സമൂഹ മാധ്യമങ്ങള്‍ക്കെതിരായ പരാതി; 3 അപ്പീല്‍ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി കേന്ദ്രം
ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ വിവിധ സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ പരിശോധിക്കാന്‍ മൂന്ന് അംഗങ്ങള്‍ വീതമുള്ള മൂന്ന് പരാതി അപ്പീല്‍ കമ്മിറ്റികള്‍ (Grievance appellate committees) സര്‍ക്കാര്‍ രൂപീകരിച്ചു. ഐടി നിയമങ്ങളില്‍ മാറ്റം വരുത്തി മൂന്ന് മാസത്തിന് ശേഷമാണ് ഈ വിജ്ഞാപനം വന്നിരിക്കുന്നത്. പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ച് പരാതി ലഭിച്ച് 72 മണിക്കൂറിനുള്ളില്‍ തെറ്റായ വിവരങ്ങളും നിയമവിരുദ്ധമായ ഉള്ളടക്കവും സോഷ്യല്‍ മീഡിയ കമ്പനി നീക്കം ചെയ്തിരിക്കണം.
ഉപഭോക്താക്കളുടെ ഇത്തരം പരാതികള്‍ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ രൂപീകരിച്ച കമ്മിറ്റികളിലെ പരാതി പരിഹാര ഓഫീസര്‍മാര്‍ ഇതിന് പരിഹാരമുണ്ടാക്കണം. ഇന്നും പരിഹരിക്കപ്പെടാത്ത പരാതികള്‍ ധാരാളമുള്ളതിനാലാണ് അപ്പീല്‍ കമ്മിറ്റികള്‍ രൂപീകരിച്ചത്. കൂടാതെ ഇത്തരം പരാതികള്‍ ഫയല്‍ ചെയ്യാന്‍ കഴിയുന്ന ഓണ്‍ലൈന്‍ സംവിധാനം 2023 മാര്‍ച്ച് 1 മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (MeitY) അറിയിച്ചു.
ഈ കമ്മിറ്റികളില്‍ ഓരോന്നിനും ഒരു അധ്യക്ഷനും, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള രണ്ട് മുഴുവന്‍ സമയ അംഗങ്ങളും, വ്യവസായത്തില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് ആദ്യ കമ്മിറ്റിയുടെ അധ്യക്ഷന്‍. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ പോളിസി ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ജോയിന്റ് സെക്രട്ടറിയാണ് രണ്ടാമത്തെ കമ്മിറ്റിയുടെ അധ്യക്ഷന്‍. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ മൂന്നാമത്തെ കമ്മിറ്റി നയിക്കും.