സ്വര്‍ണത്തില്‍ 'നിശ്ചലാവസ്ഥ', തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ അനക്കമില്ല

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഡിസംബര്‍ 21 ശനിയാഴ്ച പവന് 56,800 രൂപയിലെത്തിയ വില തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇതേ നിലയില്‍ തുടരുന്നത്. ഗ്രാമിന് 7,100 രൂപയാണ് നിലവിലെ നിരക്ക്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,865 രൂപയില്‍ തന്നെ തുടരുകയാണ്. വെള്ളി വിലയിലും മാറ്റമില്ല, 95 രൂപ.
ഡിസംബര്‍ ഒന്നിന് സ്വര്‍ണവില 57,200 രൂപയായിരുന്നു. താഴ്ന്നും ഉയര്‍ന്നും നിന്നിരുന്ന നിരക്ക് ഡിസംബര്‍ പതിനൊന്നിനാണ് ഈ മാസത്തെ ഉയര്‍ന്ന തലത്തിലെത്തുന്നത്. പവന് 58,280 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് വില താഴേക്ക് പോകുന്നതിനാണ് വിപണി സാക്ഷ്യം വഹിച്ചത്. അമേരിക്കന്‍ ഫെഡ് അടുത്ത വര്‍ഷം രണ്ട് തവണ മാത്രമേ പലിശ നിരക്ക് കുറയ്ക്കൂവെന്ന വാര്‍ത്ത പുറത്തു വന്നതാണ് സ്വര്‍ണവില ഉയരാതെയിരിക്കാന്‍ കാരണം. പലിശനിരക്ക് കുറയുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട നേട്ടത്തിനായി സ്വര്‍ണത്തിലേക്ക് നിക്ഷേപിക്കാനുള്ള സാധ്യത മങ്ങിയതാണ് കാരണം.

ഇന്ന് ആഭരണത്തിന് മുടക്കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 56,800 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,482 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.
Related Articles
Next Story
Videos
Share it