സെപ്റ്റംബര്‍ 30 മുതല്‍ കേരളത്തില്‍ വൈദ്യുത ചാര്‍ജ് കൂടും; തീരുമാനം ഇങ്ങനെ
സെപ്റ്റംബര്‍ 30 മുതല്‍ കേരളത്തില്‍ വൈദ്യുത ചാര്‍ജ് കൂടുന്നു. യൂണിറ്റിന് 41 പൈസ വരെ ഉയര്‍ത്താന്‍ കെ.എസ്.ഇ.ബി ക്ക് അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ (കെ.എസ്.ഇ.ആര്‍.സി) ആണ് നിര്‍ദ്ദേശം രൂപീകരിക്കുക. ഹൈക്കോടതി സ്റ്റേ ഒഴിവായതോടെയാണ് തീരുമാനമായത്.
യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാനുള്ള അനുമതിക്കായി വളരെ നേരത്തെ തന്നെ കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ വ്യവസായ കണക്ഷന്‍ (7 A)എടുത്തിരിക്കുന്ന ഉപയോക്താക്കൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസമാണ് ഉപയോക്താക്കൾക്ക് അനുകൂല വിധിയുണ്ടായത്. എന്നാൽ ഹൈക്കോടതി വര്‍ധന സംബന്ധിച്ച തീരുമാനം പൂര്‍ണമായും തടഞ്ഞിട്ടില്ല. പകരം ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള ബോര്‍ഡിന്റെ ബാധ്യത താരിഫ് വര്‍ധനയിലൂടെ ഈടാക്കരുതെന്നാണ് നിര്‍ദേശം.
നിരക്ക് വർധനയില്‍ പെന്‍ഷന്‍ ഫണ്ടിലെ തുക ഇല്ലാത്തതിനാല്‍ 17 പൈസയുടെ അധിക ചാർജ് ഒഴിവാക്കും. യൂണിറ്റിന് 47 പൈസയാണ് ബോര്‍ഡ് ആവശ്യപ്പെട്ട നിരക്ക് വര്‍ധന. നിരക്ക് വർധന മുന്‍കാല പ്രാബല്യത്തോടെയാകും. കേസ് തീര്‍പ്പായതോടെ നിരക്ക് വര്‍ധനയ്ക്ക് വേണ്ടിയുള്ള ബോര്‍ഡിന്റെ അപേക്ഷ അടുത്ത ആഴ്ച പരിഗണിക്കാനിരിക്കുകയാണ് റെഗുലേറ്ററി കമ്മീഷന്‍.
കെ.എസ്.ഇ.ആര്‍.സിയോട് നിലവിലെ നിരക്കുയര്‍ത്തലുമായി മുന്നോട്ട് പോകാന്‍ ഹൈക്കോടതി നിര്‍ദേശം വന്നപ്പോഴാണ് താരിഫ് വര്‍ധന ഉറപ്പായത്. അടുത്ത നാലു വര്‍ഷത്തക്കുള്ള വൈദ്യുത താരിഫ് നിരക്കാണ് ഇത്തരത്തില്‍ ഉടന്‍ തയ്യാറാകുന്നത്. സെപ്റ്റംബര്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.