Begin typing your search above and press return to search.
മോദിയുടെ കണ്ണ് ഗയാന 'ദ്വീപില്‍', കേരളത്തിന്റെ പത്തിലൊന്ന് ജനസംഖ്യയുള്ള രാജ്യത്ത് ഇന്ത്യന്‍ നോട്ടത്തിന് പിന്നിലെന്ത്?
കേരളത്തിലെ ഒരു ജില്ലയുടെ അത്രയും പോലുമില്ലാത്തൊരു രാജ്യം. ക്രിക്കറ്റ് അല്ലാതെ ഇന്ത്യയ്ക്ക് ഈ ദ്വീപ് രാഷ്ട്രവുമായി അത്ര വലിയ ബന്ധങ്ങളൊന്നുമില്ല. എന്നിട്ടുമെന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച ഗയാനയെന്ന കൊച്ചു രാജ്യത്തെത്തിയത്. 56 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ കരീബിയന്‍ മണ്ണില്‍ കാലുകുത്തുന്നത്. അതിനു മാത്രം എന്താണ് ഗയാനയുടെ പ്രസക്തി.
വേണം റഷ്യന്‍ ഓയിലിന് പകരക്കാര്‍
ഉക്രെയ്‌നിലേക്ക് റഷ്യയുടെ കടന്നുകയറ്റം തുടങ്ങിയതു മുതല്‍ ക്രൂഡ്ഓയില്‍ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് ലോട്ടറിയാണ്. പാശ്ചാത്യ ലോകം ഉപരോധവുമായി നിന്നപ്പോള്‍ ഇന്ത്യയാണ് റഷ്യയുടെ രക്ഷയ്‌ക്കെത്തിയത്. ഇതിന്റെ പ്രത്യുപകരമായി ഡിസ്‌കൗണ്ട് റേറ്റില്‍ വ്‌ളാഡിമിര്‍ പുടിന്‍ എണ്ണ നല്‍കി. എന്നാല്‍ പടിപടിയായി ഈ ഓഫര്‍ റഷ്യയുടെ ഭാഗത്തു നിന്ന് ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഇതോടെ ഇന്ത്യ മറ്റ് പല സ്രോതസുകളിലേക്കും നോക്കി കൊണ്ടിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിലാണ് ഗയാനയുടെ പ്രസക്തി. ചെറിയൊരു ദ്വീപ് രാഷ്ട്രമാണെങ്കിലും എണ്ണ സമ്പത്തില്‍ മുന്നിലാണ് ഗയാന. 500 മില്യണ്‍ ബാരല്‍ എണ്ണ പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട് ഗയാന ഇപ്പോള്‍. ഇത് 2027ലെത്തുമ്പോള്‍ ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടല്‍. യു.എസ് ആസ്ഥാനമായ എക്‌സോണ്‍ മൊബീല്‍ കോര്‍പറേഷന്‍ ഉള്‍പ്പെടുന്ന കണ്‍സോഷ്യത്തിനാണ് ഗയാനയിലെ എണ്ണ ഖനനത്തിന്റെ അവകാശം.
ഓയില്‍ കമ്പനികളില്‍ നേരിട്ടോ എണ്ണപ്പാടങ്ങള്‍ ലേലത്തിലൂടെ പിടിച്ചോ ഗയാനയിലുള്ള നിക്ഷേപം വര്‍ധിപ്പിക്കാന്‍ മോദി ഇന്ത്യന്‍ കമ്പനികളെ ആഹ്വാനം ചെയ്തിരുന്നു. ഡിസ്‌കൗണ്ട് പൂര്‍ണമായും അവസാനിച്ചാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യയ്ക്ക് ലാഭകരമല്ലാതാകും. അത്തരമൊരു സാഹചര്യത്തിലാണ് കൂടുതല്‍ നിരക്കിളവില്‍ എണ്ണ കിട്ടുന്ന രാജ്യങ്ങളിലേക്ക് കണ്ണെറിയാന്‍ മോദിയെ പ്രേരിപ്പിക്കുന്നത്. ഗയാന പോലുള്ള രാജ്യങ്ങളുമായി കരാറിലെത്തി നേരിട്ട് എണ്ണ ഖനനം നടത്താന്‍ പറ്റുന്ന സാഹചര്യം സൃഷ്ടിക്കാനായാല്‍ ഗുണങ്ങളേറെയാണ്.
അടുത്തിടെ ബ്രസീല്‍ എണ്ണ വാങ്ങാനുള്ള സാധ്യതകള്‍ ഇന്ത്യ നോക്കിയിരുന്നു. ഇത്തരത്തില്‍ പതിവുകള്‍ വിട്ട് പുതിയ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയമാണ് മോദി സര്‍ക്കാര്‍ പയറ്റുന്നത്. ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധം തുടരുമ്പോള്‍ തന്നെ എണ്ണ വാങ്ങലിന് പ്ലാന്‍ ബി ആവിഷ്‌കരിക്കുകയാണ് കേന്ദ്രം. ഇവിടെയാണ് ഗയാന പോലുള്ള ചെറുരാജ്യങ്ങളുടെ പ്രസക്തിയും.
എണ്ണവിലയില്‍ ഇടിവ്
കഴിഞ്ഞയാഴ്ച ക്രൂഡ് വില 70 ഡോളറിന് താഴേക്ക് പോകേണ്ടതായിരുന്നു. അപ്പോഴാണ് ഉക്രെയ്‌നും റഷ്യയും പരസ്പരം ദീര്‍ഘദൂര മിസൈല്‍ തൊടുത്തുവിട്ട് സംഘര്‍ഷം കടുപ്പിച്ചത്. ഇതോടെ ക്രൂഡ് വീണ്ടും 76-78 ഡോളറിലേക്ക് ഉയര്‍ന്നു. എന്നാല്‍ സംഘര്‍ഷം വീണ്ടും തണുത്തതോടെ ബ്രെന്റ് ക്രൂഡ് 72ലേക്ക് താഴ്ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇനിയും കുറയുമെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒപെക് ഇതര രാജ്യങ്ങള്‍ ഉത്പാദനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താത്തതും ചൈനയിലെ മോശം സാമ്പത്തികാവസ്ഥയുമാണ് ക്രൂഡിനെ കുറച്ചു നിര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍.
Next Story
Videos