സ്വര്‍ണം വാങ്ങാന്‍ ഇന്നത്ര നല്ലതല്ല; പവന് 7 ദിവസത്തെ ഉയര്‍ന്ന വില

ഒരാഴ്ചയായി മിതമായി മാത്രം ഏറ്റക്കുറച്ചിലുകളിലായിരുന്ന സ്വര്‍ണത്തില്‍ ഇന്ന് (ഓഗസ്റ്റ് 12 തിങ്കള്‍) തരതമ്യേന വലിയ കയറ്റം. പവന് 51,760 രൂപയാണ് ഇന്നത്തെ വില. ഓഗസ്റ്റ് അഞ്ചിനു ശേഷമുള്ള ഉയര്‍ന്ന വിലയാണിത്. അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന ചാഞ്ചാട്ട മനോഭാവം തന്നെയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയാണ് കൂടിയത്, 6,470 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന് 15 രൂപ ഉയര്‍ന്ന് 5,345 രൂപയിലെത്തി. വെള്ളി വില ഒരു രൂപ കുറഞ്ഞ് 87 രൂപയിലാണ്.
കുതിപ്പിന്റെ ആഴ്ച?
കഴിഞ്ഞ ഒരാഴ്ച സ്വര്‍ണാഭരണം വാങ്ങുന്നവരെ സംബന്ധിച്ച് ഗുണകരമായിരുന്നു. ഒരു ഘട്ടത്തില്‍ പവന് 50,800 രൂപ വരെ വിലയെത്തി. ഈ ദിവസങ്ങളില്‍ കേരളത്തിലെ ജുവലറികളില്‍ വലിയ വില്പനയും നടന്നു. വിവാഹാവശ്യത്തിന് ആഭരണം വാങ്ങാനുള്ളവരിലേറെയും വിലക്കുറവ് പ്രയോജനപ്പെടുത്തിയതായി വ്യാപാരികള്‍ പറയുന്നു.
രാജ്യത്തെല്ലായിടത്തും സ്വര്‍ണവില ഏകോപിപ്പിക്കാന്‍ സ്വര്‍ണ വ്യാപാരികളുടെ സംഘടന ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. വ്യാപാരികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങളും ചില്ലറ തര്‍ക്കങ്ങളുമാണ് കാരണം. കേരളത്തെ അപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടിയ വിലയാണ് ഈടാക്കുന്നത്.
ഇന്നൊരു പവന്‍ വാങ്ങാന്‍ എന്തു കൊടുക്കണം?
ഇന്ന് ഒരു പവന്‍ ആഭരണത്തിന് നികുതിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ചാര്‍ജുമടക്കം ഏറ്റവും കുറഞ്ഞവില 56,032 രൂപയാണ്. സ്വര്‍ണവില കുറയുന്നത് എപ്പോഴും മുന്‍കൂര്‍ ബുക്ക് ചെയ്ത് നേട്ടം സ്വന്തമാക്കാന്‍ സുവര്‍ണാവസരമാണ്. വിവാഹ പാര്‍ട്ടികള്‍ക്കാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുക. അതായത്, ബുക്ക് ചെയ്യുന്ന ദിവസത്തെ വില, ആഭരണങ്ങള്‍ വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യും. ഏതാണോ ഏറ്റവും കുറവ് ആ വിലയ്ക്ക് സ്വര്‍ണാഭരണം സ്വന്തമാക്കാം.
സംസ്ഥാനത്ത് ഒട്ടുമിക്ക പ്രമുഖ ജുവലറികളും അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍ നല്‍കുന്നുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന സ്വര്‍ണാഭരണങ്ങളുടെ 5-10 ശതമാനം തുക മുന്‍കൂര്‍ അടച്ച് ബുക്ക് ചെയ്യാം. ഉപയോക്താക്കളെ സംബന്ധിച്ച് ഗുണം ചെയ്യുന്നതാണ് ബുക്കിംഗ് രീതി.
Related Articles
Next Story
Videos
Share it