ഇന്‍ഫോസിസ് ₹32,000 കോടി നികുതി വെട്ടിച്ചെന്ന് നോട്ടീസ്, നിഷേധിച്ച് കമ്പനി, നികുതി ഭീകരതയെന്ന് മുന്‍ സി.എഫ്.ഒ

32,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഇന്‍ഫോസിസിനെതിരെ അന്വേഷണം. ജൂലൈ 2017 മുതല്‍ മാര്‍ച്ച് 2022 വരെയുള്ള കാലഘട്ടത്തില്‍ വിദേശ ശാഖകളിലെ ഇടപാടുകളില്‍ കുടിശികയുണ്ടെന്ന് കാട്ടിയാണ് ജി.എസ്.ടി ഇന്റലിജന്‍സ് നോട്ടീസ് നല്‍കിയത്. എന്നാല്‍ വിദേശ ശാഖകളിലെ ഇടപാടിന് ജി.എസ്.ടി ബാധകമല്ലെന്നാണ് ഇന്‍ഫോസിസ് നിലപാട്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയാണ് ഇന്‍ഫോസിസ്.
വിദേശത്തെ ശാഖകളിലൂടെ നടത്തിയ സേവനങ്ങള്‍ക്ക് സംയോജിത ചരക്ക് സേവന നികുതി (ഐ.ജി.എസ്.ടി) ഇനത്തില്‍ 32,403 കോടി രൂപ അടയ്ക്കാനുണ്ടെന്നാണ് നോട്ടീസ്. കര്‍ണാടക സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇക്കാര്യത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഇന്‍ഫോസിസും സ്ഥിരീകരിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് ജി.എസ്.ടി ഇന്റലിജന്‍സും സമാനമായ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ കമ്പനികളുടെ വിദേശ ശാഖയില്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ജി.എസ്.ടി ബാധകമല്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇന്‍ഫോസിസ് പ്രതികരിച്ചു.
നികുതി ഭീകരതയെന്ന് മുന്‍ സി.എഫ്.ഒ
ഇന്‍ഫോസിസിനെതിരെയുള്ള നടപടി നികുതി ഭീകരതയുടെ മോശം ഉദാഹരണമാണെന്ന് കമ്പനിയുടെ മുന്‍ ബോര്‍ഡ് മെമ്പറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്ന മോഹന്‍ദാസ് പൈ പറഞ്ഞു. വിഷയത്തില്‍ ധനമന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. ഇതുപോലുള്ള നികുതി ഭീകരത ഇന്ത്യയിലെ നിക്ഷേപങ്ങളെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓഹരി വിപണിയില്‍ ഇടിവ്
നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഇന്‍ഫോസിസ് ടെക്നോളജീസിന്റെ ഓഹരി അര ശതമാനം താഴ്ന്നു. നോട്ടീസ് ലഭിച്ചതു വിപണി വലിയ ഗൗരവത്തോടെ എടുത്തിട്ടില്ലെന്ന സൂചനയാണിത്. ബാധ്യത ഇല്ലെന്ന കമ്പനിയുടെ വാദം വിപണിക്ക് സ്വീകാര്യമാണെന്നും വിലയിരുത്തലുണ്ട്.

Related Articles

Next Story

Videos

Share it