ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 22, 2020

സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരുന്നതിനുള്ള ബില്‍ രാജ്യസഭയും പാസാക്കി. എക്സ്പ്രസോയിലൂടെ ഷെയര്‍ഖാന്‍ ഡിസ്‌ക്കൗണ്ട് ബ്രോക്കിങ്ങിലേക്ക്. ഡെബിറ്റ് കാര്‍ഡില്‍ ഇരുചക്ര വാഹന വായ്പയുമായി ഫെഡറല്‍ ബാങ്ക്. എസ്ബിഐയില്‍ വായ്പ പുനഃക്രമീകരണം തുടങ്ങി. ഇന്നത്തെ ബിസിനസ് വാര്‍ത്തകള്‍.

news headlines today
-Ad-

സഹകരണ ബാങ്കുകള്‍ ആര്‍ബിഐ മേല്‍നോട്ടത്തില്‍; ബില്‍ രാജ്യസഭയും പാസാക്കി

സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരുന്നതിനായി ബാങ്കിംഗ് റെഗുലേഷന്‍ ആക്ടില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിന് ശബ്ദവോട്ടോടുകൂടെ രാജ്യസഭയില്‍ അംഗീകാരം. സെപ്റ്റംബര്‍ 16-നാണ് ബില്‍ ലോക്സഭയും പാസാക്കിയത്.
പി.എം.സി ബാങ്ക് അഴിമതിക്ക് പിന്നാലെ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാന്‍ ഉദ്ദേശിച്ച് കൊണ്ടാണ് ബില്ല് തയ്യാറാക്കിയത്.
റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടം വരുന്നതോടുകൂടി സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസവും ഭരണ നിര്‍വ്വഹണവും മെച്ചപ്പെടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു.

എക്സ്പ്രസോയിലൂടെ ഷെയര്‍ഖാന്‍ ഡിസ്‌ക്കൗണ്ട് ബ്രോക്കിങ്ങിലേക്ക്

-Ad-

ബിഎന്‍പി പാരിബയുടെ സമ്പൂര്‍ണ സബ്സിഡിയറിയും ഇന്ത്യയിലെ മുന്‍നിര ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നുമായ ഷെയര്‍ഖാന്‍ ഡിസ്‌ക്കൗണ്ട് ബ്രോക്കിങിനായുള്ള പ്രത്യേക കമ്പനിയായ എക്സ്പ്രസോ അവതരിപ്പിച്ചു. ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള തുടക്കം മൂന്നു മാസം മുന്‍പ് നടത്തിയിരുന്നു. നഷ്ടമുണ്ടാകുന്ന ഇന്‍ട്രാഡേ ട്രേയ്ഡുകളില്‍ ബ്രോക്കറേജ് ഈടാക്കുകയില്ല. ഇതിനു പുറമെ ഡെലിവറി ട്രേയ്ഡുകള്‍ക്കും ബ്രോക്കറേജ് ഉണ്ടാകില്ല.  2020 ഒക്ടോബര്‍ 22ന് മുന്‍പ് അക്കൗണ്ട് ആരംഭിക്കുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ ബ്രോക്കറേജ് എന്ന ആനുകൂല്യവുമുണ്ടാകും.

ഡെബിറ്റ് കാര്‍ഡില്‍ ഇരുചക്ര വാഹന വായ്പയുമായി ഫെഡറല്‍ ബാങ്ക്

ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് മാസത്തവണ വ്യവസ്ഥയില്‍ ഇരുചക്ര വാഹനം വാങ്ങാന്‍ സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക് പുതിയ പദ്ധതി അവതരിപ്പിച്ചു. യോഗ്യരായ ഫെഡറല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് വെറും ഒരു രൂപ മാത്രം അടച്ച് ലളിതമായ നടപടിക്രമങ്ങളിലൂടെ ഇരുചക്ര വാഹനം സ്വന്തമാക്കാം. ഈ വായ്പാ പദ്ധതിക്ക് ബാങ്കില്‍ നേരിട്ടെത്തുകയോ മറ്റു പേപ്പര്‍ ജോലികളോ വേണ്ടതില്ല. പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് ഇടപാട്. ഹീറോ മോട്ടോകോര്‍പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍, ടിവിഎസ് മോട്ടോര്‍ എന്നീ കമ്പനികളുടെ 947 ഷോറൂമുകളില്‍ നിന്ന് ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡുള്ള അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ലളിതമായി ഇരുചക്രവാഹനങ്ങള്‍ വാങ്ങാം. സാധാരണ ഇരുചക്ര വാഹന വായ്പകളില്‍ നിന്ന് വ്യത്യസ്തമായി ഈ ഡെബിറ്റ് കാര്‍ഡ് ഇഎംഐ പര്‍ചേസിന് വാഹനം ബാങ്കിന്റെ പേര്‍ക്ക് ഹൈപ്പോതികെയ്റ്റ്  ചെയ്യേണ്ടതില്ല. മൂന്ന്, ആറ്, ഒമ്പത്, 12 എന്നിങ്ങനെയുള്ള മാസ തവണകള്‍ തിരഞ്ഞെടുക്കാം. ഈ പദ്ധതി പ്രകാരമുള്ള വായ്പകള്‍ക്ക് ബാങ്ക് പ്രൊസസിങ് ചാര്‍ജും ഈടാക്കില്ല.

പാലാരിവട്ടം പാലം പൊളിച്ച് പണിയാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ അനുമതി

വിവാദങ്ങള്‍ക്കൊടുവില്‍ പാലാരിവട്ടം പാലം പൊളിച്ച് പണിയാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി.  പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണം എന്നുന്നയിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പാലം പണിക്കുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന് എത്രയും വേഗം ആരംഭിക്കാമെന്നും ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വ്യക്തമാക്കി. സ്ട്രക്ച്ചറല്‍ എന്‍ജിനീയര്‍മാര്‍ ഉള്‍പ്പടെ ഉള്ള വിദഗ്ധ സമിതിയാണ് മേല്‍പാലം അപകടാവസ്ഥയില്‍ ആണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്,അത്തരം ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പാലം പൊളിക്കാന്‍ തീരുമാനിച്ചതില്‍ തെറ്റ് കാണിക്കാനില്ല എന്നും ഹൈക്കോടതിയെ വിമര്‍ശിച്ചു കൊണ്ട് സുപ്രീം കോടതി ചൂണ്ടക്കാട്ടി.

ഇനി റിലയന്‍സില്‍ നിന്ന് 4000 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണും!

ചൈനീസ് മൊബീല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷവോമി കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള വമ്പന്മാരുടെ ചങ്കിടിപ്പ് കൂട്ടുന്ന നീക്കമാണ് ഇപ്പോള്‍ റിലയന്‍സ് നടത്തുന്നത്. ഗൂഗ്ള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിലുള്ള ഫോണുകള്‍ നിര്‍മിക്കാന്‍ രാജ്യത്തെ മൊബീല്‍ ഫോണ്‍ അസംബ്ലിംഗ് യൂണിറ്റുകളുമായി റിലയന്‍സ് കൈകോര്‍ക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. റിലയന്‍സിന്റെ സ്മാര്‍ട്ട്ഫോണിന്റെ വിലയാണ് ഏറ്റവും ആകര്‍ഷകം. 4000 രൂപയെന്നാണ് ക്വിന്റിലെ റിപ്പോര്‍ട്ട് സൂചന നല്‍കുന്നത്.

എസ്ബിഐയില്‍ വായ്പ പുനഃക്രമീകരണം തുടങ്ങി

റീട്ടെയില്‍ വായ്പകളുടെ പുനഃക്രമീകരണത്തിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് എസ്.ബി.ഐ. വായ്പയുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ട് നമ്പര്‍, കോവിഡിനുമുമ്പുള്ള വരുമാനം, നിലവിലെ വരുമാനം, സമീപ ഭാവിയില്‍ ലഭിക്കാന്‍ സാധ്യതയുള്ള വരുമാനം തുടങ്ങിയവ പോര്‍ട്ടലില്‍ നല്‍കിയാല്‍ വായ്പാ പുനഃക്രമീകരണത്തിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാവുന്നതാണെന്ന് എസ്ബിഐ അറിയിച്ചു. ഇതിനായി https://sbi.co.in/ എന്ന വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താം. വിവരങ്ങള്‍ നല്‍കി എലിജിബ്ള്‍ എന്ന ഓപ്ഷന്‍ വന്നാല്‍ 30 ദിവസം കാലാവധിയുള്ള ഒരു റഫറന്‍സ് നമ്പര്‍ കൂടി ലഭിക്കും. ഈ റഫറന്‍സ് നമ്പര്‍ അതാത് ബ്രാഞ്ചില്‍ എത്തി നല്‍കിയാല്‍ വായ്പ പുനഃക്രമീകരണത്തിനുള്ള നടപടി പൂര്‍ത്തിയാക്കാം.

ധനലക്ഷ്മി ബാങ്കില്‍ വീണ്ടും ഉന്നത ഉദ്യോഗസ്ഥന്റെ രാജി

ധനലക്ഷ്മി ബാങ്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളും ചീഫ് ജനറല്‍ മാനേജരുമായ പി മണികണ്ഠനാണ് ഏറ്റവും പുതുതായി രാജി വച്ചിരിക്കുന്നത്. ആര്‍ബിഐ നിഷ്‌കര്‍ഷിച്ചിട്ടുള്ള കോര്‍പ്പറേറ്റ് ചട്ടലംഘനം സംബന്ധിച്ചാണ് രാജിയെന്നാണ് മണി കണ്‍ട്രോള്‍ രേഖപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ബാങ്കിന്റെ തലപ്പത്ത് ഏറെക്കാലമായി നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആര്‍ബിഐ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിയുമായി ഇതിനു ബന്ധമുണ്ടോ എന്നതില്‍ വ്യക്തതയില്ല.

രണ്ടാമത്തെ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനൊരുങ്ങി റഷ്യ

ഒക്ടോബറില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാമത്തെ പതിപ്പ് രജ്സ്റ്റര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് റഷ്യയെന്ന് ടാസ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. വെക്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സൈബീരിയയാണ് ഈ വാക്‌സിന്റെ വികസനത്തിനു പിന്നില്‍. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒറ്റ ദിവസം കൊണ്ട് സ്വര്‍ണവില പവന് 38160 രൂപയില്‍ നിന്ന് 37600 രൂപയിലേക്ക്

കേരളത്തില്‍ സ്വര്‍ണ വില ഒറ്റയടിക്ക് കുത്തനെ താഴ്ന്നു. പവന് 560 രൂപ കുറഞ്ഞ് 37600 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4700 രൂപയാണ് ഇന്നത്തെ നിരക്ക്. തിങ്കളാഴ്ച പവന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 38160 രൂപയായിരുന്നു. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ കനത്ത നഷ്ടം നേരിട്ടെങ്കിലും ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. എംസിഎക്‌സില്‍ സ്വര്‍ണ വില 10 ഗ്രാമിന് 0.14 ശതമാനം ഉയര്‍ന്ന് 50,544 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.9 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 61,867 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 10 ഗ്രാമിന് 2.4 ശതമാനം അഥവാ 1,200 രൂപ ഇടിഞ്ഞിരുന്നു. ആഗോള നിരക്കി ഇടിവിനെ തുടര്‍ന്ന് വെള്ളി വില 9.3 ശതമാനം (6,300 രൂപ) ഇടിഞ്ഞു.

തുടര്‍ച്ചയായ നാലാം ദിനവും വിപണി നഷ്ടത്തില്‍; നിഫ്റ്റി 11200 ല്‍ താഴെ

തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സും നിഫ്റ്റിയും ഏഴ് ആഴ്ചയിലെ താഴ്ന്ന നിലയിലാണ്. വിപണി ആരംഭിച്ചപ്പോഴുള്ള താഴ്ചയില്‍ നിന്ന് കരകയറിയെങ്കിലും പോസിറ്റീവ് ട്രെന്‍ഡിലേക്ക് നീങ്ങാന്‍ സാധിച്ചില്ല. സെന്‍സെക്‌സ് 300 പോയ്ന്റ് ഇടിഞ്ഞ് 37,734 ലും നിഫ്റ്റി 97 പോയ്ന്റ് ഇടിഞ്ഞ് 11153.65 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിലയന്‍സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ ആന്‍ഡ് ടി, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികളാണ് ഇന്ന് നഷ്ടമുണ്ടാക്കിയവയില്‍ മുന്നില്‍. അതേ സമയം ടിസിഎസ്, എച്ച് സി എല്‍ ഓഹരി വിലകള്‍ ഉയര്‍ന്നു.

ഐടി, ഫാര്‍മ ഒഴികെയുള്ള സെക്ടറുകളെല്ലാം ഇന്ന് നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 1.70 ശതമാനം, 1.61 ശതമാനം നഷ്ടത്തിലായിരുന്നു.
ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.  ബാങ്കുകള്‍ രണ്ട് ട്രില്യണ്‍ ഡോളര്‍ അനധികൃതമായി നീക്കിയെന്ന റിപ്പോര്‍ട്ടുകളും വിപണിയെ ബാധിച്ചു.

യൂറോപ്പിലെ രണ്ടാം ഘട്ട കോവിഡ് വ്യാപന ഭീതിയും ആഗോള സൂചികകളുടെ കരുത്ത് ചോര്‍ത്തി. ഫ്രാന്‍സ്, ഓസ്ട്രിയ, നെതര്‍ലന്റ്‌സ്, യുകെ തുടങ്ങിയവിടങ്ങളില്‍ പുതുതായി രോഗവ്യാപനം പൊട്ടിപുറപ്പെട്ടിട്ടുണ്ട്.

ആഗോള സമ്പദ് രംഗം മാന്ദ്യത്തില്‍ നിന്ന് എപ്പോള്‍ മുക്തമാകുമെന്ന സൂചനകള്‍ ലഭിക്കാത്തതും ഒരു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വരും ദിവസങ്ങളിലും ഇക്കാര്യങ്ങള്‍ തന്നെയാകും വിപണിയെ സ്വാധീനിക്കുക.

കേരള കമ്പനികളുടെ ഓഹരികളും താഴേക്കു തന്നെ

കേരള കമ്പനികളുടെ ഓഹരികള്‍ മിക്കവയും ഇന്ന് റെഡ് സോണിലായിരുന്നു. ആസ്റ്റര്‍ ഡിഎം, സിഎസ്ബി ബാങ്ക്, പാറ്റ്‌സ്പിന്‍, വെര്‍ട്ടെക്‌സ് ഓഹരികള്‍ മാത്രമാണ് ഇന്ന് ഗ്രീന്‍ സോണില്‍ പിടിച്ചു നിന്നത്.
ശതമാനക്കണക്കില്‍ കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത് വണ്ടര്‍ലാ ഓഹരികളാണ്. ഓഹരി വില 7.84 ശതമാനം ഇടിഞ്ഞ് 146.90 രൂപയിലെത്തി. മണപ്പുറം ഫിനാന്‍സ്, ധനലക്ഷ്മി ബാങ്ക്, കൊച്ചിന്‍ ഷിപ് യാര്‍ഡ് എന്നീ ഓഹരികളുടെ നഷ്ടം ഇന്ന് അഞ്ച് ശതമാനത്തിനു മുകളിലാണ്.

കോവിഡ് അപ്‌ഡേറ്റ്‌സ്

കേരളത്തില്‍ ഇന്ന് : 4125 രോഗികള്‍, ഇതുവരെ :  40, 382
മരണം: 19, ഇതുവരെ :  412
ഇന്ത്യയില്‍ ഇതുവരെ :  5,562,663 രോഗികള്‍, മരണം:  88,935
ലോകത്ത് ഇതുവരെ 31,245,797 രോഗികള്‍, മരണം:  963,693

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here