ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 25, 2020

കൊറോണ അപ്‌ഡേറ്റ്‌സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കൂടി കോവിഡ്. 21232 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 3,167,323 (ഇന്നലെവരെയുള്ള കണക്ക്: 3,106,348 )

മരണം : 58,390(ഇന്നലെ വരെയുള്ള കണക്ക്: 57,542)

ലോകത്ത് ഇതുവരെ

രോഗികള്‍: 23,647,377 (ഇന്നലെ വരെയുള്ള കണക്ക്: 23,420,418)

മരണം: 813,022 (ഇന്നലെ വരെയുള്ള കണക്ക്:808,676)

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4780 രൂപ (ഇന്നലെ 4820രൂപ )

ഒരു ഡോളര്‍: 74.23രൂപ (ഇന്നലെ: 74.12രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude42.61-0.01
Brent Crude45.34+0.21
Natural Gas2.499-0.014

ഓഹരി വിപണിയില്‍ ഇന്ന്

കഴിഞ്ഞ ദിവസത്തേക്കാള്‍ 45 പോയ്ന്റ്, 0.12 ശതമാനം മാത്രമാണ് ഇന്നത്തെ നേട്ടം. സെന്‍സെക്സ് സൂചികയിലെ കമ്പനികളില്‍ ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയത് ബജാജ് ഫിനാന്‍സ് ആണ്. നാല് ശതമാനം നേട്ടം. നിഫ്റ്റി വെറും ആറ് പോയ്ന്റ്, 0.05 ശതമാനം നേട്ടത്തോടെ 11,472ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയിലെ സെക്ടറല്‍ സൂചികകളും സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക ഒരു ശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ സ്മോള്‍ കാപും മിഡ് കാപും നേട്ടത്തിലായിരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതും നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടു കൂടിയാകാം ഇന്ന് വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായത്. ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ നേട്ടത്തിലായിരുന്നു. യൂറോപ്യന്‍ സ്റ്റോക്കുകളും താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചു.

കേരള കമ്പനികളുടെ പ്രകടനം

ബാങ്കിംഗ് ഓഹരികള്‍ സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ വിലകള്‍ ഉയര്‍ന്നപ്പോള്‍ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ വിലകള്‍ ഇന്നലത്തേതിനേക്കാള്‍ താഴ്ന്ന തലത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ വില ഉയര്‍ന്നപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സിന്റെയും മണപ്പുറത്തിന്റെയും ഓഹരി വിലകളില്‍ താഴ്ച രേഖപ്പെടുത്തി.

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

ജുവലറി മേഖലയിലെ ഏറ്റവും വലിയ ഐ.പി.ഒ ലക്ഷ്യമിട്ട് കല്യാണ്‍; മൂല്യം 1750 കോടി

രാജ്യത്തെ മുന്‍നിര ജുവല്ലറിയായ കല്യാണ്‍ ജുവല്ലേഴ്‌സ് 1,750 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ഓഫര്‍ രേഖ സമര്‍പ്പിച്ചു. ഓഹരി വിപണിയില്‍ കല്യാണ്‍ ജുവല്ലേഴ്സ് ഉടന്‍ ലിസ്റ്റ് ചെയ്യും. എട്ടു വര്‍ഷത്തിനു ശേഷമാണ് ഒരു ജുവലറി ഇന്ത്യയില്‍ ഐ.പി.ഒ.യുമായി രംഗത്തെത്തുന്നത്. രാജ്യത്തു നടത്തുന്ന ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡ് ഐപിഒ ആയിരിക്കും കല്യാണിന്റേത്. പ്രമോട്ടര്‍ ടി എസ് കല്യാണരാമനും വിദേശത്തു നിന്നുള്ള സ്വകാര്യ ഇക്വിറ്റി കമ്പനിയായ വാര്‍ബര്‍ഗ് പിന്‍കസും ചേര്‍ന്ന് 1,000 കോടി രൂപയുടെ പുതിയ ധനസമാഹരണം ഉദ്ദേശിക്കുന്നു; കൂടാതെ 750 കോടി രൂപയുടെ ദ്വിതീയ ഓഹരി വില്‍പ്പനയും ലക്ഷ്യമിടുന്നു.

പെട്രോള്‍ വിലയില്‍ 6 ദിവസമായി ഉയര്‍ച്ച; ലിറ്ററിന് 83 രൂപ

പെട്രോള്‍ വില സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ലിറ്ററിന് 83 രൂപയായി. തുടര്‍ച്ചയായി 6 ദിവസം കൊണ്ട് ഒന്നേ കാല്‍ രൂപയോളമാണ് ഉയര്‍ന്നത്. കൊച്ചിയില്‍ ഇന്നു ലിറ്ററിന് 81.94 രൂപയാണ് വില. തിരുവനന്തപുരത്ത് 83 രൂപയും. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഭൂരിഭാഗം ഇന്ധന ഔട്ട്‌ലെറ്റുകളുടെയും ചുമതലയുള്ളത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയ്ക്കാണ്. ഈ കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് ദിവസേന അവലോകനം ചെയ്യുന്നു. ഇന്ധന സ്റ്റേഷനുകളില്‍ ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ രാവിലെ 6 മുതല്‍ പ്രാബല്യത്തില്‍ വരും.ക്രൂഡ് ഓയിലിന്റെ വില, വിദേശനാണ്യ നിരക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് വിലനിര്‍ണയം.കൂടാതെ പ്രാദേശിക നികുതി തുടങ്ങിയ ഘടകങ്ങള്‍ കാരണം നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കുന്നു.

റഷ്യയുമായി കോവിഡ് വാക്‌സിന്‍ ചര്‍ച്ചകള്‍ നടത്തുന്നതായി കേന്ദ്രം

റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ സ്പുട്നിക്-5 നിര്‍മാണം സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രാഥമിക വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. സ്പുട്നിക്-5 ന്റെ ഉത്പാദനത്തിന് റഷ്യ ഇന്ത്യയുടെ സഹകരണം തേടിയതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ഇതിനിടെ രാജ്യത്ത് കോവിഡ് വ്യാപിക്കുന്നതിന് കാരണക്കാര്‍ നിരുത്തരവാദപരമായി പെരുമാറുന്ന ചില ആളുകളാണെന്ന വിമര്‍ശനവുമായി ഐസിഎംആര്‍ രംഗത്തെത്തി.

2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തി

മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ല. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2000 രൂപ നോട്ടിന്റെ പ്രചാരവും ഓരോവര്‍ഷവും കുറഞ്ഞുവരികയാണ്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്.

പണ ലഭ്യത ഉറപ്പാക്കാന്‍ ഒഎംഒ വഴി 20,000 കോടി രൂപയാണ് വിപണിയിലെത്തിക്കാനൊരുങ്ങി ആര്‍ബിഐ

കൊറോണ പ്രതിസന്ധി വരുത്തി വച്ച സാമ്പത്തിക അസ്ഥിരത പരിഹരിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് വീണ്ടും വിപണിയില്‍ ഇടപെടുന്നു. പണലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍(ഒഎംഒ)വഴി 20,000 കോടി രൂപയാണ് വിപണിയിലെത്തിക്കുക. ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന് തിയതികളില്‍ രണ്ടുഘട്ടമായി സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങുകയും വില്‍ക്കുകയുംചെയ്താണ് ആര്‍ബിഐ ഇടപെടുക.

കച്ചവട സ്ഥാപനങ്ങളിലുള്ളവര്‍ക്ക് തന്നെ ഇനി മുതല്‍ ചരക്കിറക്കാം: സുപ്രീം കോടതി

കച്ചവട സ്ഥാപനങ്ങളുടെ ചരക്ക് വിതരണ വാഹനങ്ങളില്‍ നിന്ന് ചരക്കിറക്കാന്‍ ചുമട്ടു തൊഴിലാളിക്കല്ല, അവിടുത്തെ ജീവനക്കാര്‍ക്ക് തന്നെ. ജീവനക്കാര്‍ക്ക് ചരക്കിറക്കാന്‍ അനുമതി നല്‍കുന്ന ഹൈക്കോടതി ഉത്തരവ് ശരിവച്ചു കൊണ്ട് സുപ്രീം കോടതി അറിയിപ്പ് പുറത്തിറക്കി. ഓരോ പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളുടെ വിതരണവും ചരക്കിറക്കും അതാത് പ്രദേശങ്ങളുടെ ചുമട്ടു തൊഴിലാളികള്‍ക്കാണെന്ന ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡിന്റെ വാദം പൊളിച്ചു കൊണ്ടുള്ളതാണ് സുപ്രീം കോടതി വിധി. 2016 ല്‍ ജീവനക്കാരെക്കൊണ്ട് ചുമടിറക്കാന്‍ അനുവദിക്കാതെ തൊഴിലാളി യൂണിയന്‍ ഇടപെട്ട വിഷയത്തിന്റെ തര്‍ക്കമാണ് സുപ്രീം കോടതി വരെ എത്തിയത്. മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വലിയ തല വേദനയായി മാറിയ നോക്കു കൂലി വിഷയത്തിനും ഇതോടെ അന്ത്യമാകുമെന്നാണ് കരുതുന്നത്.

ഫ്ളാറ്റ് ഡെലിവറി വൈകി; നഷ്ടപരിഹാരം ഉയര്‍ത്തി സുപ്രീം കോടതി

ഫ്ളാറ്റ് ഡെലിവറിയില്‍ വരുന്ന കാലതാമസത്തിന് ഉപഭോക്താക്കള്‍ക്ക് കെട്ടിട നിര്‍മ്മാതാവില്‍ നിന്നു വാര്‍ഷിക പലിശ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി. ബെംഗളൂരുവിലെ ഡിഎല്‍എഫ് സതേണ്‍ ഹോംസ് പ്രൈവറ്റ് ലിമിറ്റഡും അനബെല്‍ ബില്‍ഡേഴ്സും ചേര്‍ന്ന് ബേഗുവില്‍ നിര്‍മ്മിച്ച 1980 ഫ്ളാറ്റുകളുടെ ഉടമകള്‍ക്കാണ് 2 വര്‍ഷം മുതല്‍ 4 വര്‍ഷം വരെ ഉണ്ടായ കാലതാമസത്തിന് വിലയിന്മേല്‍ 6 ശതമാനം വാര്‍ഷിക പലിശ നല്‍കാന്‍ കോടതി ഉത്തരവായത്.

പായ്ക്ക് ചെയ്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കണമെന്ന് ആവശ്യം

ഓഗസ്റ്റ് 27 ലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി നികുതി നിരക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ ഫുഡ് പ്രോസസേഴ്സ് അസോസിയേഷന്‍ (എഐഎഫ്പിഎ). അച്ചാറുകള്‍, റെഡി ടു ഈറ്റ് ഭക്ഷ്യ വസ്തുക്കള്‍, ചിപ്പ്സ്, ഇന്‍സ്റ്റന്‍ഡ് മീല്‍സ്, സ്നാക്സ് എന്നിവയുടെ നികുതി നിരക്ക് നിലവിലെ 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണമെന്നാണ് വ്യവസായ കൂട്ടായ്മയുടെ ആവശ്യം. ഇതു സംബന്ധിച്ച് ധനമന്ത്രിക്കും ഭക്ഷ്യ സംസ്‌കാരണ വ്യവസായ മന്ത്രാലയത്തിനും എഐഎഫ്പിഎ കത്തെഴുതി.

പിഎന്‍ബി, ഒബിസി, യുബിഐ ലയനം: ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് പിഎന്‍ബി സിഇഒ

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിപ്പിച്ചതിനാല്‍ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് എംഡിയും സിഇഒയുമായ എസ്എസ് മല്ലികാര്‍ജുന റാവു അറിയിച്ചു. ലയനം 2020 ഏപ്രില്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വന്നത്. ബിസിനസ്, ബ്രാഞ്ച് ശൃംഖല എന്നിവയുടെ കാര്യത്തില്‍ ലയനത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദേശസാല്‍കൃത ബാങ്കിനെ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it