Begin typing your search above and press return to search.
സ്വര്‍ണത്തിന്റെ 10 ദിവസ ചാട്ടം വിവാഹ പാര്‍ട്ടികള്‍ക്ക് 'തലയ്ക്കടി'; ഇന്ന് സ്വര്‍ണവിലയില്‍ കുറവ്
തുടര്‍ച്ചയായി ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവിലയ്ക്ക് കേരളത്തില്‍ ഇന്ന് (ഓഗസ്റ്റ് 20) കുറവ്. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് വില 6,660 രൂപയിലെത്തി. പവന്റെ നിരക്ക് 53,280 രൂപയാണ്. ഓഗസ്റ്റ് എട്ടു മുതല്‍ തുടര്‍ച്ചയായി കയറി കൊണ്ടിരുന്ന വിലയിലെ നേരിയ കുറവ് വിവാഹ പാര്‍ട്ടികള്‍ക്ക് അടക്കം ആശ്വാസം പകരും.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് വളരില്ലെന്ന ആശ്വാസമാണ് സ്വര്‍ണക്കുതിപ്പില്‍ താല്‍ക്കാലിക വിരാമത്തിന് കാരണം. രക്ഷാബന്ധന്‍ പ്രമാണിച്ച് കേരളത്തിലെ ജുവലറികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജുവലറികള്‍ മല്‍സരിച്ച് ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ വില്പന കുതിച്ചുയരും.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില അഞ്ച് രൂപ കുറഞ്ഞ് 5,510 രൂപയായി. വെള്ളി വിലയില്‍ പക്ഷേ ഒരു രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഒരു പവന്‍ സ്വര്‍ണത്തിന് എന്തു കൊടുക്കണം?
ഇന്ന് ഒരു പവന്‍ ആഭരണത്തിന് നികുതിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ചാര്‍ജുമടക്കം ഏറ്റവും കുറഞ്ഞവില 57,675 രൂപയാണ്. സ്വര്‍ണവില കുറയുന്നത് എപ്പോഴും മുന്‍കൂര്‍ ബുക്ക് ചെയ്ത് നേട്ടം സ്വന്തമാക്കാന്‍ സുവര്‍ണാവസരമാണ്. വിവാഹ പാര്‍ട്ടികള്‍ക്കാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുക. അതായത്, ബുക്ക് ചെയ്യുന്ന ദിവസത്തെ വില, ആഭരണങ്ങള്‍ വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യും. ഏതാണോ ഏറ്റവും കുറവ് ആ വിലയ്ക്ക് സ്വര്‍ണാഭരണം സ്വന്തമാക്കാം.
സംസ്ഥാനത്ത് ഒട്ടുമിക്ക പ്രമുഖ ജുവലറികളും അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍ നല്‍കുന്നുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന സ്വര്‍ണാഭരണങ്ങളുടെ 5-10 ശതമാനം തുക മുന്‍കൂര്‍ അടച്ച് ബുക്ക് ചെയ്യാം. ഉപയോക്താക്കളെ സംബന്ധിച്ച് ഗുണം ചെയ്യുന്നതാണ് ബുക്കിംഗ് രീതി.
Next Story
Videos