കണ്ണഞ്ചിപ്പിക്കാനൊരുങ്ങി ദുബൈയിലെ ഏറ്റവും വലിയ മാള്‍, മുടക്കുന്നത് 3,500 കോടി

ലോകത്തിലെ ഏറ്റവും വലിയ മാളുകളിലൊന്നായ ദുബൈ മാള്‍ കൂടുതല്‍ വിശാലമാക്കാനൊരുങ്ങി ഉടമകളായ എമ്മാര്‍ ഗ്രൂപ്പ്. ഇതിനായി 1.5 ബില്യൺ യു.എ.ഇ ദിര്‍ഹം (3500 കോടിയോളം രൂപ) നിക്ഷേപിക്കും. പുതുതായി 240 ആഡംബര സ്റ്റോറുകളും നിരവധി ഭക്ഷണ ശാലകളുമാണ് സ്ഥാപിക്കുന്നത്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിച്ച സ്ഥലമായ ദുബൈ മാളിന്റെ വിപുലീകരണം കൂടുതല്‍ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് എമ്മാര്‍ ഗ്രൂപ്പിന്റെ സ്ഥാപകനായ മുഹമ്മദ് അല്‍അബ്ബാര്‍ പറഞ്ഞു.
അത്ഭുതങ്ങളുടെ കലവറയായ ദുബൈ മാള്‍
2008ലാണ് ദുബൈ മാള്‍ സ്ഥാപിക്കുന്നത്, 2023ല്‍ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച സ്ഥലമായി ദുബൈ മാള്‍ മാറി. 10.5 കോടി ആളുകളാണ് കഴിഞ്ഞ വര്‍ഷം ദുബൈ മാളിലെത്തിയത്. തൊട്ടടുത്ത വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മാളായി പരിഗണിക്കുന്ന ദുബൈ മാളില്‍ ഇതിനോടകം 1,200 സ്‌റ്റോറുകളും ലോകത്തെ പ്രമുഖ ബ്രാന്‍ഡുകളുടെ 200ലധികം ഭക്ഷണശാലകളുമുണ്ട്.
ഒരു കോടി ലിറ്റര്‍ വെള്ളം വഹിക്കുന്ന അക്വാറിയം, വലിയ ഐസ് സ്‌കേറ്റിംഗ് റിംഗ്, വിര്‍ച്വല്‍ റിയാലിറ്റി പാര്‍ക്ക്, തീം പാര്‍ക്ക്, ലോകത്തിലെ ഏറ്റവും വലിയ മിഠായിക്കട, 15.5 കോടി വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് കരുതുന്ന ദിനോസറിന്റെ അസ്ഥികൂടം തുടങ്ങിയ നിരവധി അത്ഭുതങ്ങളും ഇവിടെയുണ്ട്. മാളില്‍ നിന്നും ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയിലേക്ക് പ്രവേശിക്കാനും കഴിയും. എമ്മാര്‍ ഗ്രൂപ്പാണ് രണ്ടിന്റെയും ഉടമകള്‍. ദുബൈ ക്രീക്ക് ഹാര്‍ബറില്‍ ഉടന്‍ തന്നെ മറ്റൊരു മാള്‍ കൂടി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് എമ്മാര്‍ ഗ്രൂപ്പ്.
Related Articles
Next Story
Videos
Share it