ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 15, 2020

കേരളത്തില്‍ ഇന്ന് 82 കോവിഡ് രോഗികള്‍

കേരളത്തില്‍ ഒരു വയസ്സുകാരി ഉള്‍പ്പെടെ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും തിരുവനന്തപുരം (മരിച്ചയാള്‍), വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗനിര്‍ണയത്തില്‍ പോസിറ്റീവ് ആയത്.

ഇന്ത്യയില്‍

രോഗികള്‍ 332,424 (ഇന്നലെ 3,20,922 )

മരണം 9,520(ഇന്നലെ 9,195)

ലോകത്ത്

രോഗികള്‍ 7,900,924 (ഇന്നലെ 7,787,271)

മരണം 433,066 (ഇന്നലെ 430,000)

ഓഹരി വിപണിയില്‍ ഇന്ന്

പുതിയ വ്യാപാര ആഴ്ച ഓഹരി വിപണിക്ക് നഷ്ടത്തോടെ തുടക്കം. ബാങ്കിംഗ്, ധനകാര്യ ഓഹരികളിലെ കനത്ത വില്‍പ്പനയെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ തിങ്കളാഴ്ച രണ്ടു ശതമാനത്തിനടുത്ത് ഇടിവ് രേഖപ്പെടുത്തി. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതും ചൈനയില്‍ രണ്ടാം ഘട്ട വ്യാപനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതുമാണ് വിപണിയെ ബാധിച്ചത്. ആഗോള വിപണികളിലും ഇടിവ് പ്രകടമായിരുന്നു. സെന്‍സെക്സ് 552.09 പോയ്ന്റ് ഇടിഞ്ഞ് 33.228.80 ലും നിഫ്റ്റി 159.20 പോയ്ന്റ് അഥവാ 1.60 ശതമാനം ഇടിഞ്ഞ് 9813.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ കൊച്ചിന്‍ ഷിപ് യാര്‍ഡും ഹാരിസണ്‍സ് മലയാളവും ഉള്‍പ്പെടെ 11 ഓഹരികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു. ധനകാര്യമേഖലാ ഓഹരിയായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് കേരള കമ്പനികളില്‍ ഇന്ന് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത്. കമ്പനിയുടെ ഓഹരി വില 15.95 ശതമാനം വര്‍ധിച്ച് 26.90 രൂപയായി. ജെആര്‍ജിയുടെ ഓഹരി വില 7.36 ശതമാനം നേട്ടമുണ്ടാക്കി.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ വില:

ഒരു ഗ്രാം സ്വര്‍ണം (22 കാരറ്റ്): 4,375 രൂപ (ഇന്നലെ 4,376 രൂപ)

ഒരു ഡോളര്‍ : 75.98 രൂപ (ഇന്നലെ 75.98 രൂപ )

ക്രൂഡ് ഓയ്ല്‍ നിരക്ക്:

WTI Crude35.13-1.13
Brent Crude38.09-0.64
Natural Gas1.679-0.052

മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

ടാറ്റ മോട്ടോഴ്‌സിന് 9,864 കോടി രൂപ ത്രൈമാസ നഷ്ടം

മാര്‍ച്ച് 31 ന് അവസാനിച്ച ത്രൈമാസത്തില്‍ ടാറ്റ മോട്ടോഴ്‌സിന് 9,863.75 കോടി രൂപ നഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,108.66 കോടി രൂപ ലാഭമായിരുന്നു. മൊത്തം പ്രവര്‍ത്തന വരുമാനം 62,492.96 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 86,422.33 കോടി രൂപയായിരുന്നു. കമ്പനിയുടെ മുന്‍നിര അനുബന്ധ സ്ഥാപനമായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന് (ജെഎല്‍ആര്‍) മാര്‍ച്ച് പാദത്തില്‍ 501 മില്യണ്‍ പൗണ്ട് നഷ്ടമുണ്ടായി.

ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വില്‍പ്പന ചൈനയില്‍ വീണ്ടും മുന്നേറ്റ പാതയില്‍

ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പന ചൈനയില്‍ വീണ്ടും ഉയര്‍ന്നു തുടങ്ങിയതിന്റെ ആത്മവിശ്വാസത്തില്‍ ടാറ്റ മോട്ടോഴ്‌സ്. കൊറോണ വ്യാപനം മൂലം മാസങ്ങളുടെ നിഷ്‌ക്രിയത്വത്തെത്തുടര്‍ന്ന് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ ക്രമേണ ബിസിനസിനായി തുറന്നതിനുശേഷം മെച്ചപ്പെട്ട പ്രകടനമാണ് കണ്ടു തുടങ്ങിയിട്ടുള്ളതെന്ന് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഉല്‍പ്പാദകരായ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിലെ ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ബാലാജി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ജൂണ്‍ മാസം 19 മുതല്‍ 30 വരെ കര്‍ശന നിയന്ത്രണങ്ങള്‍.

ഇസ്ലാമാബാദില്‍ കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ജീവനക്കാര്‍ ഐ.എസ്.ഐയുടെ കസ്റ്റഡിയില്‍

ഇസ്ലാമാബാദില്‍ കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ജീവനക്കാര്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ കസ്റ്റഡിയിലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ നേരത്തെ ന്യൂഡല്‍ഹിയില്‍ നിന്നും നാടുകടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗികാവശ്യത്തിനായി പുറപ്പെട്ട രണ്ട് ഉദ്യോഗസ്ഥരെ കാണാനില്ല എന്ന വിവരം പുറത്തു വരുന്നത്.

ഒന്‍പത് ദിവസത്തിനിടെ ഇന്ധന വില ഉയര്‍ന്നത് 5 രൂപ

തുടര്‍ച്ചയായ ഒന്‍പതാം ദിവസവും രാജ്യത്ത് ഇന്ധന വില കൂട്ടി എണ്ണക്കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 48 പൈസയും ഡീസല്‍ 59 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ വില 76.52 രൂപയും ഡീസല്‍ വില 70.75 രൂപയുമായി.

മെയ് മാസത്തെ മൊത്ത വില ഇടിവ് 3.2 ശതമാനം

കൊറോണ പകര്‍ച്ചവ്യാധി മൂലം ഉപഭോഗത്തിലുണ്ടായ കുറവ് കാരണം രാജ്യത്തെ മെയ് മാസത്തെ മൊത്ത വിലകളില്‍ 3.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. മൊത്ത വില സൂചികയുടെ (ഡബ്ലിയുപിഐ) ഏപ്രിലിലെ കണക്കുകള്‍ ലഭ്യമല്ലെങ്കിലും കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഡബ്ല്യുപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2.79 ശതമാനമായിരുന്നു. പ്രധാന വിഭാഗങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മെയ് മാസത്തില്‍ 1.13 ശതമാനമായിരുന്നു. എന്നാല്‍, ഈ വിഭാഗത്തിലെ പച്ചക്കറി വില 12.48 ശതമാനം ഇടിഞ്ഞു.

ഫ്രാങ്ക്ളിന്‍ ടെംപിള്‍ട്ടണ് ആശ്വാസം; വോഡാഫോണ്‍ ഐഡിയയില്‍ നിന്ന് 103 കോടി പലിശ

വോഡാഫോണ്‍ ഐഡിയ ലിമിറ്റഡില്‍ നിന്ന് ഫ്രാങ്ക്ളിന്‍ ടെംപിള്‍ട്ടണ് കടപ്പത്രങ്ങളുടെ പലിശയായി 103 കോടി രൂപ ലഭിച്ചു. ഈ തുക നിക്ഷേകര്‍ക്ക് ഉടനെ കൈമാറും. യുടിഐ മ്യൂച്വല്‍ ഫണ്ട്, നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് എന്നിവയ്ക്ക് യഥാക്രമം 13.5 കോടി, 9.3 കോടി രൂപ വീതവും വോഡാഫോണ്‍ ഐഡിയ നല്‍കി.

തുടര്‍ച്ചയായി 16-ാം വര്‍ഷവും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ ആള്‍ട്ടോ

തുടര്‍ച്ചയായി 16-ാം വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ മോഡല്‍ മാരുതി സുസുക്കിയുടെ ആള്‍ട്ടോ തന്നെ. 2004-ല്‍ ആണ് (വിപണിയിലെത്തിച്ച് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറെന്ന നേട്ടം മാരുതി ആള്‍ട്ടോ സ്വന്തമാക്കിയത്. അതിനു ശേഷം ആ സ്ഥാനം കൈവിട്ടില്ല. 2019 നവംബറില്‍ 38 ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യയിലെ ഏക കാറായി ആള്‍ട്ടോ മാറിയിരുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 39 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചു.

സ്വകാര്യ മേഖലാ ബാങ്ക് പ്രവര്‍ത്തനം വിലയിരുത്താന്‍ ആര്‍ബിഐ വര്‍ക്കിംഗ് ഗ്രൂപ്പ്

സ്വകാര്യമേഖല ബാങ്കുകളുടെ ഉടമസ്ഥാവകാശം, ഭരണം, കോര്‍പ്പറേറ്റ് ഘടന എന്നിവയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് അഞ്ച് അംഗ ഇന്റേണല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. 2020 സെപ്റ്റംബര്‍ 30 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സമിതിക്ക് റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍ പി കെ മൊഹന്തി നേതൃത്വം നല്‍കുമെന്ന് പത്രക്കുറിപ്പില്‍ ബാങ്ക് വ്യക്തമാക്കി.

മേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണ നടപടി മരവിപ്പിക്കുമെന്ന് സൂചന

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ (പിഎസ്ബി) സ്വകാര്യവല്‍ക്കരണ നടപടികള്‍ ഉപേക്ഷിച്ചേക്കുമെന്ന് സൂചന. പൊതുമേഖല ബാങ്കുകളുടെ കുറഞ്ഞ മൂല്യനിര്‍ണ്ണയ സാധ്യതയും കൊവിഡ് -19 പ്രതിസന്ധിക്കിടയില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ആസ്തികളില്‍ ഉണ്ടായ വര്‍ധനയുമാണ് ഇതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന വസ്തുതകള്‍. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സ്വകാര്യവല്‍ക്കരണ നീക്കത്തിനു വിധേയമാകുമെന്നു കരുതപ്പെടുന്ന ബാങ്കുകള്‍.

വിദേശനാണ്യ കരുതല്‍ ധനം 8.22 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നു

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ധനം 8.22 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് ആദ്യമായി അര ട്രില്യണ്‍ കടന്നു. ജൂണ്‍ 5 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ധനം 501.70 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് വിദേശ കറന്‍സി ആസ്തിയില്‍ വന്‍ വര്‍ധനവിന് കാരണമായി. മൊത്തം കരുതല്‍ ധനത്തിന്റെ പ്രധാന ഭാഗമായ വിദേശ കറന്‍സി ആസ്തി 8.42 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 463.63 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.

ശ്രമിക് ട്രെയിനുകള്‍ 4450; 60 ലക്ഷം തൊഴിലാളികള്‍ തിരിച്ചെത്തി

മെയ് 1 മുതല്‍ രാജ്യത്ത് 4450 ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് നടത്തിയതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ് വ്യക്തമാക്കി. ഇതുവരെ 60 ലക്ഷം തൊഴിലാളികളെ വിവിധ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിച്ചു. ശ്രമിക് ട്രെയിനുകളിലെ ശരാശരി നിരക്ക് 600 രൂപയാണ്. ഈ ഇനത്തില്‍ റെയില്‍വേയ്ക്ക് ലഭിക്കേണ്ടുന്ന വരുമാനം 360 കോടി രൂപയോളമാണ്. എന്നാല്‍ പ്രവര്‍ത്തനച്ചെലവിന്റെ 15 ശതമാനം മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ജിയോയില്‍ പത്താമത്തെ നിക്ഷേപം യുഎസ് കമ്പനിയില്‍ നിന്ന്

ജിയോ പ്ലാറ്റ്ഫോംസില്‍ നിക്ഷേപത്തിന് അമേരിക്കയിലെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എല്‍ കാറ്റര്‍ട്ടണും.മുകേഷ് അംബാനിയുടെ സംരംഭത്തില്‍ ഏഴ് ആഴ്ചയ്ക്കിടെ നിക്ഷേപം നടത്തുന്ന പത്താമത്തെ സ്ഥാപനം 1,894.50 കോടി രൂപയ്ക്ക് ഓഹരി വാങ്ങുന്നതിലൂടെ 0.39 ശതമാനം ഉടമസ്ഥാവകാശമായിരിക്കും സ്വന്തമാക്കുക.

രത്തന്‍ ടാറ്റയെ ഉന്നമിട്ട് ആരോപണം കടുപ്പിച്ച് സൈറസ് മിസ്ട്രി

ലാഭകരമല്ലാത്ത നിരവധി ബിസിനസുകളിലും പ്രോജക്ടുകളിലും ടാറ്റാ ഗ്രൂപ്പ് തുടര്‍ച്ചയായി നിക്ഷേപം നടത്തി വന്‍ ബാധ്യതയുണ്ടാക്കുന്നുവെന്ന ആരോപണവുമായി ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ട്രി സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2019 ലെ കണക്കനുസരിച്ച് 495 മില്യണ്‍ ഡോളര്‍ നഷ്ടം വരുത്തിയ നാനോ, ടാറ്റാ സ്റ്റീല്‍ യൂറോപ്പ് ഉള്‍പ്പെടെയുള്ള ബിസിനസുകളുടെ കാര്യം അദ്ദേഹം എടുത്തുപറയുന്നു.

അനില്‍ അംബാനി 1,200 കോടി തിരികെ നല്‍കണം; ലോ ട്രിബ്യൂണലില്‍ എസ്.ബി.ഐ

അനില്‍ അംബാനിയില്‍ നിന്ന് 1,200 കോടിയിലധികം രൂപ തിരിച്ചുപിടിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ (എന്‍സിഎല്‍ടി) അപേക്ഷ നല്‍കി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനും റിലയന്‍സ് ഇന്‍ഫ്രാടെലിനും നല്‍കിയ വായ്പകള്‍ക്ക് അംബാനി വ്യക്തിഗത ഗ്യാരണ്ടി നല്‍കിയതനുസരിച്ചാണ് പാപ്പരത്വ നിയമത്തിന്റെ പേഴ്‌സണല്‍ ഗ്യാരണ്ടി ക്ലോസ് പ്രകാരം തുക തിരിച്ചുപിടിക്കാനുള്ള നീക്കം.

ഫ്രോസണ്‍ ഫുഡ് വിപണിയില്‍ ചൈനയെ മറികടക്കാന്‍ ഇന്ത്യ

കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച വിവാദത്തില്‍ ആഗോള വികാരം ചൈനയെ പ്രതിക്കൂട്ടിലാക്കവേ ഫ്രോസണ്‍ ഫുഡ് വിപണിയിലെ മുന്‍തൂക്കം അവര്‍ക്കു നഷ്ടമാകുന്നതു മനസിലാക്കി ഇന്ത്യ രംഗത്തേക്ക്.കൂടുതല്‍ കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങളും ശീതീകരിച്ച കണ്ടെയ്നര്‍ (റീഫര്‍) വാഹനങ്ങളും ഒരുക്കാനായി എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു.

From the trending stories:

ചന്ദ്രനില്‍ ഭൂമിയുള്ള കോടീശ്വരന്‍; സുശാന്ത് സിംഗ് ഉപേക്ഷിച്ച് പോയത് ആഗ്രഹിച്ച് സ്വന്തമാക്കിയ ഈ ആസ്തികളും

അവഗണിക്കരുതേ ഈ സുചനകള്‍, ആത്മഹത്യാ സാധ്യത നേരത്തെ അറിയുക

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it