Begin typing your search above and press return to search.
ഇന്ത്യന്‍ തൊഴിലാളികളെ ലക്ഷ്യമിട്ട് ജര്‍മനി; ഒന്‍പത് വര്‍ഷത്തിനുള്ളില്‍ വേണ്ടത് 70 ലക്ഷം പേരെ
തൊഴിലാളി ക്ഷാമത്താല്‍ ബുദ്ധിമുട്ടുന്ന ജര്‍മനി വിവിധ മേഖലകളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിടുന്നു. 2035ഓടെ 70 ലക്ഷത്തോളം പേരെ തൊഴിലാളികളായി വേണമെന്നാണ് കണക്ക്. പ്രായമേറുന്ന ജനതയും തൊഴിലാളികളുടെ ക്ഷാമവും ഇപ്പോള്‍ തന്നെ വിവിധ മേഖലകളില്‍ ജര്‍മനിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ കൂടുതലായി സ്വീകരിക്കാന്‍ നിയമങ്ങള്‍ ലഘൂകരിക്കുമെന്ന് ജര്‍മന്‍ തൊഴില്‍ മന്ത്രി ഹുബേര്‍ട്ടസ് ഹെയ്ല്‍ വ്യക്തമാക്കി. തൊഴിലാളികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണാന്‍ ഇന്ത്യയിലേക്ക് കണ്ണെറിയുന്നതിന് കാരണങ്ങള്‍ പലതാണ്. ആദ്യ കാരണം ഇന്ത്യയിലെ ജനസംഖ്യ തന്നെയാണ്. ആവശ്യത്തിലധികം യുവ തൊഴിലാളികളെ കിട്ടുമെന്നതാണ് മറ്റൊരു കാരണം.
തൊഴിലാളിക്ഷാമം രൂക്ഷം
ട്രാന്‍സ്‌പോര്‍ട്ട്, നിര്‍മാണം, ആരോഗ്യം, എന്‍ജിനിയറിംഗ് അടക്കം 70ലേറെ മേഖലകളില്‍ തൊഴിലാളിക്ഷാമം രൂക്ഷമാണ്. വിദേശികള്‍ക്ക് ജര്‍മനിയിലേക്ക് ജോലിക്കു വരാനുള്ള നിയമങ്ങള്‍ ജര്‍മനി പരിഷ്‌കരിച്ചിട്ടുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന ഓപര്‍ച്യൂണിറ്റി കാര്‍ഡ് ഉപയോഗിച്ച് യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ ചെയ്യാനായി ജര്‍മനിയില്‍ പ്രവേശിക്കാം.
അപേക്ഷകര്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യത്ത് നിന്നും നേടിയ രണ്ടുവര്‍ഷത്തെ തൊഴില്‍ പരിശീലന വൈദഗ്ധ്യമോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ യോഗ്യതയുണ്ടായിരിക്കണം. കൂടാതെ ജര്‍മന്‍ ഭാഷയില്‍ പ്രാഥമിക പരിജ്ഞാനവും (A1 ലെവല്‍) ഇംഗ്ലീഷിലെ വൈദഗ്ധ്യവും (B2 ലെവല്‍) നേടിയിരിക്കണം.
ജോലി അന്വേഷിക്കുന്ന സമയത്ത് ജര്‍മനിയില്‍ താമസിക്കുന്നതിന് വേണ്ട പണവും തിരികെ വരാനുള്ള റിട്ടേണ്‍ ടിക്കറ്റിന്റെ പണവും അക്കൗണ്ടിലുണ്ടെന്ന് തെളിയിക്കുന്ന രേഖയും അപേക്ഷ നല്‍കുമ്പോള്‍ സമര്‍പ്പിക്കണം. അപേക്ഷകന് ഒരു വര്‍ഷത്തിനുള്ളില്‍ ശരിയായ ജോലി കണ്ടെത്താനാകാതെ വന്നാല്‍ രണ്ട് വര്‍ഷം കൂടി വീസ കാലാവധി നീട്ടാനും സാധിക്കും.
Next Story
Videos