ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 18, 2020

കൊറോണ അപ്‌ഡേറ്റ്‌സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 1758 പേര്‍ക്ക് കൂടി കോവിഡ്. (ഇന്നലെ 1725) 16,274 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 2,702,742 (ഇന്നലെ വരെയുള്ള കണക്ക്: 2,647,663)

മരണം : 51,797 (ഇന്നലെ വരെയുള്ള കണക്ക്: 50,921)

ലോകത്ത് ഇതുവരെ

രോഗികള്‍: 21,881,858(ഇന്നലെ വരെയുള്ള കണക്ക്: 21,672,186)

മരണം: 774,034 (ഇന്നലെ വരെയുള്ള കണക്ക്: 775,244 )

ഓഹരി വിപണിയില്‍ ഇന്ന്

നിക്ഷേപകര്‍ താല്‍പ്പര്യത്തോടെ മുന്നോട്ട് വന്നതോടെ ഇന്നും ഓഹരി സൂചികകള്‍ നേട്ടത്തില്‍. സെന്‍സെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. 478 പോയ്ന്റ് അഥവാ 1.26 ശതമാനമാണ് സെന്‍സെക്സ് ഉയര്‍ന്നത്. നിഫ്റ്റി 138 പോയ്ന്റ്, 1.23 ശതമാനം ഉയര്‍ന്നു. സെന്‍സെക്സ് 38,528ലും നിഫ്റ്റി 11,385ലും ക്ലോസ് ചെയ്തു. എച്ച് ഡി എഫ് സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് എന്നിവയാണ് സെന്‍സെക്സിന്റെ മുന്നേറ്റത്തിന് കരുത്ത് പകര്‍ന്ന കമ്പനികള്‍.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ എട്ട് ഓഹരികളൊഴികെ ബാക്കിയെല്ലാം ഇന്ന് നേട്ടത്തിലായിരുന്നു. ആറ് ശതമാനത്തിലധികം വില വര്‍ധിച്ച നിറ്റ ജെലാറ്റിന്‍ ഓഹരികളാണ് ഇന്ന് പ്രകടനത്തില്‍ മുന്നില്‍. കേരള ബാങ്കുകളെയെടുത്താല്‍ ധനലക്ഷ്മി ബാങ്ക് ഓഹരി ഒഴികെയുള്ളവ നേട്ടത്തിലായിരുന്നു. സിഎസ്ബി ബാങ്ക് ഓഹരി വിലയില്‍ മൂന്നുശതമാനത്തിലധികം വര്‍ധനയുണ്ടായി.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 5000 രൂപ (ഇന്നലെ 4,900രൂപ )

ഒരു ഡോളര്‍: 74.65 രൂപ (ഇന്നലെ: 74.82രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude41.83+0.61
Brent Crude44.85+0.45
Natural Gas2.260+0.022

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍:

കേരളത്തിലെ ടൂറിസം മേഖലയില്‍ 25,000 കോടി നഷ്ടം; 455 കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചു

കോവിഡ് മൂലം സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ 25000 കോടിയുടെ നഷ്ടം ഉണ്ടായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതു മൂലം പതിനായിരങ്ങളാണ് പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തില്‍ 455 കോടിയുടെ വായ്പ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 25 ലക്ഷം രൂപ വരെ സംരംഭകര്‍ക്ക് വായ്പയായി ലഭിക്കും. പലിശയില്‍ 50 ശതമാനം സബ്സിഡിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ടൂറിസം മേഖലയിലുള്ളവര്‍ക്ക് ആശ്വാസ വായ്പയുമായി കേരള ബാങ്ക്

ടൂറിസം കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഇനിയും നാളുകള്‍ ഏറെയെടുക്കും. ഈ അവസരത്തില്‍ മേഖലയ്ക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് കേരള ബാങ്കുമായി ചേര്‍ന്ന് സംസ്ഥാന ടൂറിസം വകുപ്പ്. മേഖലയിലുള്ളവര്‍ക്ക് രണ്ട് പുതിയ വായ്പാ പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ടൂറിസം സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഗുണകരമാകുന്ന പദ്ധതിയില്‍ 30000 രൂപ വരെയാണ് ഓരോ ജീവനക്കാരനും ലോണായി അനുവദിക്കുക. ഇത്തരത്തില്‍ 20000, 25000, 30000 എന്നിങ്ങനെ മൂന്നു വായ്പാ വിഭാഗങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഒമ്പത് ശതമാനം പലിശയ്ക്കായിരിക്കും ലോണുകള്‍ ലഭിക്കുക.

തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനത്തിന് മുകളില്‍; സമ്പദ്വ്യവസ്ഥയിലെ സമ്മര്‍ദ്ദം വര്‍ധിക്കുന്നു

ഓഗസ്റ്റ് 16 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മാ നിരക്ക് ഒമ്പത് ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി 9.1 ശതമാനമായി ഉയര്‍ന്നു. കാര്‍ഷിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍ വിതയ്ക്കല്‍ സീസണ്‍ കഴിഞ്ഞതോടെ കുറഞ്ഞതിനെ തുടര്‍ന്നാണ് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 9 വരെയുള്ള ആഴ്ചയില്‍ ഇത് 8.67 ശതമാനമായിരുന്നു.

എഡിബി വൈസ് പ്രസിഡന്റാകാന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജി നല്‍കി

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് അശോക് ലവാസ രാജിവെച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം തന്റെ രാജിക്കത്ത് നല്‍കി. എഡിബി വൈസ് പ്രസിഡന്റായി അടുത്തമാസം ചുമതലയേല്‍ക്കാനാണ് രാജി നല്‍കിയത്. ഓഗസ്റ്റ് 31നാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനം.

ഐ.പി.എല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഡ്രീം ഇലവന്; 222 കോടിയുടെ കരാര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഫാന്റസി സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവന്. ലേലത്തില്‍ 222 രൂപയ്ക്കാണ് ഡ്രീം ഇലവന്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം ഒരു വര്‍ഷത്തേക്ക് സ്വന്തമാക്കിയത്. ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോ പിന്മാറിയതോടെയാണ് ബി.സി.സി.ഐ പുതിയ സ്‌പോണ്‍സര്‍ഷിപ്പിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചത്. ബൈജൂസ് ആപ്പ് (201 കോടി രൂപ), അണ്‍അക്കാദമി (170 കോടി) എന്നിവരാണ് സ്‌പോണ്‍സര്‍ഷിപ്പിനായി രംഗത്തുണ്ടായിരുന്നത്. ടാറ്റ ഗ്രൂപ്പ് ഇടയ്ക്ക് വെച്ച് പിന്‍വാങ്ങി.

തുറക്കാന്‍ അനുവദിക്കണമെന്ന് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓതറൈസ്ഡ് കോച്ചിങ് ആന്‍ഡ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ (എ.സി.ടി.ഐ.ഡബ്ല്യു). തങ്ങള്‍ സ്‌കൂളുകളുടെയും കോളേജുകളുടെയും പരിധിയില്‍ വരില്ലെന്നും മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സമാനമായി കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സ്വര്‍ണ വില താഴ്ന്ന ശേഷം ഉയരുന്നു; പവന് വീണ്ടും 40000

കേരളത്തില്‍ സ്വര്‍ണ വില ഇന്ന് വീണ്ടും കുത്തനെ ഉയര്‍ന്നു. പവന് 800 രൂപ വര്‍ദ്ധിച്ച് 40000 രൂപയായി. ഗ്രാമിന് 5000 രൂപയാണ് വില.ആഗോള വിപണികളിലും വില മേല്‍പോട്ടാണ്.ഡോളര്‍ ഒരാഴ്ചയ്ക്കുള്ളില്‍ 0.23 ശതമാനം ഇടിഞ്ഞത് സ്വര്‍ണത്തിനു പ്രിയം വീണ്ടും കൂടാന്‍ കാരണമായി. കേരളത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഓഗസ്റ്റ് 7,8,9 തീയതികളില്‍ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്. എംസിഎക്‌സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.18 ശതമാനം ഉയര്‍ന്ന് 53,370 രൂപയിലെത്തി.

ഐസിഐസിഐ ബാങ്കിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടി പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന

രാജ്യാതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോഴും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കില്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വന്‍തോതില്‍ നിക്ഷേപം നടത്തി.എച്ച്ഡിഎഫ്‌സി ലിമിറ്റഡില്‍ ഓഹരി വിഹിതമുയര്‍ത്തിയതിനു പിന്നാലെയാണ് ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണം അരങ്ങേറവേ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ ഈ ഇടപാട്. എച്ച്ഡിഎഫ്‌സിയുടെ ഒരു ശതമാനം ഓഹരി കഴിഞ്ഞ മാര്‍ച്ചില്‍ പിപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കിയതറിഞ്ഞതോടെ കേന്ദ്രസര്‍ക്കാര്‍ വിദേശ നിക്ഷപങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഒരു ശതമാനത്തിന് താഴെ ഓഹരികള്‍ പല കമ്പനികളിലായി ചൈനീസ് കേന്ദ്ര ബാങ്ക് സ്വന്തമാക്കിയിട്ടുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികള്‍ വാങ്ങാനായി 3,100 കോടി രൂപയാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന നിക്ഷേപിച്ചത്.

മോറട്ടോറിയം തീരുന്നു; ഇനി വായ്പാ പുനഃക്രമീകരണം

കോവിഡ് വ്യാപകമായ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ആറു മാസമായി നിലനില്‍ക്കുന്ന മോറട്ടോറിയം ഓഗസ്റ്റ് 31ന് അവസാനിക്കുന്നതോടെ സാമ്പത്തിക മേഖലയെ വലയം ചെയ്യുന്നത് പുതിയ ആശയക്കുഴപ്പങ്ങള്‍. ഭവന,വാഹന,വ്യക്തിഗത വിഭാഗങ്ങളിലെല്ലാം വായ്പയെടുത്ത മിക്കവരും അങ്കലാപ്പിലാണ്. പണമൊഴുക്ക് ഭേദപ്പെട്ട നിലയിലേക്കു തിരിച്ചെത്താതിരിക്കേ ഇ.എം.ഐ അടവ് എങ്ങനെ പുനരാരംഭിക്കും എന്ന ആശങ്ക പങ്കുവയ്ക്കുന്നു സ്ഥിര ശമ്പളക്കാരൊഴികെ, വായ്പയെടുത്തവരില്‍ നല്ലൊരു വിഭാഗം പേരും. ഒരു മേഖലയില്‍ പോലും സാമ്പത്തികത്തളര്‍ച്ച ഒഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് സെപ്റ്റംബര്‍ മുതല്‍ വായ്പകളുടെ തവണകള്‍ തിരിച്ചടയ്ക്കേണ്ടിവരുന്നത്.മോറട്ടോറിയം കാലത്തെ പലിശ വരുന്ന മാര്‍ച്ചിനുള്ളില്‍ അടച്ചു തീര്‍ത്താല്‍ മതിയെന്നതാണ് ഏക ആശ്വാസം.

TUESDAY MONEY MATTERS : ബിസിനസുകാരെ നിങ്ങള്‍ സംരംഭത്തിന്റെ ‘സ്‌ട്രെസ് ടെസ്റ്റിംഗ്‌’ നടത്തിയോ?

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it