ട്വിറ്ററിന്റെ തലപ്പത്ത് ഇനി മസ്‌ക് മാത്രം, മാറ്റങ്ങള്‍ ഇങ്ങനെ

ചൊവ്വാഴ്ചയാണ് ട്വിറ്ററിന്റെ (Twitter) ഡയറക്ടര്‍ ബോര്‍ഡിനെ പുതിയ ഉടമ ഇലോണ്‍ മസ്‌ക് (Elon Musk) പിരിച്ചുവിട്ടത്. ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഏറ്റെടുക്കില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പ് മസ്‌ക് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സിഇഒ സ്ഥാനം അടക്കം ട്വിറ്ററിന്റെ പൂര്‍ണ നിയന്ത്രണം മസ്‌ക് ഏറ്റെടുത്തു. 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്. ഡീല്‍ പൂര്‍ത്തിയായിതിന് പിന്നാലെ ട്വിറ്ററിന്റെ ഇന്ത്യന്‍ സിഇഒ ആയിരുന്ന പരാഗ് അഗര്‍വാളിനെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മസ്‌ക് പുറത്താക്കിയിരുന്നു.

അതേ സമയം ഇപ്പോള്‍ മസ്‌ക് ഏറ്റെടുത്തിരിക്കുന്ന ട്വിറ്ററിലെ ചുമതലകള്‍ താല്‍ക്കാലികമാണെന്നാണ് സൂചന. ജീവനക്കാരുടെ എണ്ണം കുറയ്ക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുത്ത ശേഷം പുതിയ സിഇഒ അടക്കം ട്വിറ്ററില്‍ എത്തിയേക്കും. ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന് ഇനി മുതല്‍ പ്രതിമാസം 8 യുഎസ് ഡോളര്‍ നല്‍കണമെന്ന് മസ്‌ക് അറിയിച്ചിട്ടുണ്ട്. പരസ്യവരുമാനം കൊണ്ട് മാത്രം പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് മസ്‌കിന്റെ നിലപാട്.

നിലവില്‍ വെരിഫൈഡ് ടിക്ക് ഇല്ലാതെയുള്ള ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന് 4.99 ഡോളര്‍ ആണ് ഈടാക്കുന്നത്. 2021ല്‍ ട്വിറ്റര്‍ അവതരിപ്പിച്ച ബ്ലൂ സബ്‌സ്‌ക്രിപ്ഷനില്‍ ട്വീറ്റ് എഡിറ്റ് ചെയ്യാനടക്കമുള്ള സൗകര്യമുണ്ട്. വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ക്ഷന്‍ നിര്‍ബന്ധമാക്കി എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബ്ലൂടിക്ക് ഉള്ളവര്‍ക്ക് പുതിയ പ്ലാനിലേക്ക് മാറാന്‍ 90 ദിവസം സമയം കിട്ടും.

ട്വിറ്ററിലെ 25 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കമ്പനിയിലെ 75 ശതമാനം ജീവനക്കാരെ ഒഴിവാക്കില്ലെന്ന് മസ്‌ക് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഏത്രപേര്‍ക്ക് ജോലി നഷ്ടമാവുമെന്ന് ഇതുവരെ മസ്‌ക് വ്യക്തമാക്കിയിട്ടില്ല. ട്വിറ്ററിന്റെ ഇന്റേണല്‍ ടൂളുകളിന്മേല്‍ ജീവനക്കാര്‍ക്കുള്ള പ്രവേശനവും (access) പരിതപ്പെടുത്തിയിട്ടുണ്ട്. ട്വിറ്റര്‍ പുനസംഘടിപ്പിക്കാന്‍ മസ്‌കിന് സഹായം നല്‍കുന്ന കോര്‍ ടീമില്‍ തമിഴ്‌നാട് സ്വദേശിയായ ശ്രീറാം കൃഷ്ണനും ഇടം നേടിയിട്ടുണ്ട്. ട്വിറ്ററിലെ മുന്‍ പ്രോഡക്ട് മേധാവികൂടിയാണ് ശ്രീറാം.

ട്വിറ്റര്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപ് തിരിച്ചെത്തുമോ എന്നതാണ് മറ്റൊരു ചോദ്യം. ട്രംപിന്റെ വിലക്ക് പുനപരിശോധിക്കുമെന്ന് മസ്‌ക് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. 2017ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ട്വിറ്ററിന്റെ ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷന്‍ വൈന്‍ (Vine) വീണ്ടും അവതരിപ്പിക്കണോ എന്ന കാര്യത്തില്‍ മസ്‌ക് ഒരു പോള്‍ ആരംഭിച്ചിരുന്നു. 4,920,155 പേര്‍ പങ്കെടുത്ത പോളില്‍ 70 ശതമാനവും വൈന്‍ തിരികെ കൊണ്ടുവരണം എന്നാണ് ആവശ്യപ്പെട്ടത്.

സൗദി പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ ആണ് ഇപ്പോള്‍ ട്വിറ്ററിലെ ഏറ്റവും വലിയ രണ്ടാമത്തെ നിക്ഷേപകന്‍. Kingdom Holdings Co വഴി 35 ദശലക്ഷം ട്വിറ്റര്‍ ഓഹരികളാണ് അല്‍വലീദ് സ്വന്തമാക്കിയത്. 54.20 ഡോളര്‍ നിരക്കില്‍ 1.9 ബില്യണ്‍ ഡോളറാണ് ഈ ഓഹരികളുടെ മൂല്യം. ട്വിറ്ററിന്റെ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിക്ക് 18 ദശലക്ഷം അഥവാ 2.4 ശതമാനം ഓഹരികളാണ് ട്വിറ്ററിലുള്ളത്. 375 മില്യണ്‍ ഡോളറിന്റെ ഓഹരികളാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് ട്വിറ്ററിലുള്ളത്. ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോം ബിനാന്‍സ്, സെക്കോയ ക്യാപിറ്റല്‍ അടക്കമുള്ളവരും നിക്ഷേപകരായി ഉണ്ട്. ട്വിറ്റര്‍ ഇടപാടിനായി ഏകദേശം 13 ബില്യണ്‍ ഡോളറാണ് ബാങ്കുകള്‍ മസ്‌കിന് വായ്പ നല്‍കിയത്. അതേ സമയം ട്വിറ്ററിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ മസ്‌കിന്റെ വിഹിതം എത്രയെന്ന് വ്യക്തമല്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it