അദാനിക്കെതിരെ നിലപാട് കടുപ്പിച്ച് ഹിന്‍ഡന്‍ബര്‍ഗ്, സെബിയുടെ ഷോക്കോസ് നോട്ടീസിന് രൂക്ഷ വിമര്‍ശനം

അദാനി ഗ്രൂപ്പിനെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണമുയര്‍ത്തിയ അമേരിക്കന്‍ ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഓഹരി വിപണി നിയന്ത്രിതാവായ സെബി (SEBI). തൊട്ടുപിന്നാലെ സെബിയുടെ നടപടി അസംബന്ധമാണെന്നും അദാനി ഗ്രൂപ്പിനെ സഹായിക്കുന്നതാണെന്നുമുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗും രംഗത്തെത്തി. അദാനി ഗ്രൂപ്പിനെ സഹായിക്കാനുള്ള സെബിയുടെ ശ്രമങ്ങള്‍ 2023 ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണെന്നും അദാനി ഗ്രൂപ്പിന്റെ ഓഹരികളെ നിര്‍ണായക സമയത്ത് 'രക്ഷിക്കാന്‍' ബ്രോക്കര്‍മാരുടെ മേല്‍ സെബി വാങ്ങല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും ഹിന്‍ഡന്‍ബര്‍ ആരോപിച്ചു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി സെബിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ തുടരന്വേഷണം നടത്താന്‍ കഴിയില്ലെന്ന മറുപടിയാണ് സെബി നല്‍കിയത്. രാജ്യത്തെ നിയന്ത്രണ അതോറിറ്റികളുടെ നോട്ടീസുകള്‍ക്ക് വലിയ വില കൊടുക്കാറില്ലെന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിംഗ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. സെബിയുമായി അദാനിക്കുള്ള ബന്ധമായിരിക്കും ജുഗേഷിന്ദറിനെക്കൊണ്ട് ഇങ്ങനെ പറയിച്ചതെന്നും സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരിയെ ഗൗതം അദാനി 2022ല്‍ രണ്ട് തവണ സന്ദര്‍ശിച്ചതാണെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. അദാനി, ഹിന്‍ഡന്‍ബര്‍ഗ് കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സെബി ഉദ്യോഗസ്ഥരുടെ പേരുകള്‍ ആവശ്യപ്പെട്ടുകൊണ്ട് സെബിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കും. സെബി ഉദ്യോഗസ്ഥര്‍ അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയുടെയും ഫോണ്‍കാളുകളുടെയും വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ഹിന്‍ഡന്‍ബര്‍ഗ് ആവശ്യപ്പെടും.
ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് സംരക്ഷണമില്ല
കഴിഞ്ഞ ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലെ ഉള്ളടക്കം തെറ്റാണെന്നും വായനക്കാരെ വഴിതെറ്റിക്കുന്നതാണെന്നും ആരോപിച്ചാണ് ഹിന്‍ഡന്‍ബര്‍ഗിന് സെബി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇരകളാക്കപ്പെട്ട നിക്ഷേപകരെ സംരക്ഷിക്കുന്നതിന് പകരം തട്ടിപ്പുകാരോടൊപ്പം നില്‍ക്കുന്ന സെബി തങ്ങളുടെ ഉത്തരവാദിത്തം മറന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ മറുപടി. ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് തട്ടിപ്പുകാരില്‍ നിന്ന് ഒരു സംരക്ഷണവും ലഭിക്കില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ സെബി നല്‍കുന്ന സന്ദേശമെന്നും ഹിന്‍ഡന്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്
അദാനി ഗ്രൂപ്പ് കൃത്രിമമായി ഓഹരി വില പെരുപ്പിച്ച് കാട്ടിയെന്നും ഇത്തരത്തില്‍ സ്വന്തമാക്കിയ ഓഹരികള്‍ ഈടാക്കി വായ്പയെടുത്തെന്നും കടലാസ് കമ്പനികളിലേക്ക് പണം തിരിമറി നടത്തിയെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ 2023 ജനുവരിയിലാണ് അമേരിക്കന്‍ നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് രാജ്യത്ത് സാമ്പത്തികവും രാഷ്ട്രീയവുമായ വന്‍ ചലനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇക്കാര്യത്തില്‍ ഗൗരവകരമായ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നെങ്കിലും സെബിയുടേത് നടക്കുന്നതിനാല്‍ മറ്റ് അന്വേഷണം വേണ്ടെന്നായിരുന്നു സുപ്രീം കോടതി വിധി. എന്നാല്‍ സെബിയുടെ നോട്ടീസും ഹിന്‍ഡന്‍ബര്‍ഗിന്റെ മറുപടിയും എത്തിയതോടെ സംഭവം വീണ്ടും ചര്‍ച്ചയായി.

Related Articles

Next Story

Videos

Share it