അമേരിക്ക ചതിച്ചു ! പിടിവിട്ട് സ്വര്‍ണം, കേരളത്തില്‍ ഇന്ന് കൂടിയത് പവന് 560 രൂപ

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 560 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഗ്രാമിന് 70 രൂപ കൂടി. ഈ ആഴ്ച പവന് 760 രൂപ കുറഞ്ഞതിന് ശേഷമാണ് വില വര്‍ധന. 7,095 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന് 56,760 രൂപ നല്‍കണം. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 57 രൂപ വര്‍ധിച്ച് 5,805 രൂപയിലെത്തി. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 76 രൂപ വര്‍ധിച്ച് 7,740 രൂപയിലുമെത്തി. വെള്ളി വിലയില്‍ ഇന്ന് ഗ്രാമിന് രണ്ട് രൂപ കൂടി. ഗ്രാമിന് 102 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഫെഡ് നിരക്കില്‍ തട്ടി കയറി സ്വര്‍ണം

യു.എസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ അടുത്ത മാസം കുറയ്ക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളാണ് പണി പറ്റിച്ചത്. സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2,642 രൂപയിലേക്ക് കയറി. പശ്ചിമേഷ്യയില്‍ ഇസ്രയേല്‍-ലെബനന്‍ സംഘര്‍ഷം രൂക്ഷമായാല്‍ സ്വര്‍ണ വില ഇനിയും കൂടുമെന്നാണ് കരുതുന്നത്. യുദ്ധം പോലുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തെ പരിഗണിക്കുന്നതാണ് കാരണം.

ഇന്ന് ഒരു പവന്‍ ആഭരണത്തിന്റെ വില

ഒരു പവന്‍ സ്വര്‍ണത്തിന് 56,760 രൂപയാണ് ഇന്നത്തെ വില. എന്നാല്‍ ഒരു പവന്‍ ആഭരണത്തിന് ഇത് മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, അതിന്റെ 18 ശതമാനം ജി.എസ്.ടി, പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് ഒരു പവന് 61,439 രൂപയെങ്കിലും കൊടുക്കണം. ഇന്നലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു പവന് 500 രൂപയിലധികം വര്‍ധിച്ചു.
Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  
Related Articles
Next Story
Videos
Share it