സ്വര്‍ണ്ണത്തിന് വില കുറയുന്നത് പ്രവാസികള്‍ക്ക് ആശ്വാസമാകും

കേന്ദ്ര ബജറ്റില്‍ സ്വര്‍ണ്ണം ഇറക്കുമതിയുടെ തീരുവ കുറക്കുന്നത് പ്രവാസി മലയാളികള്‍ക്ക് ആശ്വാസമാകും. കേരളത്തിലെ പ്രവാസി കുടുംബങ്ങളിലേക്ക് ഗള്‍ഫ് നാടുകളില്‍ നിന്ന് കൂടുതല്‍ സ്വര്‍ണ്ണമെത്താന്‍ ഇത് സഹായിച്ചേക്കും. ഉയര്‍ന്ന തീരുവ മൂലം ഗള്‍ഫില്‍ നിന്ന് നിയമാനുസരണം നാട്ടിലേക്ക് സ്വര്‍ണ്ണം കൊണ്ടു വരുന്നതിന്റെ തോത് ഏറെ കുറഞ്ഞിരുന്നു. വാണിജ്യാവശ്യങ്ങള്‍ക്കായി സ്വര്‍ണ്ണം കള്ളക്കടത്തായി കൊണ്ടുവരുന്നതാണ് ഇപ്പോഴത്തെ രീതി. ബജറ്റില്‍ തീരുവ കുറച്ചതിലൂടെ വില കുറയുമ്പോള്‍ സാധാരണക്കാരായ പ്രവാസികള്‍ പോലും ഗള്‍ഫില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങുന്നത് വീണ്ടും തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സ്വര്‍ണ്ണത്തിന്റെ നിയമാനുസൃതമായ ഇറക്കുമതി വര്‍ധിപ്പിക്കുകയും ചെയ്യും. അതേസമയം, ഇന്ത്യയില്‍ ഉണ്ടാകുന്ന വിലക്കുറവ് ദുബൈ പോലുള്ള ഗള്‍ഫ് വിപണിയില്‍ എങ്ങിനെ പ്രതിഫലിക്കുമെന്നതും പ്രധാനമാണ്്.

സ്വര്‍ണ്ണത്തിന്റെ ഗുണനിലവാരം പ്രധാനം

ഗള്‍ഫ് സ്വര്‍ണത്തിന് ഇപ്പോഴും കേരളത്തില്‍ ഡിമാന്റുണ്ട്. ഇന്ത്യന്‍ സ്വര്‍ണ്ണത്തേക്കാള്‍ ഗുണനിലവാരം ഇവക്കുണ്ടെന്നാണ് പൊതുവിലുള്ള വിശ്വാസം. ഇറക്കുമതി തീരുവ കുറവായിരുന്ന കാലത്ത് പ്രവാസി കുടുംബങ്ങളില്‍ വിവാഹ ആവശ്യങ്ങള്‍ക്ക് വലിയ തോതില്‍ സ്വര്‍ണ്ണം കൊണ്ടുവരാറുണ്ടായിരുന്നു. എന്നാല്‍ സ്വര്‍ണ്ണ വില കൂടിയതിന് പിന്നാലെ നികുതി കൂടി വര്‍ധിച്ചതോടെ ഗള്‍ഫില്‍ നിന്ന് കൊണ്ടുവരുന്ന സ്വര്‍ണ്ണത്തിന്റെ അളവ് കുറഞ്ഞു. ആറു മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങുന്ന ഇന്ത്യൻ പൗരന് നിയമപ്രകാരം പരമാവധി ഒരു കിലോ (125 പവന്‍) സ്വര്‍ണ്ണമാണ് ഡ്യൂട്ടി അടച്ച് കൊണ്ടുവരാവുന്നത്. വെള്ളിയാണെങ്കില്‍ 100 ഗ്രാമും. പുതിയ ഇറക്കുമതി നികുതി നിരക്ക് അനുസരിച്ച് അഞ്ച് പവന്‍ സ്വര്‍ണ്ണം കൊണ്ടു വരുമ്പോള്‍ പതിനായിരത്തോളം രൂപയുടെ കുറവ് വരും. സ്വര്‍ണ്ണം നാട്ടിൽ വിൽക്കുകയാണെങ്കിൽ വിമാന ടിക്കറ്റിനുള്ള പണം ഇതുവഴി ലഭിക്കുമെന്നു ചിന്തിക്കുന്ന സാധാരണക്കാരായ ഒട്ടേറെ പ്രവാസികളുണ്ട്.

ഗള്‍ഫ് വിപണിയെ എങ്ങിനെ ബാധിക്കും

ഇന്ത്യയില്‍ വിലകുറയുമ്പോള്‍ ഗള്‍ഫിലെ സ്വര്‍ണ്ണ വിപണി എങ്ങിനെ പ്രതികരിക്കുമെന്നാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന യു.എ.ഇയില്‍ അടുത്ത ദിവസങ്ങളില്‍ വിലയില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവാസികള്‍ കണക്ക് കൂട്ടുന്നത്. ബജറ്റില്‍ നികുതി കുറച്ചതോടെ ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണത്തിന് പെട്ടെന്ന് ഡിമാന്റ് കുറയുകയാണെങ്കില്‍ ദുബായ് മാര്‍ക്കറ്റില്‍ വിലകുറയാന്‍ സാധ്യത കാണുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ പിന്‍മാറുകയാണെങ്കില്‍, പണിക്കൂലിയിലൂടെയും മറ്റും വിലയിൽ കുറവ് വരുത്തി വില്‍പ്പന പിടിച്ചു നിര്‍ത്താന്‍ ഗള്‍ഫിലെ വിപണികള്‍ ശ്രമിച്ചേക്കും. ഇത് മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികളെ വിപണിയില്‍ സജീവമായി നിലനിര്‍ത്താന്‍ ഇടയാക്കും.

Related Articles

Next Story

Videos

Share it