Begin typing your search above and press return to search.
നെയ്‌റോബി വിമാനത്താവളം അദാനിക്ക് 30 വര്‍ഷ പാട്ടത്തിന്, ജീവനക്കാരുടെ പ്രക്ഷോഭം; സര്‍ക്കാര്‍ നീക്കം തടഞ്ഞ് കോടതി
നെയ്‌റോബിയിലെ ജോമോ കെനിയാറ്റ അന്താരാഷ്ട്ര വിമാനത്താവളം 30 വര്‍ഷത്തെ പാട്ടത്തിന് ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതി കെനിയ ഹൈക്കോടതി തടഞ്ഞു. നിര്‍ദിഷ്ട പദ്ധതിക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങിയ തൊഴിലാളി പ്രതിഷേധം മൂലം വിമാന സര്‍വീസുകള്‍ മുടങ്ങി. അദാനി ഗ്രൂപ്പ് വിമാനത്താവള പ്രവര്‍ത്തനം ഏറ്റെടുത്താല്‍ തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകുമെന്ന ആശങ്കയാണ് തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പിനു കാരണം. വിദേശത്തു നിന്നുള്ള തൊഴിലാളി നിയമനം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും യൂണിയനുകള്‍ പറയുന്നു.
വിമാനത്താവള നവീകരണം ഉദ്ദേശിച്ചാണ് കെനിയന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം പാട്ടത്തിന് അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിച്ചത്. പുതിയ റണ്‍വേ, പാസഞ്ചര്‍ ടെര്‍മിനല്‍ നവീകരണം എന്നിവ ഇതിന്റെ ഭാഗമാണ്. വില്‍പനയല്ല നടത്തുന്നതെന്നും ഭരണകൂടം വിശദീകരിച്ചു. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായി നവീകരണം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നിര്‍ദേശം പക്ഷേ, സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടില്ല. ജീവനക്കാരുടെ സമരം സികുമു, മൊംബാസ നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു.
കോടതിയിലെ വാദമുഖങ്ങള്‍
വിമാനത്താവള നവീകരണത്തിന് വേണ്ടിവരുന്ന 185 കോടി ഡോളര്‍ സ്വന്തനിലക്ക് സമാഹരിക്കാന്‍ കെനിയക്ക് ശേഷിയുണ്ടെന്ന് കെനിയ ലോ സൊസൈറ്റി, കെനിയ മനുഷ്യാവകാശ കമീഷന്‍ എന്നിവ ഹരജിയില്‍ ബോധിപ്പിച്ചിരുന്നു. 30 വര്‍ഷത്തെ പാട്ടത്തിന് രാജ്യത്തെ പ്രധാന വിമാനത്താവളം വിട്ടുകൊടുക്കുന്നത് അന്യായമാണ്. വലിയ തോതില്‍ തൊഴില്‍ നഷ്ടവും സാമ്പത്തിക നഷ്ടവും വരുത്തിവെക്കുന്ന തീരുമാനമാണിത്. നികുതിദായകര്‍ നല്‍കുന്ന പണത്തിന് വിലയില്ലാതാക്കുന്ന തീരുമാനമാണിതെന്നും ഹരജിയില്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോടതി തടഞ്ഞത്.
Next Story
Videos