Begin typing your search above and press return to search.
ട്രംപ് രണ്ടും കല്പിച്ച് തന്നെ! താക്കോല്‍ സ്ഥാനത്തേക്ക് 'മലയാളി' വിവേകും മസ്‌കും
ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്, ഇന്ത്യന്‍ വേരുകളുള്ള വിവേക് രാമസ്വാമി എന്നിവരെ ഉള്‍പ്പെടുത്തി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE) എന്ന പുതിയ സര്‍ക്കാര്‍ ഏജന്‍സി പ്രഖ്യാപിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫെഡറല്‍ ചെലവുകള്‍ കുറയ്ക്കുകയെന്ന ഉത്തരവാദിത്വമാകും പുതിയ ഏജന്‍സിക്കുള്ളത്.
തിരഞ്ഞെടുപ്പ് വേളയില്‍ സാമ്പത്തികമായും മറ്റ് രീതികളിലും സഹായിച്ച മസ്‌കിന് രണ്ടാം വരവില്‍ വലിയ പ്രാധാന്യം നല്‍കുമെന്ന സൂചനകള്‍ക്കിടയിലാണ് ട്രംപിന്റെ നിര്‍ണായക നീക്കം. 'സേവ് അമേരിക്ക' എന്ന പേരില്‍ ഉദ്യോഗസ്ഥ തലത്തിലെ പാഴ്‌ചെലവുകള്‍ കുറയ്ക്കുക, അനാവശ്യ തടസങ്ങള്‍ ഇല്ലാതാക്കുക എന്നീ കാര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ട്രംപ് പുതിയ ഏജന്‍സി രൂപീകരിച്ചത്.
ഇരുവരുടെയും നിയമനം സാധുതയുള്ളതാകണമെങ്കില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണ്. നയങ്ങള്‍ രൂപീകരിക്കാന്‍ പുറമേ നിന്നുള്ള ഒരു ബോഡിയായി ഈ വിഭാഗം പ്രവര്‍ത്തിച്ചേക്കുമെന്നാണ് സൂചന. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് അടക്കമുള്ള നിര്‍ണായക പരിഷ്‌കരണ നീക്കങ്ങളാണ് ട്രംപ് രണ്ടാം ടേമില്‍ ലക്ഷ്യംവയ്ക്കുന്നത്.
ആരാണ് വിവേക് രാമസ്വാമി?
അമേരിക്കയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയിവന്റ് സയന്‍സിന്റെ ഉടമയും സാമൂഹ്യപ്രവര്‍ത്തകനുമാണ് മുപ്പത്തേഴുകാരനായ വിവേക് രാമസ്വാമി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നോമിനേഷനുവേണ്ടി മല്‍സരിച്ചെങ്കിലും ഇടയ്ക്കുവച്ച് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് പിന്മാറുകയായിരുന്നു. പാലക്കാട് വടക്കഞ്ചേരി ബാലവിഹാറില്‍ സി.ആര്‍. ഗണപതി അയ്യരുടെ മകന്‍ വി.ജി. രാമസ്വാമിയാണ് വിവേകിന്റെ അച്ഛന്‍. അമ്മ ഗീത രാമസ്വാമി തൃപ്പൂണിത്തുറക്കാരിയാണ്. യു.പി.സ്വദേശിനിയാണ് വിവേകിന്റെ ഭാര്യ ഡോ. അപൂര്‍വ തിവാരി.
ഫോബ്സ് റിപ്പോര്‍ട്ട് അനുസരിച്ച് 2016ല്‍ 40 വയസിന് താഴെയുള്ള അമേരിക്കയിലെ ഏറ്റവും സമ്പന്നരായ സംരംഭകരില്‍ ഒരാളായിരുന്നു വിവേക്. 4,145 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ സ്വത്തെന്ന് കണക്കാക്കുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ നല്‍കിയ സംഭാവന പരിഗണിച്ച് 2015-ല്‍ വിവേക് രാമസ്വാമിയെ ഫോബ്‌സ് മാസിക അവരുടെ കവര്‍ ചിത്രമാക്കിയിരുന്നു. മസ്‌കിനെ പോലെ ഇന്ത്യ അനുകൂല നിലപാട് പുലര്‍ത്തുന്നയാളാണ് വിവേകും.
Next Story
Videos