ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 25, 2020

കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്. ഇന്നലെ മാത്രം 53 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള അഞ്ച് പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം.

ഇന്ത്യയില്‍

രോഗികള്‍ : 138,845 (ഇന്നലെ 131,868

മരണം : 4,021 (ഇന്നലെ 3,867

ലോകത്ത്

രോഗികള്‍: 5,407,613 (ഇന്നലെ 5,310,362)

മരണം: 345,059 (ഇന്നലെ 342,097)

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ വില

ഒരു ഗ്രാം സ്വര്‍ണം: 4,352 രൂപ (ഇന്നലെ 4,351)

ഒരു ഡോളര്‍ : 75.90 രൂപ (ഇന്നലെ 75.98)

ക്രൂഡ് ഓയ്ല്‍

WTI Crude 33.48 +0.23 (ഇന്നലെ: 33.25 -0.67)

Brent Crude 35.15 +0.02 (ഇന്നലെ : 35.13 -0.93)

Natural Gas 1.724 -0.007 (ഇന്നലെ: 1.731 +0.021)

മറ്റ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

മുന്‍കൂട്ടി അറിയിക്കാതെ വിമാനങ്ങള്‍ റദ്ദാക്കി; മിക്ക വിമാനത്താവളങ്ങളിലും ബഹളം

കോവിഡ് ലോക്ഡൗണില്‍ റദ്ദാക്കിയിരുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്നു പുനരാരംഭിച്ചതിനു പിന്നാലെ മിക്ക വിമാനത്താവളങ്ങളിലും ആശയക്കുഴപ്പവും ബഹളവും അരങ്ങേറി. ഭൂരിപക്ഷം സര്‍വീസുകളും റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതം അനുഭവിച്ചത്. വിമാനം ക്യാന്‍സല്‍ ചെയ്തതിനെക്കുറിച്ച് വിമാനക്കമ്പനികളുടെ ഭാഗത്തുനിന്നു യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു യാത്രക്കാര്‍ പറഞ്ഞു.ഡല്‍ഹിയിലേക്കും ഡല്‍ഹിയില്‍നിന്നു പുറത്തേക്കുമുള്ള 82 വിമാനങ്ങള്‍ റദ്ദാക്കി.

രാജ്യാന്തര വിമാനങ്ങളില്‍ മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടണമെന്ന് സുപീം കോടതി

വിദേശത്തുനിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള രാജ്യാന്തര വിമാനങ്ങളിലെ മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടണമെന്ന് സുപീം കോടതി. കൊറോണ വൈറസിനെതിരായ മുന്‍കരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കണമെന്നത് സാമാന്യ ബോധത്തിന്റെ ഭാഗമാണ്. എന്നാല്‍ ജൂണ്‍ 6 വരെയുള്ള ടിക്കറ്റുകള്‍ വിറ്റുപോയതിനാല്‍ എയര്‍ ഇന്ത്യയ്ക്ക് അടുത്ത 10 ദിവസം മധ്യഭാഗത്തെ സീറ്റില്‍ ആളുകളെ കയറ്റാമെന്നു കോടതി നിര്‍ദേശിച്ചു. രാജ്യാന്തര വിമാനങ്ങള്‍ക്കു മാത്രമാണു നിലവില്‍ സുപ്രീം കോടതി നിര്‍ദേശം ബാധകം

സംസ്ഥാനത്തിന്റെ ചെലവുകളില്‍ 15% വര്‍ധനവെന്ന് മുഖ്യമന്ത്രി

ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ചെലവുകളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഇത്തവണ 15% വര്‍ധനവുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എങ്കിലും കേരളത്തിന് അര്‍ഹമായ കേന്ദ്ര സഹായം ലഭ്യമാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.പ്രതിസന്ധി മറികടക്കാന്‍ തനതായ വഴികള്‍ കണ്ടെത്തല്‍ മാത്രമേ മാര്‍ഗമുള്ളൂ-മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്കും സാധാരണക്കാര്‍ക്കും താങ്ങാകാന്‍ കേരള ബാങ്ക്

കോവിഡ് പ്രതിസന്ധിയില്‍ പ്രവാസികള്‍ക്കും സാധാരണജനങ്ങള്‍ക്കും താങ്ങായി കേരള ബാങ്ക് ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് കേരള ബാങ്കായിരിക്കുമെന്നും ഇടതു സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക വ്യാവസായിക രംഗത്ത് നൂതന ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും കേരള ബാങ്ക് ശക്തി പകരും. ഇടപാടുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനവും ഉയര്‍ന്ന നിരക്കില്‍ കാര്‍ഷിക വായ്പയും നല്‍കാന്‍ കഴിയും.

വിശാഖപട്ടണത്ത് വാതക ചോര്‍ച്ചയ്ക്കിടയാക്കിയ കമ്പനിയുടെ വസ്തുവകകള്‍ പിടിച്ചെടുക്കും

വിശാഖപട്ടണത്ത് വാതക ചോര്‍ച്ചയ്ക്കിടയാക്കിയ എല്‍ജി പോളിമേഴ്‌സ് കമ്പനിയുടെ വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ ആന്ധ്ര പ്രദേശ് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കോടതിയുടെ ഉത്തരവില്ലാതെ കമ്പനി ഡയറക്ടര്‍മാരെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ചു. അന്വേഷണം നടക്കുന്നതിനിടെ കമ്പനിയില്‍നിന്ന് സ്റ്റൈറീന്‍ ഗ്യാസ് ദക്ഷിണ കൊറിയയിലേക്ക് കടത്തിയതിനെതി കോടതി രൂക്ഷമായി വിമര്‍ശിച്ചു.

വരുമാനം ഇടിഞ്ഞ് എച്ച്ഡിഎഫ്‌സി; ലാഭവും കുറഞ്ഞു

മാര്‍ച്ച് 31ന് അവസാനിച്ച പാദത്തിലെ എച്ച്ഡിഎഫ്‌സി അറ്റാദായം 2,233 കോടിയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേപാദത്തില്‍ 2,862 കോടിയായിരുന്നു.ഓഹരിയൊന്നിന് 21 രൂപയുടെ ലാഭവിഹിതം നല്‍കും. കമ്പനിക്ക് ലഭിച്ച ലാഭവിഹിതത്തില്‍ കാര്യമായ ഇടിവുണ്ടായി. മാര്‍ച്ച് പാദത്തില്‍ രണ്ടു കോടി രൂപ മാത്രമാണ് ഈയിനത്തില്‍ ലഭിച്ചത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 537 കോടി രൂപയാണ് ലഭിച്ചത്. നിക്ഷേപങ്ങള്‍ വിറ്റ് മുന്‍വര്‍ഷം 321 കോടി രൂപലഭിച്ചപ്പോള്‍ ഈവര്‍ഷം മാര്‍ച്ച് പാദത്തില്‍ കിട്ടയതും രണ്ടു കോടി മാത്രം.

ജിയോ മാര്‍ട്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

റിലയന്‍സ് റീട്ടെയില്‍ സ്മാര്‍ട്ട്, റിലയന്‍സ് ഫ്രഷ് സ്റ്റോറുകളുമായി ബന്ധപ്പെട്ട് ഇ- കൊമേഴ്‌സ് കമ്പനിയായ ജിയോ മാര്‍ട്ട് കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു.ജിയോമാര്‍ട്ട് ഡോട്ട് കോം എന്ന വെബ് സൈറ്റ് വഴി ഓര്‍ഡര്‍ നല്‍കുന്നതിനാണ് നിലവിലെ സൗകര്യം .മൊബൈല്‍ ആപ്പും എത്തും. 50,000ലധികം പലചരക്ക്, എഫ്എംസിജി, ഭക്ഷ്യ ഉത്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഡെലിവറി ചാര്‍ജില്ലാതെ കമ്പനി കമ്പനി വാഗ്ദാനം ചെയ്യുന്നു.

കേരളത്തില്‍ നാല് വര്‍ഷം കൊണ്ട് 1900 സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപം 875 കോടിരൂപയായി

2016 മുതല്‍ സംസ്ഥാനത്ത് 1900 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിക്ഷേപം രണ്ട് കോടി ഇരുപത് ലക്ഷത്തില്‍നിന്നു 875 കോടിയായി വര്‍ധിച്ചു.വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ 1600-ലധികം സ്റ്റാര്‍ട്ടപ്പുകള്‍, രണ്ട് ലക്ഷത്തിലധികം ഇന്‍കുബേഷന്‍ സ്പെയ്സുകള്‍ ഇന്ന് കേരളത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സൗന്ദര്യ സംവര്‍ദ്ധക ഉത്പന്ന വിപണന സംരംഭവുമായി സാല്‍മാന്‍ ഖാന്‍

പുതിയ ബിസിനസ് സംരംഭത്തിലൂടെ ഫ്രഷ്(എഫ്ആര്‍എസ്എച്ച്) എന്ന ബ്രാന്‍ഡില്‍ സൗന്ദര്യ സംവര്‍ദ്ധക ഉത്പന്ന വിപണനത്തിലേക്ക് ബോളിവുഡ് മെഗാസ്റ്റാര്‍ സാല്‍മാന്‍ ഖാന്‍. ആദ്യം ഡിയോഡെറന്റുകളാണ് ലക്ഷ്യമിട്ടിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യവും ആവശ്യകതയും കണക്കിലെടുത്ത് സാനിറ്റൈസറുകളാണ് വിപണിയിലെത്തിച്ചിട്ടുള്ളതെന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത് വീഡിയോയില്‍ പറയുന്നു.72 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതാണ് സാനിറ്റൈസര്‍. ഭാവിയില്‍ പെര്‍ഫ്യൂമുകള്‍ വിപണിയിലെത്തിക്കും.

എം.സി.എക്സ് വഴി ഇനി നെഗറ്റീവ് വിലയിലും ട്രേഡിംഗ്

മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എം.സി.എക്സ്) വഴി ഇനി നെഗറ്റീവ് വിലയിലും ട്രേഡിംഗ് നടത്താന്‍ കഴിയും. ഇതിനു വേണ്ടി എക്സ്ചേഞ്ചിന്റെ സോഫ്റ്റ്വെയറില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 21 ന് ക്രൂഡ് ഓയില്‍ നെഗറ്റീവ് വിലനിലവാരത്തിലേക്ക് വന്നത് ഇന്ത്യയില്‍ നിന്നുള്ള ഇടപാടുകാര്‍ക്ക് സങ്കീര്‍ണ്ണ പ്രശ്നമായശേഷമാണ് സോഫ്റ്റ്വെയയറില്‍ ഇതിനുവേണ്ട മാറ്റം വരുത്തിയത്.

മൂന്നു മാസത്തേക്ക് മദ്യത്തിന് കേരളത്തിലെ വില തന്നെ മാഹിയിലും

മാഹിയില്‍ അടുത്ത മൂന്നു മാസത്തേക്ക് മദ്യത്തിന് കേരളത്തിലെ അതേ വില ഈടാക്കുമെന്ന് അധികൃതര്‍. വിലക്കുറവ് മൂലം കേരളത്തില്‍ നിന്ന് ആളുകള്‍ കൂട്ടമായെത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് വില വര്‍ധിപ്പിക്കുന്നത്. കേരളത്തില്‍ മദ്യവില്‍പന ശാലകള്‍ തുറക്കുന്ന സമയത്ത് മാത്രമേ മാഹിയിലും തുറക്കു. പാഴ്‌സലായേ മദ്യം ലഭിക്കു. ആധാര്‍ നമ്പറുള്ള പുതുച്ചേരി സംസ്ഥാനത്തുള്ളവര്‍ക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളുവെന്ന നിബന്ധന എടുത്ത് കളഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it