തുടര്‍ച്ചയായ ഇടിവിന് ഇടവേള, സ്വര്‍ണത്തിന്റെ ബുക്കിംഗിന് ഡിമാന്‍ഡ് ഏറുന്നു, സ്വര്‍ണവിലയില്‍ ഇന്നത്തെ നിരക്കറിയാം

തുടര്‍ച്ചയായ ഇടിവിനുശേഷം സ്വര്‍ണവിലയില്‍ ഇന്ന് (ജൂണ്‍ 25 ചൊവ്വ) മാറ്റമില്ല. ഈ മാസം 21ന് ശേഷം പവന് 720 രൂപയാണ് കേരളത്തില്‍ കുറഞ്ഞത്. ഇന്ന് പവന്‍ വില 53,000 രൂപയാണ്. ഗ്രാമിന് 6,625 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5,515 രൂപയില്‍ തന്നെ തുടരുകയാണ്. വെള്ളിവിലയിലും മാറ്റമില്ല, 95 രൂപ.
രാജ്യാന്തര വിലയില്‍ ചാഞ്ചാട്ടം തുടരുന്നതാണ് കേരളത്തിലും സ്വര്‍ണത്തില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതും അമേരിക്കന്‍ ട്രഷറി നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ ലഭിക്കുന്നതുമെല്ലാം സ്വര്‍ണത്തിന്റെ കയറ്റിറക്കങ്ങളെ കഴിഞ്ഞ ഒരാഴ്ച വലിയതോതില്‍ സ്വാധീനിച്ചു.
ചൈന സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തല്‍ക്കാലം നിറുത്തിയ ശേഷം സ്വര്‍ണവിലയില്‍ വലിയ വര്‍ധന ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സ്വര്‍ണം വാങ്ങുന്നതിന് ചൈന ഇടവേള കൊടുത്തുവെന്ന വാര്‍ത്ത പുറത്തു വന്നതും വിലയിടിവിന് കാരണമായിട്ടുണ്ട്.
ഇന്ന് ഒരുപവന്‍ സ്വര്‍ണം വാങ്ങാന്‍
മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവ ചേര്‍ത്താല്‍ 57,373 രൂപ കൊടുത്താല്‍ ഇന്ന് ഒരു പവന്‍ ആഭരണം കിട്ടും. അതേസമയം, പല സ്വര്‍ണക്കടകളിലും ആഭരണത്തിന്റെ ഡിസൈനിന് ആനുപാതികമായി പണിക്കൂലി വ്യത്യസ്തമാണ്. ചില ആഭരണങ്ങള്‍ക്ക് ബ്രാന്‍ഡ് അനുസരിച്ച് പണക്കൂലി 20 ശതമാനത്തിനും മുകളിലായിരിക്കും.
സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടം പലരെയും അഡ്വാന്‍സ് ബുക്കിംഗിന് പ്രേരിപ്പിക്കുന്നുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വില, ആഭരണങ്ങള്‍ വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യുകയും ഏതാണോ ഏറ്റവും കുറഞ്ഞ വില, ആ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ അവസരം നല്‍കുകയും ചെയ്യുന്നുവെന്നതാണ് ബുക്കിംഗിന്റെ നേട്ടം.
ജ്വല്ലറികളെല്ലാം സ്വര്‍ണ ബുക്കിംഗിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിസിനസിലും ഉണര്‍വ് പ്രകടമാണ്. വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം എടുക്കാന്‍ ആഗ്രഹിക്കുന്നവരിലേറെയും മുന്‍കൂട്ടി ബുക്ക് ചെയ്യുകയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it