ഫെഡറല്‍ ബാങ്കിന് 906 കോടി രൂപ നാലാംപാദ ലാഭം; 25,000 കോടി കടന്ന് സ്വര്‍ണ വായ്പ

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 906.30 കോടി രൂപ ലാഭം നേടി. നാലാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 19.11 ശതമാനം വര്‍ധിച്ച് 4,61,937 കോടി രൂപയായി. അറ്റ പലിശ വരുമാനം 14.97 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വളര്‍ച്ചയോടെ 2195.11 കോടി രൂപയിലെത്തി.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പുതിയ ശാഖകള്‍ തുടങ്ങിയത് ബിസിനസ് വളര്‍ത്തുന്നതില്‍ സഹായിച്ചെന്ന് എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ശാഖകളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയ്‌ക്കൊപ്പം ഡിജിറ്റല്‍ മേഖലയിലും വലിയ വളര്‍ച്ച നേടാന്‍ ഫെഡറല്‍ ബാങ്കിന് കഴിഞ്ഞു. മികച്ച ബാങ്കിംഗ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ഇടപാടുകാരുടെ 'ഫസ്റ്റ് ചോയ്‌സ്' ബാങ്കായി ബ്രാന്‍ഡ് ഫെഡറലിനെ മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ശ്യാം ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
വായ്പ വിതരണത്തിലും വന്‍കുതിപ്പ്
മുന്‍വര്‍ഷം ഇതേ പാദത്തില്‍ 2,13386.04 കോടി രൂപയായിരുന്ന നിക്ഷേപം 18.35 ശതമാനം വര്‍ധനവോടെ 2,52534.02 കോടി രൂപയായി. വായ്പാ വിതരണത്തിലും വലിയ വളര്‍ച്ചയുണ്ടായി. ആകെ വായ്പ മുന്‍ വര്‍ഷത്തെ 1,74446.89 കോടി രൂപയില്‍ നിന്ന് 2,09403.34 കോടി രൂപയായി വര്‍ധിച്ചു. 20.04 ശതമാനമാണ് വളര്‍ച്ചാനിരക്ക്.
റീട്ടെയല്‍ വായ്പകള്‍ 20.07 ശതമാനം വര്‍ധിച്ച് 6,7435.34 കോടി രൂപയായി. വാണിജ്യ ബാങ്കിംഗ് വായ്പകള്‍ 26.63 ശതമാനം വര്‍ധിച്ച് 2,1486.65 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 11.97 ശതമാനം വര്‍ധിച്ച് 7,3596.09 കോടി രൂപയിലും ബിസിനസ് ബാങ്കിംഗ് വായ്പകള്‍ 21.13 ശതമാനം വര്‍ധിച്ച് 1,7072.58 കോടി രൂപയിലുമെത്തി. സ്വര്‍ണവായ്പകള്‍ 27.14 ശതമാനം വളര്‍ച്ചയോടെ 25,000 കോടി രൂപയെന്ന നാഴികക്കല്ലും പിന്നിട്ടു.
കിട്ടാക്കട നിരക്ക് മികച്ചതോതില്‍ കുറഞ്ഞതും ഫെഡറല്‍ ബാങ്കിന് ആശ്വാസമാണ്. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 2.36 ശതമാനത്തില്‍ നിന്ന് 2.13 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 0.69 ശതമാനത്തില്‍ നിന്ന് 0.60 ശതമാനത്തിലേക്കും താഴ്ന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ മൊത്തം നിഷ്‌ക്രിയ ആസ്തി 2.29 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.64 ശതമാനവും ആയിരുന്നു.
ഓഹരികളില്‍ നഷ്ടം
ഭേദപ്പെട്ട നാലാംപാദ പ്രവര്‍ത്തനഫലം പുറത്തുവിട്ടെങ്കിലും ഫെഡറല്‍ ബാങ്കിന്റെ ഓഹരിവില ഇന്ന് നഷ്ടത്തിലാണുള്ളത്. 1.96 ശതമാനം താഴ്ന്ന് 164.70 രൂപയിലാണ് വ്യാപാരത്തിന്റെ ആദ്യമണിക്കൂറുകളില്‍ ഓഹരിയുള്ളത്. പ്രവര്‍ത്തനഫലം പുറത്തുവന്ന ഇന്നലെ ഓഹരിവില 3.38 ശതമാനം ഉയര്‍ന്നിരുന്നു. ബാങ്കിന് നിലവില്‍ 1,500 ലധികം ശാഖകളും 2013 എടിഎമ്മുകളുമുണ്ട്.
ശ്യാം ശ്രീനിവാസന്റെ പിന്‍ഗാമി
സ്ഥാനമൊഴിയുന്ന എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള സാധ്യത ലിസ്റ്റ് റിസര്‍വ് ബാങ്കിന്റെ അനുമതിക്കായി അടുത്തു തന്നെ നല്‍കും. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മുഴുവന്‍-സമയ ഡയറക്ടറും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായിരുന്ന കെ.വി.എസ് മണിയനാണ് ഈ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്. ഏപ്രില്‍ 30ന് മണിയര്‍ കൊട്ടക്കില്‍ നിന്ന് പടിയിറങ്ങിയിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 22 വരെയാണ് ശ്രീനിവാസന്റെ കാലാവധി.
Related Articles
Next Story
Videos
Share it