Begin typing your search above and press return to search.
റിയല്‍ എസ്‌റ്റേറ്റും നിര്‍മാണവും സൈഡാക്കി; സിനിമക്കാര്‍ക്ക് ഇപ്പോള്‍ താല്പര്യം ന്യൂജെന്‍ ബിസിനസില്‍
മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അഭിനയത്തിനൊപ്പം ബിസിനസിലും ഒരുകൈ നോക്കുന്നവരാണ്. റിയല്‍ എസ്‌റ്റേറ്റ് മുതല്‍ സ്പാ വരെയും സിനിമ നിര്‍മാണക്കമ്പനി മുതല്‍ ഹോട്ടല്‍ കച്ചവടം വരെയും പലര്‍ക്കുമുണ്ട്. സുരക്ഷിത നിക്ഷേപം എന്നനിലയിലാണ് പലരും മറ്റ് മേഖലകളിലേക്ക് തിരിയുന്നത്.
ഒരിടയ്ക്കു മലയാളത്തിലെ സിനിമക്കാരെല്ലാം റിയല്‍ എസ്റ്റേറ്റിലായിരുന്നു ഭാഗ്യം പരീക്ഷിച്ചിരുന്നത്. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ബൂം മങ്ങിത്തുടങ്ങിയതോടെ പലരും ഭൂമിവില്പനയും വാങ്ങലുമൊക്കെ കുറച്ചു. പഴയകാല അഭിനേതാക്കള്‍ മാത്രമാണ് റിയല്‍ എസ്റ്റേറ്റില്‍ ഇപ്പോഴും സജീവമായിട്ടുള്ളത്. മറ്റുള്ളവരെല്ലാം പുതിയ ബിസിനസ് മേഖലകളിലേക്ക് തിരിയുകയും ചെയ്തു.
സ്‌പോര്‍ട്‌സ് ബിസിനസ് പുതിയ തരംഗം
കേരളത്തില്‍ ക്രിക്കറ്റിനും ഫുട്‌ബോളിനും പുതിയ പ്രഫഷണല്‍ ലീഗ് വന്നതോടെ സിനിമക്കാരുടെ നിക്ഷേപം സ്‌പോര്‍ട്‌സിലേക്ക് മാറിയിരിക്കുകയാണ്. നടന്‍ പൃഥ്വിരാജും സംവിധായകന്‍ പ്രിയദര്‍ശനും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും അടക്കമുള്ളവര്‍ ഇരു ലീഗുകളിലുമായി നിക്ഷേപം നടത്തി കഴിഞ്ഞു. പൃഥ്വിരാജ് സൂപ്പര്‍ ലീഗ് കേരളയില്‍ ഫുട്‌ബോള്‍ ക്ലബിനെ സ്വന്തമാക്കിയതാണ് ട്രെന്റിന് തുടക്കമിട്ടത്.
കൊച്ചി ആസ്ഥാനമായ ഫോര്‍സ കൊച്ചി എഫ്‌സിയുടെ സഹഉടമകളാണ് പൃഥ്വിയും ഭാര്യ സുപ്രിയ മേനോനും. ഫുട്‌ബോള്‍ താരമായിരുന്ന സഹോദരന്റെ പ്രേരണയിലാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തൃശൂര്‍ റോര്‍ എഫ്‌സിയുടെ ഓഹരി സ്വന്തമാക്കിയത്. മലയാളത്തിലെ പ്രമുഖ യുവതാരങ്ങളും സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ടീമുകളെ സ്വന്തമാക്കാനായി മുന്നോട്ടു വരുന്നുണ്ട്. വരും ദിവസങ്ങളില്‍ വലിയ താരങ്ങളുടെ വരവും പ്രഖ്യാപിക്കും.
ഒരു വെടിക്ക് രണ്ടുപക്ഷി
സ്‌പോര്‍ട്‌സ് ലീഗുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ രണ്ടുണ്ട് കാര്യം. ആദ്യത്തേത് വരുമാനം ആണ്. രണ്ടാമത്തെ കാര്യം സിനിമക്കാര്‍ക്ക് ലഭിക്കുന്ന ബ്രാന്‍ഡ് ഇമേജാണ്. സ്‌പോര്‍ട്‌സ് ലീഗുകളുടെ ആരാധകര്‍ യുവാക്കളാണ്. ആരാധകര്‍ക്കിടയില്‍ സ്‌പോര്‍ട്‌സ് വഴി നിറഞ്ഞു നില്‍ക്കാനുള്ള അവസരമാണ് ടീമുകളെ സ്വന്തമാക്കുന്നതിലൂടെ ലഭിക്കുന്നത്. സിനിമയില്‍ അവസരം കുറഞ്ഞാല്‍ പോലും ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കാന്‍ ടീം ഉടമ എന്ന ലേബലിലൂടെ സാധിക്കും.
സൂപ്പര്‍ ലീഗ് കേരള ഫുട്ബോളിന്റെ ആദ്യ സീസണില്‍ 75 മുതല്‍ 100 കോടി രൂപ വരെ വിവിധ ടീമുകളും സംഘാടകരും ചേര്‍ന്ന് ചെലവഴിക്കും. ലീഗിനായി രണ്ടു കോടി രൂപയോളം മുടക്കി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്റെ നവീകരണം ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്തെ ഫ്രാഞ്ചൈസി എടുത്ത തിരുവനന്തപുരം കൊമ്പന്‍സ് ആണ് ഫ്ളഡ്ലിറ്റ്, ഗ്രൗണ്ടിലെ പുല്‍ത്തകിടി എന്നിവയ്ക്കായി പണംമുടക്കുന്നത്.
ഓരോ ടീമും ഏറ്റവും കുറഞ്ഞത് പത്തു കോടി രൂപയെങ്കിലും ആദ്യ സീസണിനായി മുടക്കേണ്ടി വരും. സ്പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് കളക്ഷന്‍, ബ്രാന്‍ഡിംഗ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ ചുരുങ്ങിയത് 5 മുതല്‍ 10 വര്‍ഷമെങ്കിലും വേണ്ടിവരും. വിദേശതാരങ്ങളുടെയും പരിശീലകരുടെയും പ്രതിഫലത്തിനാകും ഫ്രാഞ്ചൈസികള്‍ മൊത്തം ചെലവിന്റെ 50 ശതമാനത്തിലേറെ മുടക്കേണ്ടിവരിക.
ഇരു ലീഗുകളിലുമായി ആയിരത്തിലേറെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്ക്. സ്പോര്‍ട്സ് ഇന്‍ഡസ്ട്രിക്ക് കൂടുതല്‍ പ്രാധാന്യം കൈവരാന്‍ ലീഗുകളുടെ വരവ് വഴിയൊരുക്കും. ഹോട്ടല്‍, ടൂറിസം, അഡ്വര്‍ടൈസിംഗ് മുതല്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് വരെ ഗുണം ചെയ്യുന്നതാകും ഈ ലീഗുകള്‍. രാജ്യത്തിനു പുറത്തുള്ള ടിവി സംപ്രേക്ഷണത്തിലൂടെ ടൂറിസം രംഗത്തിനും വലിയ പ്രമോഷന്‍ ലീഗ് വഴി ലഭിക്കും.
Next Story
Videos