വിലപേശലിനുള്ള തയ്യാറെടുപ്പ്: ട്വിറ്ററിനെ അളക്കുന്നതില്‍ മസ്‌കിന് തെറ്റുപറ്റിയോ..?

ഇലോണ്‍ മസ്‌ക് ഓഹരി ഒന്നിന് 54.20 ഡോളര്‍ നല്‍കാമെന്ന് പറഞ്ഞാണ് ട്വിറ്റര്‍ ഡീല്‍ ഉറപ്പിച്ചത്. 44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കാമെന്ന് പറഞ്ഞ സമയത്തെ സാഹചര്യമല്ല ഇന്ന്. ട്വിറ്റര്‍ ഓഹരികള്‍ തുടര്‍ച്ചയായി ഇടിയുകയാണ്. വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള കൃത്യമായ വിവരം ട്വിറ്റര്‍ നല്‍കിയില്ലെങ്കില്‍ ഡീലില്‍ നിന്ന് പിന്മാറുമെന്ന മസ്‌കിന്റെ നിലപാട് പരിഗണിക്കേണ്ടതും ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്.

കഴിഞ്ഞ ഒരു മാസം കൊണ്ട് ട്വിറ്ററിന്റെ ഓഹരി വില 17 ശതമാനത്തിലധികം ആണ് താഴ്ന്നത്. ട്വിറ്റര്‍ വാങ്ങാനുള്ള പണം കണ്ടെത്തിയെന്ന് അറിയച്ച മസ്‌കിന്റെ അവസ്ഥയും ഇപ്പോള്‍ അത്ര മെച്ചമല്ല. ടെസ്‌ലയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും നിയമനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുമുള്ള മസ്‌കിന്റെ തീരുമാനം അദ്ദേഹത്തിന് തന്നെ തിരുത്തേണ്ടി വന്നു. ടെസ്‌ലയുടെ ഓഹരികള്‍ ഇടിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്.

വ്യാജ അക്കൗണ്ടുകളുടെ പേരില്‍ കഴിഞ്ഞ മാസമാണ് മസ്‌ക് ട്വിറ്റര്‍ ഡീല്‍ താല്‍ക്കാലികമായി മരവിപ്പിച്ചത്. അന്ന് തന്നെ, ട്വിറ്ററിനെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള മസ്‌കിന്റെ തന്ത്രമായാണ് നീക്കം വിലയിരുത്തപ്പെട്ടത്. മിയാമി ടെക്‌നോളജി കോണ്‍ഫറെന്‍സില്‍ ഇതിനെ ശരിവെക്കുന്ന രീതിയുള്ള പരാമര്‍ശവും മസ്‌കിന്റെ ഭാഗത്ത് നിന്നുണ്ടായി. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ സ്വന്തമായി ഒരു ടീമിനെയും മസ്‌ക് നിയമിച്ചിരുന്നു.

ട്വിറ്ററിലെ ഏറ്റവും വലിയ ഓഹരി ഉടമ താനാണെന്ന് മസ്‌ക് വെളിപ്പെടുത്തിയ ഏപ്രില്‍ 4 മുതല്‍ ടെസ്‌ലയുടെ ഓഹരികള്‍ കാര്യമായി ഇടിഞ്ഞിട്ടുണ്ട്. ടെസ്‌ലയുടെ ഓഹരി വില ഇടിയുന്നത് മസ്‌കിന്റെ കടമെടുക്കല്‍ പരിധിയെയും ബാധിച്ചിട്ടുണ്ട്. ഓഹരികളുടെ മൂല്യത്തിന്റെ 25 ശതമാനം മാത്രമാണ് കടമെടുക്കാന്‍ സാധിക്കുക.

ഏകദേശം 114.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 163 ദശലക്ഷം ഓഹരികളാണ് മസ്‌കിന് ടെസ്‌ലയിലുള്ളത്. നിലവില്‍ ഏകദേശം 13.5 ബില്യണ്‍ ഡോളറോളം പണം ടെസ്‌ല ഓഹരികളില്‍ നിന്ന് സമാഹാരിക്കാനാവും. പണം ഒരു പ്രശ്‌നമാണെന്നിരിക്കെ ട്വിറ്റര്‍ ഡീലില്‍ നിന്നുള്ള പിന്മാറ്റവും മസ്‌കിന് എളുപ്പമല്ല. ഡീല്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ബ്രേക്കപ്പ് ഫീസായി ട്വിറ്ററിന് മസ്‌ക് ഒരു ബില്യണ്‍ ഡോളര്‍ നല്‍കേണ്ടി വരും. ഏകപക്ഷീയമായ പിന്മാറ്റം ആരോപിച്ച് മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയിലും പോയേക്കാം.

Related Articles
Next Story
Videos
Share it