എന്താണ് അഭിപ്രായ സ്വതന്ത്ര്യം..? വിശദീകരിച്ച് ഇലോണ്‍ മസ്‌ക്

ട്വിറ്ററിലെ അഭിപ്രായ സ്വതന്ത്ര്യത്തെക്കുറിച്ച് ഇലോണ്‍ മസ്‌കിനോളം സംസാരിച്ചിട്ടുള്ള മറ്റൊരാളില്ല. ട്വിറ്ററില്‍ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഒരു പോളും മസ്‌ക് നേരത്തെ നടത്തിയിരുന്നു. ട്വിറ്റര്‍ ഉടമസ്ഥതാവകാശം തന്റെ കൈകളിലേക്ക് എത്തുമെന്ന് ഉറപ്പിച്ച ശേഷം മസ്‌ക് പറഞ്ഞത് സ്വതന്ത്രമായ അഭിപ്രായ പ്രകടനം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നാണ്.

മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ചുള്ള സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയര്‍ ആണ് ട്വിറ്ററെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ തന്റെ അഭിപ്രായ സ്വാതന്ത്ര്യ സങ്കല്‍പ്പത്തിന് നിര്‍വചനവുമായി എത്തിയിരിക്കുകയാണ് മസ്‌ക്. അഭിപ്രായ സ്വാതന്ത്യം നിയമവുമായി പൊരുത്തപ്പെടുന്നതാകണം. നിയമത്തിന് അതീതമായ സെന്‍സര്‍ഷിപ്പുകള്‍ക്ക് ഞാന്‍ എതിരാണെന്നും മസ്ക് ട്വിറ്ററിൽ കുറിച്ചു.

ഇനി ജനങ്ങള്‍ക്ക് വലിയ തോതില്‍ അഭിപ്രായ സ്വതന്ത്യം വേണ്ട എന്നാണെങ്കില്‍ അതിനും മസ്‌കിന് മറുപടിയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം കുറയ്ക്കാന്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനോട് നിയമ നിര്‍മാണം ആവശ്യപ്പെടാം. നിയമത്തിന് അതീതമായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്നും മസ്‌ക് അഭിപ്രായപ്പെട്ടു.



അതേ സമയം ട്വിറ്ററിനെ ഏറ്റെടുക്കുമെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെ മസ്‌ക് നേതൃത്വം നല്‍കുന്ന ടെസ്‌ലയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരുന്നു. വിപണി മൂല്യത്തിൽ ഏകദേശം 126 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ടെസ്‌ല നേരിട്ടത്. ട്വിറ്റര്‍ ഏറ്റെടുക്കാന്‍ ചെലവാകുന്ന 44 ബില്യണ്‍ ഡോളറില്‍ മസ്‌ക് നല്‍കുന്ന 21 ബില്യണ്‍ ഡോളറിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളാണ് ടെസ്‌ലയുടെ ഓഹരി വില ഇടിയാന്‍ കാരണം. ചൊവ്വാഴ്ച 12.18 ശതമാനം ഇടിഞ്ഞ് 876.42 ഡോളറിലാണ് ടെസ്‌ല വ്യാപാരം അവസാനിപ്പിച്ചത്. ട്വിറ്ററിന്റെ ഓഹരികളും 3.89 ശതമാനം ഇടിവ് നേരിട്ടു.

Related Articles
Next Story
Videos
Share it