തില്‍ താഴെ: രാജ്യത്ത് പുതുതായി 2,76,110 കോവിഡ് കേസുകള്‍

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെ തുടരുന്നു. 24 മണിക്കൂറിനിടെ 2,74,110 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 3,874 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെ 2,57,72,440 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 2,87,122 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ പ്രതിദിനകേസുകള്‍ മൂന്നുലക്ഷത്തില്‍ താഴെയെത്തിയത് ആശ്വാസമാണ്. രാജ്യത്ത് ഇന്നലെ മാത്രം 20.5 ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ് നടത്തിയത്. ഏറ്റവും ഉയര്‍ന്ന തോതില്‍ പരിശോധന നടത്തിയിട്ടും രോഗികളുടെ എണ്ണം കുറഞ്ഞുവന്നത് രോഗവ്യാപനം കുറയുന്നതായാണ് സൂചിപ്പിക്കുന്നത്. നിലവില്‍ 2,23,55,440 പേരാണ് രാജ്യത്ത് കോവിഡില്‍നിന്ന് മുക്തമായത്. 1.11 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.
അതേസമയം, ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ 267 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വാങ്ങുമെന്നും മുതിര്‍ന്നവരില്‍ കോവിഡ് കുത്തിവയ്പ്പ് പൂര്‍ത്തിയാക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ജൂലൈയില്‍ 51 കോടി വാക്‌സിനുകള്‍ ലഭ്യമാക്കും. ഓഗസ്റ്റിനും ഡിസംബറിനുമിടയില്‍ 216 കോടി വാക്‌സിനുകള്‍ കൂടി ലഭ്യമാക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. ആരോഗ്യസംരക്ഷണ, മുന്‍നിര തൊഴിലാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് ഉറപ്പാക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നിലവില്‍ 18 കോടിയിലധികം പേരാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.


Related Articles
Next Story
Videos
Share it