ചെറുകിട സംരംഭ ഉത്തേജനം, വരുമാന നികുതിയില്‍ ഇളവ്; ബജറ്റ് നിര്‍ദേശങ്ങളുമായി വാണിജ്യലോകം

ജൂലൈയില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനിരിക്കേ ധനമന്ത്രി നിര്‍മല സീതാരാമന്‍ വിവിധ മേഖലകളിലെ സാമ്പത്തിക വിദഗ്ധര്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകള്‍ തുടരുന്നു. സാമ്പത്തിക വളര്‍ച്ചയുടെ വേഗം നിലനിര്‍ത്താനും അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ വിഹിതം മാറ്റിവയ്ക്കാനും വിവിധ ബിസിനസ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പരിഗണന വേണമെന്ന ആവശ്യവും ശക്തമാണ്.
ഗ്രാമീണ മേഖലയെ കൂടുതല്‍ ചലനാത്മകമാക്കാന്‍ ഇത്തരം അസംഘടിത മേഖലയുടെ പങ്ക് വളരെ വലുതാണ്. മുമ്പ് ആഗോള സാമ്പത്തികമാന്ദ്യം വന്നപ്പോഴും വലിയ പരിക്കേല്‍ക്കാതെ ഇന്ത്യ പിടിച്ചു നില്‍ക്കാന്‍ കാരണം അസംഘടിത മേഖലയുടെ ശക്തിയാണെന്ന കാര്യം വിവിധ ചെറുകിട സംഘടനാ പ്രതിനിധികള്‍ ഓര്‍മപ്പെടുത്തി.
ആദായനികുതി ഇളവ്, തൊഴില്‍ ഇന്‍സെന്റീവ് സ്‌കീമുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക, താഴേത്തട്ടില്‍ കൂടുതല്‍ പണം എത്തിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) മുന്നോട്ടുവച്ചിട്ടുണ്ട്.
ഓഹരി വില്‍ക്കൂ, നികുതി കുറയ്ക്കൂ
പൊതുമേഖല സ്ഥാപനങ്ങളുടെ നിശ്ചിത ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ അനുയോജ്യമായ സമയമാണിതെന്നാണ് പലരുടെയും അഭിപ്രായം. ട്വിറ്ററില്‍ (എക്‌സ്) നടക്കുന്ന ചര്‍ച്ചകളില്‍ മിക്കവരും ഓഹരിവില്പനയെ അനുകൂലിക്കുന്നുണ്ട്.
ഓഹരികള്‍ വില്‍ക്കുന്ന പണം ജനങ്ങളിലേക്ക് പരോക്ഷമായ രീതിയില്‍ എത്തിക്കാനായാല്‍ താഴേത്തട്ടിലടക്കം സാമ്പത്തിക ക്രയവിക്രയം കൂടുമെന്നാണ് ഇവര്‍ പറയുന്നത്. 1.5-2 ലക്ഷം കോടിയെങ്കിലും ഓഹരിവില്പനയിലൂടെ സ്വന്തമാക്കുകയും ഇതിന്റെ ഒരുഭാഗം വരുമാന നികുതിയില്‍ കുറവു നല്‍കാനും ഉപയോഗിക്കണമെന്ന് വാദിക്കുന്നവരും കുറവല്ല.
കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം
പൊതുതിരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ അടങ്ങുന്ന ഗ്രാമീണ ഇന്ത്യയില്‍ നേരിടേണ്ടി വന്ന തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ വലിയ തിരുത്തലുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരാണേറെ. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്ന സൂചനയും ശക്തമാണ്. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ പണമെത്തിക്കാന്‍ കഴിയുന്ന തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ വിഹിതം മാറ്റിവച്ചേക്കും.
Related Articles
Next Story
Videos
Share it