ഉയര്‍ന്നും താഴ്ന്നും സ്വര്‍ണം, വിലകുറയാന്‍ നോട്ടം ബജറ്റില്‍; ഇന്ന് ആഭരണം വാങ്ങാന്‍ എത്ര കൊടുക്കണം?

തുടര്‍ച്ചയായ രണ്ടാംദിവസവും കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച പവന് 54,080 രൂപയായിരുന്നു വില. ഇന്നും (ജൂലൈ 13 ശനിയാഴ്ച) ഇതേ വില തന്നെയാണ് സ്വര്‍ണത്തിന്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടിയിട്ടുണ്ട്, വില 6,760 രൂപ. വെള്ളി വില 99 രൂപയില്‍ തന്നെ തുടരുന്നു.
ജൂലൈ ഒന്നിന് സ്വര്‍ണവില 53,000 രൂപയായിരുന്നു. ഇവിടെ നിന്നാണ് 12 ദിവസത്തിനിടെ പവന് 1,000 രൂപയിലധികം കൂടിയത്. അന്താരാഷ്ട്ര വിലയിലെ വ്യത്യാസത്തിന് അനുസരിച്ചാണ് കേരളത്തിലും വിലയില്‍ മാറ്റമുണ്ടാകുന്നത്.
പ്രതീക്ഷ ബജറ്റില്‍
ധനമന്ത്രി നിര്‍മല സീതാരാമന്‍ 23ന് ബജറ്റ് അവതരിപ്പിക്കാനിരിക്കേ സ്വര്‍ണമേഖലയും പ്രതീക്ഷയിലാണ്. ഇറക്കുമതി നികുതിയില്‍ കുറവ് വേണമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം. നിലവില്‍ 15 ശതമാനം ഇറക്കുമതി നികുതിക്കൊപ്പം 3 ശതമാനം ജി.എസ്.ടി കൂടി സ്വര്‍ണത്തിന് ഈടാക്കുന്നുണ്ട്. ഇറക്കുമതി നികുതി 5 ശതമാനമെങ്കിലും കുറഞ്ഞാല്‍ സ്വര്‍ണവില 50,000 രൂപയ്ക്ക് താഴെയെത്തും.
ഇന്ന് ഒരു പവന്‍ ആഭരണത്തിന്റെ വില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,080 രൂപയാണ്. പക്ഷെ ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം വാങ്ങാന്‍ ആകില്ല. ഇന്നത്തെ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 58,541 രൂപയെങ്കിലും നല്‍കിയാലേ ഒരു പവന്‍ ആഭരണം കടകളില്‍ നിന്ന് വാങ്ങാനാകൂ.
ഇന്ന് ആഭരണം വാങ്ങാന്‍ പോകുന്നവര്‍ ജൂലൈ ഒന്നിലേക്കാള്‍ 3,293 രൂപ പവന് കൂടുതല്‍ കൊടുക്കേണ്ടിവരും. ആഭരണങ്ങളുടെ ഡിസൈനുകളെയും ആഭരണ ശാലകളെയും അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസമുണ്ടാകാറുണ്ട്. ബ്രാന്‍ഡഡ് ആഭരണങ്ങള്‍ ആണെങ്കില്‍ 20 ശതമാനം വരെയൊക്കെയാകാം എന്നതും ഓര്‍മിക്കുക.
Related Articles
Next Story
Videos
Share it