എയര്‍ലൈന്‍ കമ്പനികള്‍ക്ക് ജിഎസ്ടി വകുപ്പിന്റെ ഇരുട്ടടി; വിമാന നിരക്ക് കൂട്ടുമോ?

പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് ജി.എസ്.ടി കുടിശികയില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച നടപടിക്കെതിരേ പ്രതിഷേധം കനക്കുന്നു. ഇന്ത്യയുടെ വ്യോമയാന രംഗത്തെ പിന്നിലേക്ക് നയിക്കുന്ന നടപടിയാണിതെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) പ്രതികരിച്ചു.
10,000 കോടി രൂപയുടെ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എയര്‍വെയ്‌സ്, ജര്‍മനിയുടെ ലുഫ്താന്‍സ, ഒമാന്‍ എയര്‍, എമിറേറ്റ്‌സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അടക്കം പത്തോളം കമ്പനികള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
പിടിമുറുക്കി ജി.എസ്.ടി വകുപ്പ്
വിദേശത്തുള്ള ഹെഡ് ഓഫീസുകളില്‍ നിന്ന് സേവനങ്ങളും സാധനങ്ങളും ഇന്ത്യയിലെ ഓഫീസുകളിലേക്ക് കൊണ്ടുവന്നതില്‍ നികുതി വെട്ടിപ്പ് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ ഇന്ത്യയിലെ ചെലവുകള്‍ക്ക് ജി.എസ്.ടി ബാധകമാണെന്നാണ് അധികൃതരുടെ വാദം.
ജൂണ്‍ 22ന് നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇത്തരം വിമാന കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കാന്‍ തീരുമാനമെടുത്തിരുന്നുവെന്നാണ് എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18ന് ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് ഇന്റലിജന്‍സ് എയര്‍ലൈന്‍ കമ്പനികളില്‍ പരിശോധന നടത്തിയിരുന്നു.
വിദേശ വിമാന കമ്പനികള്‍ തങ്ങളുടെ ഇന്ത്യയിലെ ഓഫീസുകളിലേക്കുള്ള വാടക, എയര്‍ക്രാഫ്റ്റുകളുടെ നവീകരണ ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, വാടക ബില്ലുകള്‍ എന്നിവയെല്ലാം അയയ്ക്കുമ്പോള്‍ ജി.എസ്.ടി ബാധകമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
കോടിക്കണക്കിന് രൂപയുടെ കുടിശിക ഉടനടി അടച്ചു തീര്‍ക്കേണ്ട അവസ്ഥ സംജാതമായാല്‍ വ്യോമയാന രംഗത്തിന് തിരിച്ചടിയാകും. വരുമാന വര്‍ധനയ്ക്കായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചാല്‍ ഭാരം യാത്രക്കാര്‍ ഏറ്റുവാങ്ങേണ്ടി വരും.
Related Articles
Next Story
Videos
Share it