സ്വര്‍ണ വിപണിയില്‍ വിവാഹ തിരക്ക്, സ്വര്‍ണത്തില്‍ ചാഞ്ചാട്ടമില്ല; ഇന്നത്തെ വിലയറിയാം

സംസ്ഥാനത്ത് സ്വര്‍ണ വിപണിക്ക് ഇനി തിരക്കിന്റെ കല്യാണ സീസണ്‍. വിവാഹ ആവശ്യത്തിനുള്ള ഇടപാടുകാര്‍ ജുവലറികളിലേക്ക് വന്നു തുടങ്ങിയതോടെ വില്പനയും ഉയര്‍ന്നിട്ടുണ്ട്. വിലയില്‍ വലിയ കുതിപ്പുണ്ടാകും മുമ്പ് പര്‍ച്ചേസ് നടത്താനാണ് ഒട്ടുമിക്ക ഉപയോക്താക്കളും ശ്രമിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബര്‍ 3) സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 6,670 രൂപയാണ്. പവന് 53,360 രൂപയില്‍ തന്നെ തുടരുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 5,530 രൂപയാണ്. വെള്ളിവില മാറ്റമില്ലാതെ തുടരുന്നു, 90 രൂപ.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില താഴുന്ന പ്രവണതയാണ് കാണുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തില്‍ ഉള്‍പ്പെടെ വിലയില്‍ കയറ്റം ഉണ്ടാകാതെ നില്‍ക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഔണ്‍സിന് 2496 ഡോളറാണ് സ്വര്‍ണവില. സെപ്റ്റംബര്‍ 18ന് നടക്കുന്ന യോഗത്തില്‍ അമേരിക്കയില്‍ ഫെഡ് പലിശനിരക്ക് കുറച്ചേക്കും. നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് തിരിയുന്ന പ്രവണത ഉണ്ടായാല്‍ വില ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

പ്രത്യേക ഓഫറുകളുമായി ജുവലറികള്‍

സീസണ്‍ തുടങ്ങിയതോടെ വന്‍കിട, ചെറുകിട ജുവലറിക്കാര്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണിക്കൂലിയിലുള്ള കുറവാണ് ഒട്ടുമിക്ക ജുവലറിക്കാരും പയറ്റുന്ന തന്ത്രം. മുന്‍കൂര്‍ ബുക്കിംഗും വ്യാപകമായ രീതിയില്‍ ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 57,762 രൂപ നല്‍കിയാലാണ് കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാനാകൂ. വിവിധ ആഭരണങ്ങള്‍ക്ക് അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരും.

Related Articles

Next Story

Videos

Share it