ട്രംപിന് വെടിയേറ്റശേഷം ബിറ്റ്‌കോയിന്‍ വില കുതിച്ചുയര്‍ന്നു, കാരണമെന്ത്?

പെന്‍സില്‍വാനിയയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റെന്ന വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരുന്നു. ലോകനേതാക്കള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തുകയും ചെയ്തു.
ട്രംപിനു നേരെ നടന്ന വധശ്രമം സാമ്പത്തികമേഖലയിലും ചലനമുണ്ടാക്കിയിരിക്കുകയാണ്. അതിലേറ്റവും പ്രധാനം ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ വില കുതിച്ചു കയറിയെന്നതാണ്. 2.7 ശതമാനത്തോളം ഉയര്‍ന്ന വില 60,000 ഡോളര്‍ കടക്കുകയും ചെയ്തു. വെടിവയ്പിന് തൊട്ടുപിന്നാലെ ഒരു മണിക്കൂറിനുള്ളില്‍ വിലയില്‍ 1,300 ഡോളറോളം വര്‍ധനയുണ്ടായി.
കയറ്റത്തിനു കാരണം ട്രംപ്
വധശ്രമവും ബിറ്റ്‌കോയിന്‍ വിലയും തമ്മിലുള്ള ബന്ധത്തിന് കാരണം ട്രംപിന്റെ നിലപാടുകളാണ്. കുടിയേറ്റ വിരുദ്ധത മുഖമുദ്രയാക്കിയ ട്രംപ് ക്രിപ്‌റ്റോകറന്‍സികളുടെ ശക്തനായ വക്താവാണ്. വധശ്രമം ഉണ്ടായതോടെ ട്രംപിന് അനുകൂലമായ സഹതാപ തരംഗം ആഞ്ഞടിക്കുമെന്നാണ് വിലയിരുത്തല്‍. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ ഈ വെടിവയ്‌പ്പോടെ ഉയരുകയും ചെയ്തു.
ട്രംപ് പ്രസിഡന്റായി തിരിച്ചെത്തിയാല്‍ ക്രിപ്‌റ്റോകറന്‍സിക്ക് അനുകൂലമായ നിലപാടുകളെടുക്കുമെന്നതാണ് വില ഉയരുന്നതിലേക്ക് നയിച്ചത്. ഡോജ്‌കോയിന്‍, എക്‌സ്ആര്‍പി, സൊലാന തുടങ്ങിയ ക്രിപ്‌റ്റോകറന്‍സികളുടെ വിലയും വെടിവയ്പ്പിനു ശേഷം ഉയര്‍ന്നിട്ടുണ്ട്. രണ്ടാം ടേമിലേക്ക് എത്തുമ്പോള്‍ ക്രിപ്‌റ്റോ മേഖലയ്ക്ക് അനുകൂലമായ കാര്യങ്ങള്‍ ട്രംപില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
ബിറ്റ്‌കോയിന്റെ വില ഈ വര്‍ഷം മാര്‍ച്ചില്‍ ആദ്യമായി 70,000 കടന്ന് ഒരു ഘട്ടത്തില്‍ 70,170.00 ഡോളറായി ഉയര്‍ന്നിരുന്നു. രണ്ട് വര്‍ഷത്തിനിടെ ഫെബ്രുവരി 13നാണ് ബിറ്റ്കോയിന്‍ വില ആദ്യമായി 50,000 ഡോളര്‍ കൈവരിച്ചത്. 2021 നവംബര്‍ 12നാണ് 68,789 എന്ന എക്കാലെത്തെയും ഉയര്‍ന്ന വിലയിലേക്ക് ബിറ്റ്കോയിന്‍ എത്തിയത്.
വെടിയുതിര്‍ത്ത തോമസ് ക്രൂക്‌സ് ആരാണ്?
ഡൊണാള്‍ഡ് ട്രംപിനു നേരെ വെടിയുതിര്‍ത്തത് തോമസ് മാത്യു ക്രൂക്‌സ് എന്ന 20കാരനാണ്. സുരക്ഷാ സൈനികര്‍ സംഭവസ്ഥലത്തു വച്ച് തന്നെ ക്രൂക്‌സിനെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ട്രംപ് പ്രസംഗിച്ച പീഠത്തിന് 140 മീറ്റര്‍ അകലെ നിന്നാണ് അക്രമി നിറയൊഴിച്ചത്. പെന്‍സില്‍വാനിയയിലെ ബെതേല്‍ പാര്‍ക്കില്‍ താമസമാക്കിയ വ്യക്തിയാണ് തോമസ്. നവംബര്‍ അഞ്ചിനു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കന്നിവോട്ട് ചെയ്യാമായിരുന്ന ഇയാള്‍ റിപ്പബ്ലിക്കന്‍ അനുഭാവിയാണ്.

Related Articles

Next Story

Videos

Share it