കേരളത്തിലെ വമ്പന്‍ ഹൈവേ പദ്ധതിയുടെ ഉള്‍പ്പെടെ പുരോഗതി വിലയിരുത്തി എന്‍.പി.ജി

മധുര-കൊല്ലം ഐ.സി.ആര്‍ പദ്ധതിയില്‍ 61.62 കിലോമീറ്റര്‍ നീളുന്ന ഭാഗം കേരളത്തിലൂടെയാണ് കടന്നുപോകുന്നത്‌

മോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളിലൊന്നായ പി.എം ഗതിശക്തി സ്‌കീമിലെ 18 പ്രധാന ഹൈവേ പദ്ധതികളുടെ അവലോകനം ഡല്‍ഹിയില്‍ നടന്നു. കേരളത്തിലെ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള റോഡ് ഇടനാഴികളുടെ വിലയിരുത്തലാണ് ദ നെറ്റ്‌വര്‍ക്ക് പ്ലാനിംഗ് ഗ്രൂപ്പിന്റെ (എന്‍.പി.ജി) കീഴില്‍ നടത്തിയത്. ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് അഡീഷണല്‍ സെക്രട്ടറി രാജീവ് ഠാക്കൂറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
കേരളം, തമിഴ്‌നാട്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ, ബിഹാര്‍ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പദ്ധതിയാണിത്. വിവിധ സംസ്ഥാനങ്ങളിലെ സാമ്പത്തിക ഇടനാഴികള്‍ തമ്മിലുള്ള കണക്ടിവിറ്റി ഇതുവഴി ഉയര്‍ത്താനാകും.

കേരളത്തിനും നേട്ടം

കേരളം ഉള്‍പ്പെടുന്ന പദ്ധതി മധുര-കൊല്ലം ഐ.സി.ആര്‍ പദ്ധതിയാണ്. 129.92 കിലോമീറ്റര്‍ നീളുന്ന നാലു ലൈന്‍ കോറിഡോറാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. 61.62 കിലോമീറ്റര്‍ കേരളത്തിലും ബാക്കി 68.30 കിലോമീറ്റര്‍ ദൂരം തമിഴ്‌നാട്ടിലുമാണ്.
യാത്രസമയം കുറയ്ക്കാനും പ്രധാന സാമ്പത്തിക ഹബ്ബുകള്‍ തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. യാത്രദൂരത്തില്‍ 10 കിലോമീറ്റര്‍ കുറയ്ക്കാന്‍ സാധിക്കും.
പദ്ധതിയില്‍ രണ്ട് വശത്തും സര്‍വീസ് റോഡുകളുമുണ്ടാകും. തിരുവനന്തപുരം, കൊല്ലം മേഖലകളില്‍ നിന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ തിരുനെല്‍വേലി, മധുര നഗരങ്ങളിലേയ്ക്ക് എത്തിച്ചേരാനാകും. 20 വലിയ പാലങ്ങളും 16 ചെറിയ പാലങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. കൂടാതെ 45 അണ്ടര്‍പാസുകള്‍, 91 കലുങ്കുകള്‍, ബസ് ബേകള്‍ തുടങ്ങിയവയും പാതയിലുണ്ടാകും.
അതേസമയം, പി.എം ഗതിശക്തി പദ്ധതിയുടെ മാതൃപദ്ധതിയായ ഭാരത് മാല പ്രൊജക്ട് വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയെ തുടര്‍ന്ന് മന്ദഗതിയിലാണ്. ഇതോടെയാണ് പ്രധാന ഹൈവേ പദ്ധതികളുടെ പുരോഗതി വ്യത്യസ്തമായി അവലോകനം ചെയ്ത് മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.

എന്താണ് പി.എം ഗതിശക്തി

അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയാണ് പി.എം ഗതിശക്തി. റെയില്‍വേ, റോഡ് ഗതാഗതം തുടങ്ങിയ വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റിയാണ് പദ്ധതിയുടെ ലക്ഷ്യം. ജനങ്ങളുടെ യാത്രാ സമയം കുറയ്ക്കാന്‍ സഹായകരമായ ഗതാഗത വികസനമാണ് ലക്ഷ്യം.
വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പി.എം ഗതിശക്തി പദ്ധതി വഴി സംയോജിപ്പിക്കും. ടെക്സ്‌റ്റൈല്‍ ക്ലസ്റ്ററുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ക്ലസ്റ്ററുകള്‍, പ്രതിരോധ ഇടനാഴികള്‍, ഇലക്ട്രോണിക് പാര്‍ക്കുകള്‍, വ്യാവസായിക ഇടനാഴികള്‍, മത്സ്യബന്ധന ഇടനാഴികള്‍ തുടങ്ങിയവ സ്ഥാപിക്കാനും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നു.
Related Articles
Next Story
Videos
Share it