Begin typing your search above and press return to search.
10 ദിവസത്തിനിടെ 1,320 രൂപ കുറഞ്ഞ് സ്വര്‍ണം, ആഭരണപ്രേമികള്‍ക്ക് ടെന്‍ഷന്‍ വേണോ?
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒക്ടോബര്‍ 31ന് സര്‍വകാല റെക്കോഡായ 59,640 രൂപയിലെത്തിയ സ്വര്‍ണത്തിന് ഇന്നത്തെ വില 57,760 രൂപയാണ്. നവംബര്‍ ഒന്നിന് 59,080 രൂപയില്‍ നിന്ന സ്വര്‍ണം 10 ദിവസം കൊണ്ട് കുറഞ്ഞത് 1,320 രൂപയാണ്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 7,220 രൂപ നല്‍കണം. 55 രൂപയുടെ കുറവാണ് കഴിഞ്ഞ ദിവസത്തെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഗ്രാമിനുള്ളത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 5,950 രൂപയായി, 45 രൂപ കുറവ്. വെള്ളിവില ഒരു രൂപ കുറഞ്ഞ് 99 രൂപയിലെത്തി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുറയുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കത്തിക്കയറിയ സ്വര്‍ണം ഇപ്പോള്‍ ഔണ്‍സിന് 2,670 ഡോളറിലാണ്. അമേരിക്കയില്‍ ട്രംപിന്റെ വിജയവും ഒപ്പം ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകളില്‍ കുറവുവരുത്തിയതും സ്വര്‍ണത്തിലും പ്രതിഫലിച്ചു. സര്‍ക്കാര്‍ കടപത്രങ്ങളില്‍ നിന്നുള്ള ആദായം വര്‍ധിച്ചതും സ്വര്‍ണത്തിലേക്ക് പോയ നിക്ഷേപകരെ തിരികെയെത്തിച്ചിട്ടുണ്ട്.
വിവാഹ പാര്‍ട്ടികള്‍ക്ക് ആശ്വാസം
സ്വര്‍ണത്തിന്റെ വില യാതൊരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നത് കേരളത്തിലെ കുടുംബങ്ങളെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. പ്രത്യേകിച്ചും വിവാഹം നടക്കുന്ന കുടുംബങ്ങളില്‍. സ്വര്‍ണവും വിവാഹവും തമ്മില്‍ ഇഴപിരിയാത്ത ബന്ധമുള്ളതിനാല്‍ കൂടുതല്‍ പണം ആഭരണങ്ങള്‍ വാങ്ങാന്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യമാണുള്ളത്.
നിലവിലെ അവസ്ഥയില്‍ ആഭരണങ്ങള്‍ വാങ്ങുന്നതിന് 63,000 രൂപയില്‍ കൂടുതല്‍ മുടക്കേണ്ടി വരും. ഓരോ ജുവലറികളിലും പണിക്കൂലി വ്യത്യസ്തമായതിനാല്‍ ആഭരണവിലയിലും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. വില അടിക്കടി ഉയരുന്നതോടെ ഉപയോക്താക്കള്‍ കൂടുതലായി മുന്‍കൂര്‍ ബുക്കിംഗിനെ ആശ്രയിക്കുന്നുണ്ട്.
Next Story
Videos