Begin typing your search above and press return to search.
ഗോള്‍ഡ് ലോണില്‍ 56 ശതമാനം വര്‍ധന; കോവിഡ് കാല സമാന വളര്‍ച്ചയ്ക്ക് കാരണം മാന്ദ്യം?
രാജ്യത്ത് സ്വര്‍ണം പണയ വായ്പകളില്‍ ഒരു വര്‍ഷത്തിനിടെ വന്‍വര്‍ധന. സ്വര്‍ണവിലയിലുണ്ടായ അസാധാരണ കുതിപ്പും വായ്പ കിട്ടാനുള്ള എളുപ്പവുമാണ് സ്വര്‍ണ വായ്പകളിലേക്ക് ഉപയോക്താക്കള്‍ കൂടുതലായി എത്തുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. മറ്റ് വ്യക്തിഗത വായ്പാ വിഭാഗങ്ങളില്‍ വളര്‍ച്ച ഒറ്റയക്കത്തില്‍ ഒതുങ്ങുമ്പോള്‍ സ്വര്‍ണവായ്പയില്‍ വാര്‍ഷികവളര്‍ച്ച 50 ശതമാനത്തിന് മുകളിലാണ്.
2023 ഒക്ടോബറില്‍ സ്വര്‍ണ വായ്പയുടെ വളര്‍ച്ച 13 ശതമാനമായിരുന്നു. ഈ സ്ഥാനത്താണ് ഇപ്പോള്‍ വന്‍ വളര്‍ച്ച നേടിയിരിക്കുന്നത്. സുരക്ഷിതമല്ലാത്ത വായ്പകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് ഓഫ് (ആര്‍.ബി.ഐ) വാളോങ്ങിയതും സ്വര്‍ണത്തിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കാരണമായിട്ടുണ്ട്. 2024 ഒക്ടോബര്‍ 18 വരെയുള്ള കണക്ക് പ്രകാരം 1,54,282 കോടി രൂപയുടെ സ്വര്‍ണ പണയ വായ്പകളാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം 2024 മാര്‍ച്ച് അവസാനത്തില്‍ ഇത് 1,02,562 കോടി രൂപയായിരുന്നു. 2023 ഒക്ടോബറില്‍ 13 ശതമാനം വര്‍ധനയാണുണ്ടായത്.
സ്വര്‍ണ വില ഉയര്‍ന്നതോടെ നിലവിലുള്ള വായ്പ അടച്ച് തീര്‍ത്ത് അതേ ഈടില്‍ നിന്ന് ഉയര്‍ന്ന തുകയ്ക്ക് പുതിയ വായ്പ എടുക്കാമെന്നതാണ് വര്‍ധനയ്ക്കുള്ള ഒരു കാരണം. വില കുതിച്ചതോടെ ആളുകള്‍ പഴയ വായ്പകള്‍ പുതുക്കി വെയ്ക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്.
കാരണം സാമ്പത്തികമാന്ദ്യമോ?
രാജ്യത്ത് സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്നതിന്റെ സൂചനയായിട്ടാണ് പലരും സ്വര്‍ണവായ്പയുടെ വളര്‍ച്ചയെ വിലയിരുത്തുന്നത്. കോവിഡ് കാലത്തും സ്വര്‍ണ വായ്പയില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. സാമ്പത്തികപ്രതിസന്ധി സമയത്ത് പെട്ടെന്ന് പണംകിട്ടാനായി സ്വര്‍ണം പണയം വയ്ക്കുന്ന ട്രെന്റ് അക്കാലത്തുണ്ടായിരുന്നു. സമാനമായ രീതിയില്‍ ജനങ്ങളുടെ കൈയില്‍ പണമില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നുവെന്നാണ് പൊതുവിലയിരുത്തല്‍.
എഫ്.എം.സി.ജി കമ്പനികളുടെയും വില്‍പന ഇടിഞ്ഞതും വാഹന വിപണിയില്‍ വേണ്ടത്ര വളര്‍ച്ചയില്ലാത്തതും മാന്ദ്യമെന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്. രണ്ടാം പാദത്തില്‍ ഒട്ടുമിക്ക കമ്പനികളുടെയും വരുമാനം ഇടിഞ്ഞിരുന്നു.
Next Story
Videos