യുഎസ് നാണയത്തില്‍ ഇടംനേടുന്ന ആദ്യ ഏഷ്യന്‍ അമേരിക്കനായി അന്ന മേ വോങ്

അന്ന മേ വോങിന്റെ (Anna May Wong,1905-1961) ചിത്രം ആലേഖനം ചെയ്ത കറന്‍സി പുറത്തിറക്കി യുഎസ്. രാജ്യത്തെ കറന്‍സിയില്‍ ഇടംനേടുന്ന ആദ്യ ഏഷ്യന്‍ അമേരിക്കനാണ് അന്ന. ക്വാര്‍ട്ടര്‍ യുഎസ് ഡോളര്‍ നാണയത്തിലാണ് അന്നയുടെ ചിത്രം ഇടംപിടിച്ചത്. അമേരിക്കന്‍ വനിതാ ക്വാര്‍ട്ടേഴ്‌സ് (AWQ) പ്രോഗ്രാമിന്റെ ഭാഗമായി പുറത്തിറക്കുന്നതാണ് നാണയങ്ങള്‍. ഹോളിവുഡിലെ ആദ്യ ചൈനീസ് അമേരിക്കന്‍ താരമെന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടിയ വ്യക്തിയാണ് അന്ന.

വിവിധ മേഖലകളില്‍ സാന്നിധ്യമറിയിച്ച വനിതകളുടെ ചിത്രങ്ങളാണ് നാണയങ്ങളില്‍ ആലേഖനം ചെയ്യുന്നത്. ഹോളിവുഡില്‍ വംശീയയതയും വര്‍ണവിവേചനവും നേരിട്ട് കലാരംഗത്ത് തന്റേതായ സാന്നിധ്യം അടയാളപ്പെടുത്തിയ വ്യക്തിയാണ് അന്ന. 1905ല്‍ ലോസ്ഏഞ്ചല്‍സില്‍ ജനിച്ച അന്ന, 1919ല്‍ പതിനാലാം വയസിലാണ് ആദ്യമായി സിനിമയിലെത്തുന്നത്. സിനിമ, സീരിയല്‍, നാടകം, റേഡിയോ തുടങ്ങിയ മേഖലകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ദി ടോള്‍ ഓഫ് ദി സീ (1922) എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഷാന്‍ഹായി എക്‌സ്പ്രസ് (1932) ഉള്‍പ്പടെ അറുപതോളം ചിത്രങ്ങളില്‍ അഭിനിച്ചിട്ടുണ്ട്. Hollywood walk of fame സ്റ്റാര്‍ പദവി നേടുന്ന ആദ്യ ഏഷ്യന്‍ നടിയുമാണ് അന്ന.

ഈ വര്‍ഷം ജനുവരിയിലാണ് അമേരിക്കന്‍ വനിതാ ക്വാര്‍ട്ടേഴ്‌സ് പ്രോഗ്രാമിലെ ആദ്യ നാണയം പുറത്തിറങ്ങിയത്. ആദ്യ നാണയത്തില്‍ ഇടം നേടിയത് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്ന മായ ഏഞ്ചലോയാണ്. കഴിഞ്ഞ 90 വര്‍ഷങ്ങളായി യുഎസ് ക്വാര്‍ട്ടര്‍ നാണയങ്ങളുടെ ഒരുവശത്ത് മുന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് വാഷിംഗ്ടണ്ണിന്റെയും മറുവശത്ത് കഴുകന്റെയും ചിത്രമാണ് നല്‍കിയിരുന്നത്. വനിതാ ക്വാര്‍ട്ടേഴ്‌സും എത്തുന്നത് ജോര്‍ജ് വാഷിംഗ്ടണ്ണിന്റെ ചിത്രം ഒരു വശത്ത് നിലനിര്‍ത്തിയാണ്. 2022-25 കാലയളവിലാണ് വനിതകളുടെ ചിത്രങ്ങളടങ്ങിയ നാണയം പുറത്തിറക്കുന്നത്. മായ ഏഞ്ചലോ (Maya Angelou) , ഡോ. സാലി റൈഡ് (Dr. Sally Ride), നീന ഓട്ടെറോ-വാറന്‍ (Nina Otero-Warren), വിന്‍മ മാന്‍കില്ലെര്‍ (Wilma Mankiller) എന്നിവരാണ് അന്ന മേ വോങിനെ കൂടാതെ ഈ വര്‍ഷം നാണയത്തില്‍ ഇടം പിടിച്ചവര്‍.

Related Articles
Next Story
Videos
Share it