കോവിഡിന് പുല്ല് വില കൊടുത്ത് ട്രംപ്; പരിഹാസത്തോടെ ട്വീറ്റ്, ഇലക്ഷന്‍ പ്രചാരണം

വാള്‍ട്ട് റിഡ് സൈനിക ആശുപത്രിയില്‍ എമര്‍ജന്‍സി കോവിഡ് കെയറിലെ നാല് ദിവസത്തെ ചികിത്സക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടത് വാര്‍ത്തയായിരുന്നു.രോഗം പൂര്‍ണമായി മാറാതെ തന്നെ വൈറ്റ് ഹൗസിലെത്തിയ ട്രംപ് പിന്നാലെ മാസ്‌ക് ഊരി മാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പ്രചാരണ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്നാണ് മാസ്‌ക് ധരിക്കുക എന്നത്. എന്നാല്‍ ആദ്യം മുതല്‍ തന്നെ മാസ്‌ക് വയ്ക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. പിന്നീട് കോവിഡ് പ്രതിരോധത്തെക്കുറിച്ച് മാസ്‌ക് നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമായി ട്രംപ് തന്നെ എത്തിയിരുന്നെങ്കിലും ഇപ്പോഴിതാ നിര്‍ദേശം ലംഘിച്ച് നേരെ പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ്.

അതേസമയം നാലുദിവസത്തെ കോവിഡ് ചികിത്സയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യവാനായാണ് ട്രംപ് പോകുന്നതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ട്രംപിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ആശുപത്രി വിടുന്നതിന് തൊട്ട്മുമ്പ് ആരും ഭയപ്പെടേണ്ടതില്ലെന്ന് പറഞ്ഞുള്ള ട്രംപിന്റെ ട്വീറ്റും ചര്‍ച്ചയായിരുന്നു. ട്രംപ് ആശുപത്രി വിട്ടത് മുതല്‍ വൈറ്റ് ഹൗസിലെത്തുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളില്‍ ലൈവ് ആയിരുന്നു.

മാസ്‌ക് ധരിച്ചുകൊണ്ട് ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ട്രംപ് മറൈന്‍ വണ്‍ ഹെലികാപ്റ്ററിന് സമീപത്തേക്ക് നടക്കുകയും വൈറ്റ് ഹൗസിലേക്ക് പോവുകയുമായിരുന്നു. വൈറ്റ് ഹൗസിലെത്തിയ ട്രംപ് ഹെലികോപ്റ്ററിന് സല്യൂട്ട് നല്‍കുന്ന വേളയിലായിരുന്നു മാസ്‌ക് ഊരി മാറ്റിയത്. പിന്നീട് ഉപയോഗിച്ചതുമില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്തേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. കൊവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ചികിത്സയ്ക്ക് ശേഷം 20 വര്‍ഷം ചെറുപ്പമായെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

തനിക്കും ഭാര്യയ്ക്കും കോവിഡ് നെഗറ്റീവ് ആണ്, ഞങ്ങള്‍ മാസ്‌ക് ധരിച്ചിരുന്നു. കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നായിരുന്നു ജോ ബൈഡന്‍ ട്വീറ്റ് ചെയ്തിരുന്നത്. പ്രചാരണ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്യുന്നതിനുള്ള തിരക്കിലാണ് ട്രംപ് എന്നും തനിക്ക് അദ്ദേഹത്തോട് പറയാനുള്ള കാര്യങ്ങള്‍ ഇതൊക്കെയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജോ ബൈഡന്റെ ട്വീറ്റ്. ശാസ്ത്രജ്ഞര്‍ പറയുന്നത് കേള്‍ക്കുക, മാസ്‌ക്കുകള്‍ ധരിക്കുക, മാസ്‌ക് നിര്‍ബന്ധമാണ്.' എന്നായിരുന്നു ജോ ബൈഡന്റെ ട്വീറ്റ്. ഈ ട്വീറ്റ് പുറത്തു വന്ന് കുറച്ചു സമയത്തിനുള്ളില്‍ തന്നെ ആയിരക്കണക്കിന് പേരാണ് റീ ട്വീറ്റും കമന്റുമായി രംഗത്തെത്തിയിരുന്നത്.

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. ഇവിടെ മാത്രം രണ്ട് ലക്ഷത്തിലധികം പേര്‍ രോഗബാധമൂലം മരിക്കുകയും ചെയ്തിട്ടുണ്ട്. ട്രംപിനെ കൂടാതെ ഭാര്യ മെലാനിയ ട്രംപിനും വൈറ്റ് ഹൗസ് സെക്രട്ടറിക്കും അടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it