Begin typing your search above and press return to search.
ഗൂഗിള്‍ പേ വഴിയും കേരളത്തില്‍ തട്ടിപ്പ്, ഓണ്‍ലൈനില്‍ ചതിയുടെ കാണാപ്പുറങ്ങള്‍ പെരുകുന്നു
ഓണ്‍ലൈനില്‍ കബളിപ്പിക്കപ്പെടുന്നതും പണം നഷ്ടപ്പെടുന്നതും ഇപ്പോള്‍ പതിവായി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഇത്തരത്തിലുളള ഒട്ടേറെ സംഭവങ്ങളാണ് പുറത്തു വരുന്നത്.
തിരുവനന്തപുരത്ത് 72 കാരിയായ വൃദ്ധയുടെ 70 ലക്ഷം രൂപ തട്ടിയെടുത്തതും പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിനെ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ സമീപിച്ചതും ഈയടുത്താണ്. ഭൂരിഭാഗം ആളുകളും ഓണ്‍ലൈന്‍ പേമെന്റിന് ഉപയോഗിക്കുന്ന ആപ്പായ ഗൂഗിള്‍ പേയും പണം തട്ടാനുളള മാര്‍ഗമാക്കിയിരിക്കുകയാണ് ക്രിമിനലുകള്‍.
ജാഗ്രത അത്യാവശ്യം
നിതാന്തമായ ജാഗ്രത പാലിക്കുക, ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട പാസ് വേഡുകള്‍ ഒരിക്കലും മറ്റൊരാള്‍ക്ക് കൈമാറാതിരിക്കുക, ഓണ്‍ലൈനിലൂടെ സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെ അധികൃതര്‍ എന്ന നിലയില്‍ ബന്ധപ്പെടുന്നവരോട് വളരെ സൂക്ഷിച്ച് മാത്രം ആശയ വിനിമയം നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ ഉപയോക്തക്കളും സൂക്ഷ്മത പുലര്‍ത്തേണ്ടത് അത്യാവശ്യമായി തീര്‍ന്നിരിക്കുകയാണ്.
ഫോണ്‍ വഴിയോ, ഇന്റര്‍നെറ്റ് വഴിയോ, നേരിട്ടോ ഇത്തരം ആവശ്യങ്ങളുമായി എത്തുന്നവരെ സംശയദൃഷ്ടിയോടെ മാത്രം സമീപിക്കുക. വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ നയപരമായി അവരോട് കാര്യങ്ങള്‍ തിരക്കി കേരള സൈബര്‍ പോലീസിനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ഇക്കാര്യങ്ങള്‍ ധരിപ്പിക്കുക. തുടര്‍ന്ന് അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രം ഇത്തരം സംഭവങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.
ഗൂഗിള്‍ പേ തട്ടിപ്പുകാര്‍ എത്തിയത് ഇങ്ങനെ
അധികം കേട്ടുകേള്‍വിയില്ലാത്ത ഗൂഗിള്‍ പേ വഴിയുളള തട്ടിപ്പാണ് എറണാകുളത്ത് നടന്നത്. 75 കാരനായ വൃദ്ധനാണ് കബളിപ്പിക്കപ്പെട്ടത്. ബസില്‍ വെച്ചാണ് പ്രതികള്‍ ഇദ്ദേഹത്തെ സമീപിക്കുന്നത്. കൈയില്‍ പണമായി ഒന്നുമില്ലെന്നും ബസിന് കൊടുക്കാന്‍ പോലും പൈസയില്ലെന്നും പറഞ്ഞ് പ്രതികള്‍ ഇദ്ദേഹത്തോട് ആയിരം രൂപ പണമായി നൽകണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. പൈസ ഗൂഗിൾ പേ വഴി ചെയ്തുതരാമെന്ന് പ്രതികൾ ഇദ്ദേഹത്തെ വിശ്വസിപ്പിച്ചു.
തുടർന്ന് ഇദ്ദേഹം ഇവർക്ക് ആയിരം രൂപ നൽകി. പണം അവര്‍ അയച്ചോവെന്ന് വൃദ്ധന്‍ ഫോണില്‍ പരിശോധിക്കുന്ന സമയത്ത് ഗൂഗിൾ പേയുടെ പാസ്‌വേഡ് പ്രതികൾ മനസിലാക്കിയെടുക്കുകയായിരുന്നു.
അതിനു ശേഷം വൃദ്ധന്റെ കയ്യിൽ നിന്നും പ്രതികള്‍ ഫോൺ വാങ്ങി പരിശോധിക്കുന്ന രീതിയിൽ നോക്കി 10,000 രൂപ തങ്ങളില്‍ ഒരാളുടെ ഫോണ്‍ നമ്പറിലേക്ക് അയച്ചു. മൂന്ന് യുവാക്കള്‍ അടങ്ങുന്ന സംഘമാണ് ഇത്തരത്തില്‍ വൃദ്ധനെ സമീപിച്ചത്.
പ്രതികള്‍ ഫോണ്‍ നോക്കിയ ശേഷമുളള പെരുമാറ്റത്തില്‍ സംശയം തോന്നിയ വൃദ്ധന്‍ വിശദമായി ഗൂഗിള്‍ പേ പരിശോധിച്ചപ്പോഴാണ് തന്റെ അക്കൗണ്ടിൽ പണം നഷ്ടപ്പെട്ട വിവരം മനസിലാക്കുന്നത്. വൃദ്ധന്‍ ബഹളം ഉണ്ടാക്കിയതോടെ പ്രതികളില്‍ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊച്ചി എളമക്കര പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
ആളുകളെ വിവിധ ആവശ്യങ്ങളുമായി ഇത്തരത്തില്‍ സമീപിച്ച് ഗൂഗിൾ പേ വഴി കബളിപ്പിച്ച് പണം തട്ടുന്നത് ഈ യുവാക്കളുടെ സ്ഥിരം പരിപാടിയാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. പ്രതികള്‍ മൂന്നു പേരും കേരള സ്വദേശികളാണ്.
ജെറി അമല്‍ദേവിനെയും കുടുക്കാന്‍ ശ്രമിച്ച് തട്ടിപ്പുകാര്‍
പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിനെ സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേനെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതും കഴിഞ്ഞ ദിവസമാണ്. ഇദ്ദേഹത്തെ വാട്സ്ആപ്പ് കോളിലൂടെയാണ് തട്ടിപ്പുകാര്‍ വിളിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2023 സെപ്റ്റംബർ ഒന്നിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ജെറ്റ് എയർവേയ്സ് ഉടമ നരേഷ് ഗോയലിന്റെ ബാങ്ക് ഇടപാടുകളുടെ പട്ടികയിൽ ജെറി അമൽദേവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് തട്ടിപ്പുകാർ വിശ്വസിപ്പിച്ചത്.
കേസിൽ നിന്ന് ഊരാനുള്ള സാധ്യത ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞ് 2.80 ലക്ഷം രൂപയാണ് ക്രിമിനലുകള്‍ ആവശ്യപ്പെട്ടത്. ഇത് വിശ്വസിച്ച് ബാങ്കില്‍ എത്തിയ ജെറി അമല്‍ദേവിനെ ബാങ്ക് മാനേജരുടെ സമയോചിതമായ ഇടപെടല്‍ മൂലം തട്ടിപ്പില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ദിവസങ്ങള്‍ നീണ്ട ഭീഷണികളും ചോദ്യം ചെയ്യലുകളുമാണ് ഉത്തരേന്ത്യന്‍ തട്ടിപ്പു സംഘം ഇദ്ദേഹത്തിനു നേരെ പ്രയോഗിച്ചത്. ആകെ പരിഭ്രാന്തനായി എത്രയും പെട്ടന്ന് പണം ഇവര്‍ക്ക് അയച്ചു കൊടുക്കണം എന്ന ആവശ്യവുമായാണ് ജെറി അമല്‍ദേവ് ബാങ്കിലെത്തിയത്. തട്ടിപ്പുകാരുടെ അക്കൗണ്ട് വിവരങ്ങളില്‍ സംശയം തോന്നിയ മാനേജരുടെ ധീരമായ നടപടികളാണ് അദ്ദേഹത്തെ വലിയ തട്ടിപ്പില്‍ നിന്ന് രക്ഷിച്ചത്.
Next Story
Videos