രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം, കാസര്‍കോട്-എറണാകുളം ആറുവരി ദേശീയപാത 2026 ലെ പുതുവര്‍ഷ സമ്മാനമെന്ന് മന്ത്രി

കാസര്‍കോട് മുതല്‍ എറണാകുളം വരെ 45 മീറ്റര്‍ വീതിയുള്ള ആറുവരി ദേശീയപാതയുടെ നിര്‍മാണം അടുത്ത വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത 66 ന്റെ ബാക്കി പ്രവൃത്തികള്‍ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
മലപ്പുറം ജില്ലയിലെ രണ്ട് സ്ട്രച്ചുകളുടെയും നിര്‍മാണം ഏപ്രിലോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള സ്ട്രച്ചിന്റെ പ്രവൃത്തിയും ഇതോടൊപ്പം പൂര്‍ത്തിയാക്കാനുളള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
2026 ലെ പുതുവര്‍ഷ സമ്മാനമായി ആറു വരി പാത നാടിന് സമര്‍പ്പിക്കാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഗതാഗതക്കുരുക്കിന് വലിയ അളവില്‍ പരിഹാരമാകുന്ന പദ്ധതിയാണ് ഇത്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി സാമ്പത്തിക സഹായത്തോടെയാണ് ദേശീയപാത 66 ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഇത്തരത്തിലുളള സഹകരണം.
മലപ്പുറം കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസിന്റെ വികസനവും ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാക്കാനാകും. 37 കിലോമീറ്റര്‍ നീളമുള്ള ഈ സ്ട്രച്ചിന്റെ 87 ശതമാനം ജോലികളും പൂര്‍ത്തിയായതായും പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ദേശീയപാതയുടെ സ്ഥലമെടുപ്പിനായി 5,600 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്. ഏറ്റവും വേഗത്തില്‍ ദേശീയപാതയുടെ വികസനം നടക്കുന്നത് കേരളത്തിലാണ്. രണ്ടാഴ്ച ഇടവേളകളില്‍ പദ്ധതിയുടെ വിശദമായ അവലോകനം നടക്കുന്നതായും മന്ത്രി പറഞ്ഞു.
Related Articles
Next Story
Videos
Share it