കയറ്റത്തിന് വിട, നേരിയ ഇടിവില്‍ സ്വര്‍ണം, ആഭരണപ്രേമികള്‍ക്ക് നല്ല സമയമോ?

തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലെ വര്‍ധനയ്ക്കു ശേഷം സ്വര്‍ണവിലയില്‍ ഇന്ന് (ഡിസംബര്‍ 28 ശനി) നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,135 രൂപയിലെത്തിയപ്പോള്‍ പവന് നിരക്ക് 57,080 രൂപയാണ്. ഒരു പവനില്‍ 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞ് 5,895 രൂപയാണ്. വെള്ളി വില ഒരു രൂപ കുറഞ്ഞ് 95ലെത്തി.

ഈ വര്‍ഷം ജനുവരി രണ്ടിന് സ്വര്‍ണവില ഗ്രാമിന് 5,875 രൂപയായിരുന്നു. പവന് 47,000 രൂപയും. 12 മാസം കൊണ്ട് പവന് 10,000 രൂപയ്ക്ക് മുകളിലാണ് കൂടിയത്. ഇറക്കുമതി തീരുവ കുറച്ചതാണ് വില ഈ നിരക്കില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചത്. ഒക്ടോബറിലും നവംബറിലും കുതിച്ച വില താഴാന്‍ കാരണമായത് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അയവു വന്നതാണ്.

ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ കേരളത്തിലെ സ്വര്‍ണക്കടകളില്‍ കച്ചവടം വര്‍ധിച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഗള്‍ഫില്‍ നിന്ന് വാങ്ങുന്നത് ലാഭകരമല്ലാതായി മാറിയതാണ് ഇതിനു കാരണം. വിദേശ മലയാളികള്‍ക്കായി എന്‍.ആര്‍.ഐ ഫെസ്റ്റ് ഉള്‍പ്പെടെ നടത്തി കച്ചവടം പിടിക്കാന്‍ ജുവലറികള്‍ മല്‍സരിക്കുകയാണ്.

ഇന്ന് സ്വര്‍ണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,080 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,800 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.
Related Articles
Next Story
Videos
Share it