തലച്ചോറിനെ കംപ്യൂട്ടറാക്കുന്ന മസ്‌കിന്റെ ന്യൂറാലിങ്ക് മനുഷ്യരിലേക്ക്
തലച്ചോറില്‍ ഘടിപ്പിക്കാവുന്ന ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതിയിലുള്ള ന്യൂറാലിങ്ക് കോര്‍പറേഷന്‍. മസ്‌കിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണ് ന്യൂറാലിങ്ക് വികസിപ്പിക്കുന്ന ചിപ്പ്. ആറുമാസത്തിനുള്ളില്‍ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ന്യൂറാലിങ്ക് ഓഫീസില്‍ ബുധനാഴ്ച നടന്ന യോഗത്തില്‍ മസ്‌ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മനുഷ്യരിലെ പരീക്ഷണങ്ങള്‍ക്കായി യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ന്യൂറാലിങ്കിന് ലഭിക്കേണ്ടതുണ്ട്. നേരത്തെ 2020ല്‍ മനുഷ്യരിലെ പരീക്ഷണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി വിവിധ കാരണങ്ങള്‍ കൊണ്ട് നീണ്ടു പോവുകയായിരുന്നു. ആദ്യഘട്ടത്തില്‍ കാഴ്ച ശക്തി, മസിലുകളുടെ ചലന ശേഷി എന്നിവ വീണ്ടെടുക്കുന്നതിലാണ് ന്യൂറാലിങ്കിന്റെ ചിപ്പ് ഉപയോഗിക്കപ്പെടുക.
ജന്മനാ കാഴ്ചശക്തി ഇല്ലാത്തവര്‍ക്കും ചിപ്പ് ഘടിപ്പിക്കുന്നതിലൂടെ കാഴ്ചകള്‍ കാണാന്‍ സാധിക്കുമെന്ന പ്രതീഷയും മസ്‌ക് പങ്കുവെച്ചു. ഒരു വര്‍ഷം മുമ്പ് നടന്ന പരുപാടിയില്‍ ചിപ്പ് ഘടിപ്പിച്ച കുരങ്ങന്‍ കംപ്യൂട്ടര്‍ ഗെയിം കളിക്കുന്നത് ന്യൂറാലിങ്ക് പ്രദര്‍ശിപ്പിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് ന്യൂറാലിങ്കിനെ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. 2016ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനമാണ് ന്യൂറാലിങ്ക്.
ന്യൂറാലിങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനെ തുടര്‍ന്ന് ഇതേ രംഗത്ത് പ്രവര്‍ത്തിക്കുന്ന സിന്‍ക്രോണ്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മസ്‌ക് ശ്രമം നടത്തിയിരുന്നു. ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് കമ്പനിയായ സിന്‍ക്രോണിന് 2021ല്‍ മനുഷ്യരിലെ പരീക്ഷണങ്ങള്‍ക്ക് യുഎസ് അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ തങ്ങളുടെ ഡിവൈസ് യുഎസിലെ ഒരു രോഗിയില്‍ സിന്‍ക്രോണ്‍ പരീക്ഷിക്കുകുയും ചെയ്തു. നെഞ്ചില്‍ ഘടിപ്പിക്കുന്ന രണ്ട് ഉപകരണങ്ങളിലൂടെയാണ് സിന്‍ക്രോണ്‍ വികസിപ്പിച്ച ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് പ്രവര്‍ത്തിക്കുന്നത്. കൈകള്‍ ഉപയോഗിക്കാതെ ടൈപ്പിംഗ് ഉള്‍പ്പെടെ സാധ്യമാക്കുന്നതാണ് സിന്‍ക്രോണിന്റെ ഉപകരണം.