ലക്ഷ്യം സൂപ്പര്‍ ആപ്പ് എക്‌സ്; കോടതി കയറില്ല, ട്വിറ്ററിനെ ഏറ്റെടുക്കുമെന്ന് മസ്‌ക്
ട്വിറ്റര്‍ (Twitter) ഡീലില്‍ വീണ്ടും നിലപാട് മാറ്റവുമായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് (Elone Musk). ആദ്യം പറഞ്ഞത് പോലെ തന്നെ ഓഹരി ഒന്നിന് 54.20 ഡോളര്‍ നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കാമെന്ന് മസ്‌ക് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ട്വിറ്ററിന് മസ്‌ക് കത്തയച്ചു. മസ്‌കിനെതിരെ ട്വിറ്റര്‍ നല്‍കിയ കേസില്‍ ഒക്ടോബര്‍ 17ന് കോടതിയില്‍ വാദം നടക്കാനിരിക്കെ ആണ് പുതിയ നീക്കം.
കഴിഞ്ഞ ഏപ്രലില്‍ ആണ് 44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കുന്ന വിവരം മസ്‌ക് പ്രഖ്യാപിച്ചത്. എന്നാല്‍ പ്ലാറ്റ്‌ഫോമിലെ വ്യാജ അക്കൗണ്ടുകളുടെ പേരില്‍ ഇടപാടില്‍ നിന്ന് മസ്‌ക് പിന്മാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയെ സമീപിച്ചത്. കോടതിയില്‍ നിന്ന് അനുകൂലവിധി ഉണ്ടാകില്ലെന്ന വിലയിരുത്തലില്‍ ആണ് മസ്‌കിന്റെ ഇപ്പോഴത്തെ നീക്കം.
എന്നാല്‍ ഇതു സംബന്ധിച്ച് മസ്‌കിന്റെ ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ വന്നിട്ടില്ല. അതേ സമയം ട്വിറ്റര്‍ വാങ്ങുന്നത് ദി എവരിത്തിംഗ് ആപ്പ് "എക്‌സ്" സൃഷ്ടിക്കുന്നതിന് ഗുണം ചെയ്യുമെന്ന് മസ്‌ക് ട്വിറ്ററിലൂടെ അറിയിച്ചു. മസ്‌ക് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന സൂപ്പര്‍ ആപ്പാണ് എക്‌സ്. മസ്‌കുമായുള്ള ഇടപാടിന് കഴിഞ്ഞ മാസ ട്വിറ്റര്‍ ഓഹരി ഉടമകള്‍ അംഗീകാരം നല്‍കിയിരുന്നു. മസ്‌കുമായുള്ള ഇടപാട് കോടതിയിലേക്ക് എത്തില്ലെന്ന് വ്യക്തമായതോടെ ഇന്നലെ ട്വിറ്ററിന്റെ ഓഹരികള്‍ 22.24 ശതമാനം ആണ് ഉയര്‍ന്നത്. നിലവില്‍ 52 ഡോളറാണ് ട്വിറ്റര്‍ ഓഹരികളുടെ വില.